| Friday, 11th February 2022, 8:12 am

നിര്‍മലാ സീതാരാമന്റെ ബജറ്റ് പ്രസംഗത്തെ പരിഹസിച്ച ട്വീറ്റില്‍ സ്‌പെല്ലിംഗ് മിസ്റ്റേക്ക്; തരൂരിനെ ട്രോളി കേന്ദ്ര മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മല സീതാരമന്റെ ബജറ്റ് പ്രസംഗത്തെ പരിഹസിച്ച കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ട്വീറ്റിലെ സ്‌പെല്ലിംഗ് മിസ്റ്റേക്ക് ചൂണ്ടിക്കാട്ടി  കേന്ദ്ര മന്ത്രി.

കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പദപ്രയോഗങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുള്ള തരൂരിന്റെ ട്വീറ്റിലെ സ്‌പെല്ലിംഗ് മിസ്റ്റേക്ക് കേന്ദ്ര സഹമന്ത്രിയായ രാംദാസ് അത്താവാലെയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളിയത്.

നിര്‍മല സീതാരാമന്റെ ബജറ്റ് പ്രസംഗത്തോട് പ്രതികരിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റില്‍ ബജറ്റ്, റിപ്ലെ എന്നീ വാക്കുകളുടെ സ്‌പെല്ലിംഗ് തെറ്റിപോയിരുന്നു.

‘ബജറ്റ് ചര്‍ച്ചയ്ക്ക് ഏകദേശം രണ്ട് മണിക്കൂര്‍ മറുപടി. മന്ത്രി രാംദാസ് അത്താവാലെയുടെ മുഖത്തെ അമ്പരപ്പും അവിശ്വസനീയമായ ഭാവവും എല്ലാം പറയുന്നു: സമ്പദ്‌വ്യവസ്ഥയെയും ബജറ്റിനെയും കുറിച്ചുള്ള ഫിന്‍മിന്‍ നിര്‍മല സീതാരാമന്റെ അവകാശവാദങ്ങള്‍ ട്രഷറി ബെഞ്ചുകള്‍ക്ക് പോലും വിശ്വസിക്കാന്‍ കഴിയില്ല!,’ എന്നതായിരുന്നു തരൂരിന്റെ ട്വീറ്റ്.

ട്വീറ്റിലെ തെറ്റ് ചൂണ്ടിക്കാട്ടി അത്താവാലെ കുറിച്ചത് ഇങ്ങനെ, ‘പ്രിയപ്പെട്ട ശശി തരൂര്‍, അനാവശ്യവാദങ്ങള്‍ ഉയര്‍ത്തുമ്പോള്‍ തെറ്റു പറ്റുന്നത് സ്വഭാവികമാണ്. ബൈജെറ്റ് (bydget) അല്ല ബജറ്റ് (budget). അതുപോലെ റെലി (rely) അല്ല റിപ്ലെ (reply). സാരമില്ല, ഞങ്ങള്‍ക്ക് മനസിലാകും,’.

ഇതിനു മറുപടിയായി ട്വീറ്റ് ചെയ്യുന്ന എന്റെ തടിച്ച വിരലുകളെ കുറ്റപ്പെടുത്തിക്കോളൂ എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

അതേസമയം വ്യാഴാഴ്ച 2022-23 ലെ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ലോക്സഭയെ അഭിസംബോധന ചെയ്ത നിര്‍മ്മല സീതാരാമന്‍ 2008 ലെ യു.പി.എയെ സര്‍ക്കാരിനെക്കാള്‍ മികച്ച രീതിയിലാണ് തന്റെ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയെ കൈകാര്യം ചെയ്തതെന്ന് അവകാശപ്പെട്ടു.

അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് സമ്പദ്‌വ്യവസ്ഥകളേക്കാള്‍ വേഗത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ വീണ്ടെടുക്കാനാകുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Content Highlight: budget-not-bydget-union-minister-ramdas-athawale-trolls-shashi-tharoor-on-his-typo-on-twitter

We use cookies to give you the best possible experience. Learn more