| Monday, 1st February 2021, 11:53 am

'തെരഞ്ഞെടുപ്പുണ്ട്'; തമിഴ് നാടിനും കേരളത്തിനും പശ്ചിമ ബംഗാളിനും വേണ്ടി പ്രഖ്യാപനങ്ങള്‍; കൊച്ചി മെട്രോയ്ക്കും സഹായം; കൈയടിച്ച് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റവതരണം തുടങ്ങി. ബജറ്റ് അവതരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികളും നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.

മാര്‍ച്ച് 2022 ഓടെ പതിനൊന്നായിരം കിലോമീറ്റര്‍ ദേശീയപാത വികസനം നടപ്പിലാക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. 3500 കിലോമീറ്റര്‍ ദേശീയപാത വികസനം 3 ലക്ഷം കോടി ചെലവഴിച്ച് തമിഴ്‌നാട്ടില്‍ നടത്തുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം തന്നെ തുടങ്ങുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. 1100 കിലോമീറ്റര്‍ ദേശീയപാതാ വികസനം 65000 കോടി ചെലവഴിച്ച് കേരളത്തില്‍ നടപ്പാക്കും. ഇതില്‍ 600 കിലോമീറ്റര്‍ മുംബൈ കന്യാകുമാരി കോറിഡോറിന് പ്രധാന്യം നല്‍കിയാണ് ചെയ്യുക.

675 കിലോമീറ്റര്‍ ദേശീയപാത വികസനം പശ്ചിമ ബംഗാളില്‍ 25000 കോടി ചെലവഴിച്ച് നടത്തുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ചരിത്രത്തിലാദ്യമായി രാജ്യത്ത് പേപ്പര്‍ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്. ഇതിനായി ടാബുമായാണ് നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ എത്തിയത്.

എം.പിമാര്‍ക്ക് ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് നല്‍കിയിരിക്കുന്നത്. കൊച്ചി മെട്രോയ്ക്കും ബജറ്റില്‍ തുക അനുവദിച്ചു. 11.5 കിലോമീറ്റര്‍ കൂടി മെട്രോ നീട്ടുമെന്നാണ് പ്രഖ്യാപനം. പശ്ചിമ ബംഗാളിലെ പ്രഖ്യാപനം വന്നപ്പോള്‍ ബി.ജെ.പി എം.പിമാര്‍ കയ്യടിച്ചാണ് സ്വാഗതം ചെയ്തത്.

ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ തുക ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. 64180 കോടിയുടെ പാക്കേജാണ് ആരോഗ്യമേഖലയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ കാലത്തെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ രാജ്യത്തെ പിടിച്ചുനിര്‍ത്തിയെന്നും പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് സഹായമായെന്നും നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ അഭിപ്രായപ്പെട്ടു.

കൊവിഡ് വാക്സിന്‍ വിതരണം രാജ്യത്തിന്റെ നേട്ടമായും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.അതേസമയം ബജറ്റ് അവതണം തുടങ്ങുന്നതിന് മുന്‍പായി പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധം നടത്തി. കര്‍ഷകസമരത്തെ ചൊല്ലിയായിരുന്നു പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Budget 2021; Nirmala Sitharaman announces new projects for Kerala, Tamil Nadu and West Bengal

We use cookies to give you the best possible experience. Learn more