തിരുവനന്തപുരം: സര്‍വമേഖലയിലും നികുതിവര്‍ധനവുമായി എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. നികുതി വര്‍ധിപ്പിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിരുന്നെങ്കിലും എല്ലാ മേഖലയിലുമുള്ള നികുതി വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനമാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനത്തില്‍ നടന്നത്.
1000 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും സെസ് വര്‍ധിക്കും. പെട്രോളിനും ഡീസറിലിനും വില കൂടും. ഡീസലിനും പെട്രോളിനും രണ്ട് രൂപ അധികമാണ് സെസ് ഏര്‍പ്പെടുത്തുക. പെട്രോളിന്റെ വില കൂടുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കൂടും. ജുഡീഷ്യല്‍, കോടതി ഫീസുകള്‍ കൂട്ടി. ഇലക്ട്രിക് ഒഴികെയുള്ള വാഹനങ്ങളുടെ വില കൂടുമെന്നും ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറയ്ക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ഫ്‌ളാറ്റ് അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് വില കൂടും.
പുതുതായി വാങ്ങുന്ന രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ നികുതി രണ്ട് ശതമാനം വര്‍ധിപ്പിക്കും. പുതുതായി വാങ്ങുന്ന കാറുകളുടെയും സ്വകാര്യ ആവശ്യത്തിനായി വാങ്ങുന്ന മറ്റ് വാഹനങ്ങളുടെയും നികുതിയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള കാറുകളുടെ നികുതിയില്‍ ഒരു ശതമാനവും അഞ്ച് ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ വിലയുള്ളവയുടെ നികുതിയില്‍ രണ്ട് ശതമാനവും 15 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ വിലയുള്ളവയ്ക്ക് ഒരു ശതമാനവും നികുതി വര്‍ധിക്കും.
ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി. വൈദ്യുതി തീരുവ അഞ്ച് ശതമാനം കൂട്ടി. ഫ്ളാറ്റുകള്‍ക്കും അപ്പാര്‍ട്ട്മെന്റുകള്‍ക്കും മുദ്രവില രണ്ട് ശതമാനം കൂട്ടി. കെട്ടിട നികുതി വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. കെട്ടിട നികുതിക്കൊപ്പം അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവയും പരിഷ്‌കരിക്കും. വിലവര്‍ധനവിനെതിരെ പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചിരുന്നു. ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റാണിതെന്നാണ് പ്രതിപക്ഷം പറഞ്ഞത്.
Content Highlight: Budget announcement of LDF government with increase in taxes in all sectors