| Monday, 29th May 2017, 6:23 pm

കേരളം ഒറ്റക്കെട്ടായി എതിര്‍ത്തപ്പോള്‍ മോദി വഴങ്ങി; കശാപ്പ് നിരോധനത്തിന്റെ പട്ടികയില്‍ നിന്ന് പോത്തിനെ മാത്രം ഒഴിവാക്കാന്‍ ഒടുവില്‍ കേന്ദ്രതീരുമാനമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ ചുവട് മാറ്റി. ദിവസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ഒടുവില്‍ കന്നുകാലി കശാപ്പ് നിരോധിച്ചു കൊണ്ടുള്ള വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് ഭാഗികമായി തിരുത്താന്‍ കേന്ദ്രം തയ്യാറെടുക്കുന്നതായി സര്‍ക്കാറിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയ കന്നുകാലികളുടെ പട്ടികയില്‍ നിന്ന് പോത്തിനെ ഒഴിവാക്കി കൊണ്ടുള്ള ഭേദഗതിയാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. അതേസമയം പശു, കാള, ഒട്ടകം തുടങ്ങിയ ജീവികള്‍ പട്ടികയില്‍ തുടരും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കശാപ്പ് നിരോധിച്ച് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.


Also Read: ‘യു.പിയില്‍ പശുവിനെ അറുത്ത ചിത്രം കേരളത്തിലേതാക്കി’ സുരേന്ദ്രന്റെ വ്യാജപ്രചരണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ


വന്‍പ്രതിഷേധങ്ങള്‍ക്കാണ് ഉത്തരവ് വഴി തുറന്നത്. കേരളത്തില്‍ മാത്രമാണ് കേന്ദ്ര തീരുമാനത്തിനെതിരെ ഏറ്റവും വലിയ പ്രക്ഷോഭങ്ങളും ചര്‍ച്ചകളും നടന്നത്. അതിനാല്‍ തന്നെ കേരളം നടത്തിയ പ്രക്ഷോഭങ്ങളാണ് ഉത്തരവ് തിരുത്താന്‍ കേന്ദ്രത്തെ നിര്‍ബന്ധിതരാക്കിയത്. പട്ടികയില്‍ നിന്ന് പോത്തിനെ ഒഴിവാക്കുന്നതോടെ രാജ്യത്ത് ബീഫ് ലഭ്യത പഴയത് പോലെ തന്നെയാകും എന്നാണ് കരുതപ്പെടുന്നത്.

സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള കാര്യത്തിന്‍മേലുള്ള കേന്ദ്രത്തിന്റെ കടന്നു കയറ്റം ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ആയിരക്കണക്കിന് കര്‍ഷകര്‍ ദുരിതത്തിലാകുമെന്നും കോടിക്കണക്കിന് വരുന്ന സാധാരണ ജനങ്ങള്‍ക്ക് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നത് മാംസാഹാരത്തില്‍ നിന്നാണെന്നും പിണറായി മോദിയെ അറിയിച്ചിരുന്നു.


Don”t Miss: ഐ.ടി ജീവനക്കാര്‍ക്കുള്ള ‘കാര്‍ത്തുമ്പി’ കുടകള്‍ മന്ത്രി എ.കെ ബാലനില്‍ നിന്ന് ‘പ്രതിധ്വനി’ പ്രതിനിധികള്‍ ഏറ്റുവാങ്ങി


കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിലാകെ ബീഫ് ഫെസ്റ്റിവെലുകള്‍ നടത്തിയും കേന്ദ്രതീരുമാനത്തിനെതിരെ പ്രതിഷേധമുണ്ടായിരുന്നു. ഇതെല്ലാമാണ് പുതിയ തീരുമാനത്തിലേക്ക് കേന്ദ്രസര്‍ക്കാറിനെ തള്ളിവിട്ടത് എന്നാണറിയുന്നത്.

ഏറ്റവും കൂടുതല്‍ കന്നുകാലികളെ കടത്തുന്നത് അതിര്‍ത്തിയിലൂടെയാണെന്നും അതുകൊണ്ട് തന്നെ കശാപ്പിനായി ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകുന്നത് തടയാനാണ് ഇത്തരമൊരു വിജ്ഞാപനമെന്നുമാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം പറഞ്ഞിരുന്നത്.


Also Read: ‘ഒന്നിച്ചിരുന്ന് ഉണ്ണാന്‍ പോലും കഴിയാത്തവര്‍ ഏത് ഹിന്ദുവിന്റെ ഐക്യത്തെക്കുറിച്ചാണ് പറയുന്നത്?’; ഐക്യം ഉറപ്പിക്കാന്‍ പ്രതിഷേധ ഭോജനങ്ങള്‍ ഇനിയുമുണ്ടാകണം: എം.ബി രാജേഷ്


കന്നുകാലികളെ വാങ്ങുമ്പോള്‍ കശാപ്പിനല്ലെന്ന് വിപണകേന്ദ്രങ്ങളില്‍ ഉറപ്പുനല്‍കണം. പശു കാള പോത്ത് ഒട്ടകം എന്നിവയെ വാങ്ങുമ്പോള്‍ കശാപ്പിനല്ലെന്ന് വ്യക്തമാക്കുന്ന ഡോക്യുമെന്റുകള്‍ വിപണനകേന്ദ്രങ്ങളില്‍ ഒപ്പിട്ടു നല്‍കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ഇനി കര്‍ഷകര്‍ക്കിടയില്‍ മാത്രമേ കന്നുകാലി വില്‍പന അനുവദിക്കൂവെന്നും കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തോടെ പോത്ത് ഈ പട്ടികയില്‍ ഉണ്ടാകില്ല.

ജാതി-മത-രാഷ്ട്രീയ ഭേദമന്യേയാണ് കേന്ദ്ര തീരുമാനത്തിനെതിരെ കേരളത്തില്‍ പ്രതിഷേധം ഉയര്‍ന്നത്. ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും മാത്രമാണ് ഇതില്‍ നിന്നും വിട്ടു നിന്നത്.

കേന്ദ്ര ഉത്തരവിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പൊതുസ്ഥലത്ത് വെച്ച് കാളക്കുട്ടിയെ കശാപ്പ് ചെയ്ത യൂത്ത് കോണ്‍ഗ്രസിന്റെ നടപടി വിവാദമായിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസിന്‍രെ നടപടിയെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശിക്കുകയും പരിപാടിക്ക് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി അടക്കമുള്ളവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more