ഭോപ്പാല്‍: മധ്യപ്രദേശിലെ നയഗോണ്‍ പൊലീസ് സ്റ്റേഷനില്‍ വിചിത്രമായ പരാതിയുമായി കര്‍ഷകന്‍. തന്റെ എരുമയ്ക്കുനേരെ ആരോ മന്ത്രവാദം പ്രയോഗിച്ചെന്നും അതിനാല്‍ തന്നെ പാല്‍ കറക്കാന്‍ അനുവദിക്കുന്നില്ലെന്നുമാണ് കര്‍ഷകന്‍ പരാതിയില്‍ പറയുന്നത്.
മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ നിന്നുള്ള ബാബുലാല്‍ ജാതവ് എന്ന കര്‍ഷകനാണ് പൊലീസിന് മുന്നില്‍ വിചിത്രമായ പരാതിയുമായെത്തിയത്. എരുമ തന്നെ പാല്‍ കറക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രധാന പരാതി.
‘നയഗോണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി വന്നത് ബാബുലാല്‍ ജാതവ് എന്ന കര്‍ഷകനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി പാല്‍ കറക്കാന്‍ എരുമ വിസമ്മതിക്കുന്നെന്നും ആരോ മന്ത്രവാദം ചെയ്തതാവാന്‍ സാധ്യതയുണ്ടെന്നുമാണ് അദ്ദേഹം പാരാതിയില്‍ പറയുന്നത്,’ ഡി.എസ്.പി ആരവിന്ദ് ഷാ പി.ടി.ഐയോട് പറഞ്ഞു.
എന്നാല്‍, പരാതി നല്‍കി മണിക്കൂറുകള്‍ക്ക് ശേഷം ബാബുലാല്‍ വീണ്ടും എരുമയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയും പൊലീസിനോട് കറക്കാന്‍ സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് എരുമയെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഉപദേശിക്കുകയായിരുന്നു.
അതിന് ശേഷം, എരുമ തന്നെ പാല്‍ കറക്കാന്‍ അനുവദിച്ചെന്ന് പറഞ്ഞ് ബാബുലാലും ഗ്രാമവാസികളും പൊലീസുകാര്‍ക്ക് നന്ദിയര്‍പ്പിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തുകയും ചെയ്തിരുന്നു.