തൊഴില്‍ വര്‍ധനക്ക് ബജറ്റില്‍ ഒന്നുമില്ല; പഴയ വീഞ്ഞ് പുതിയ കുപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും ആദിര്‍ രഞ്ജന്‍ ചൗധരി
Union Budget 2019
തൊഴില്‍ വര്‍ധനക്ക് ബജറ്റില്‍ ഒന്നുമില്ല; പഴയ വീഞ്ഞ് പുതിയ കുപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും ആദിര്‍ രഞ്ജന്‍ ചൗധരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th July 2019, 5:54 pm

ന്യൂദല്‍ഹി: രണ്ടാം എന്‍.ഡി.എ സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ പുതുതായി ഒന്നും പറയുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി.

പുതിയ ഇന്ത്യയെ കുറിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, പഴയ വീഞ്ഞ് പുതിയ കുപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും രഞ്ജന്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.

തൊഴില്‍ വര്‍ധനയ്ക്കായി ഒന്നുംതന്നെ ബജറ്റില്‍ ഇല്ലെന്നും പുതുതായി ഒന്നിനും തുടക്കം കുറിച്ചിട്ടില്ലെന്നും രഞ്ജന്‍ ചൗധരി ചൂണ്ടിക്കാട്ടി.

അതേസമയം, തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോല്‍സാഹനം നല്‍കുമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റവതരണത്തില്‍ പ്രഖ്യാപിച്ചിരുന്നു.

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കും. മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേണന്‍സ് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. ഈ സാമ്പത്തിക വര്‍ഷം തന്നെ 3 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക വളര്‍ച്ച നേടും. എല്ലാ മേഖലയിലും സ്പര്‍ശിക്കുന്ന ഡിജിറ്റല്‍ ഇന്ത്യയാണ് ലക്ഷ്യം. പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിദേശനിക്ഷേപം കൂട്ടും.

ഭവന വാടകസംവിധാനത്തില്‍ നിലവിലുള്ളത് ദുരിതാവസ്ഥയാണ്. ഇത് മറികടക്കാന്‍ മാതൃകാ വാടകനിയമം കൊണ്ടുവരും. മുഴുവന്‍ ആളുകള്‍ക്കും വീട് നല്‍കും. ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍ നടപ്പിലാക്കും തുടങ്ങിവയാണ് ആദ്യ മണിക്കൂറിലെ പ്രഖ്യാപനങ്ങള്‍.

സാമ്പത്തിക അച്ചടക്കമായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കരുത്തെന്ന് നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

കീഴ്വഴക്കങ്ങളെല്ലാം തെറ്റിച്ചാണ് കന്നി ബജറ്റ് അവതരണത്തിന് നിര്‍മലാ സീതാരാമന്‍ എത്തിയത്. പതിവുപോലെ കേന്ദ്ര ധനമന്ത്രിമാര്‍ കൈയില്‍ കരുതാറുള്ള ബ്രൗണ്‍ ബ്രീഫ്‌കേസ് ഒഴിവാക്കി, പകരം ചുവന്ന നാലുമടക്കുള്ള തുണിസഞ്ചിയില്‍ ബജറ്റ് നിര്‍ദേശങ്ങളുമായാണ് നിര്‍മലയെത്തിയത്.