| Thursday, 28th February 2013, 11:55 am

പൊതു ബജറ്റ്: ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍തുക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തിന്റെ 82ാമത് ബജറ്റ് ധനമന്ത്രി പി.ചിദംബരം ലോക്‌സഭയില്‍ അവതരിപ്പിച്ചു.  ധനമന്ത്രി പി. ചിദംബരം അവതരിപ്പിക്കുന്ന എട്ടാമത് ബജറ്റാണിത്.[]

യു.പി.എ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പത്തെ അവസാന സമ്പൂര്‍ണ ബജറ്റാണിത്. നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയ ശേഷമാണ് തെരഞ്ഞെടുപ്പു നടക്കുന്നതെങ്കില്‍ക്കൂടി, പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതു വരെയുള്ള കാലത്തേക്ക് വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമാണ് അടുത്ത ഫെബ്രുവരിയില്‍ അവതരിപ്പിക്കുക.

അതുകൊണ്ട് ജനപ്രിയ നടപടികളുടെ ഏറ്റവും യോജിച്ച സന്ദര്‍ഭമെന്ന നിലയിലാണ് സാമ്പത്തിക വിദഗ്ധര്‍ ഈ ബജറ്റിനെ കാണുന്നത്. ആഗോള സാമ്പത്തികമാന്ദ്യം വളര്‍ച്ചാനിരക്കിനെ ബാധിച്ചുവെന്ന് ബജറ്റ് വ്യക്തമാക്കുന്നു.

എല്ലാവര്‍ക്കും വിദ്യാഭ്യാസം, എല്ലാവര്‍ക്കും ജോലി എന്ന ലക്ഷ്യവുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്ന് കേന്ദ്രബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി പി. ചിദംബരം പറഞ്ഞു. 4200 കോടിയില്‍ പരം രൂപ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി നീക്കിവച്ചതായി അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

എല്ലാവരിലേക്കും വികസനം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ ചിദംബരം വ്യക്തമാക്കി. ഇന്ത്യയേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്കുള്ളത് ചൈനക്കും ഇന്തോനേഷ്യക്കും മാത്രമാണെന്നും 8 ശതമാനം സാമ്പത്തികവളര്‍ച്ചയാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും  ചിദംബരം പറഞ്ഞു.

രാജ്യത്ത് വിദേശനിക്ഷേപം പ്രോല്‍സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമാന്ദ്യം കയറ്റുമതിയെ ബാധിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ച കൈവരിച്ചത്. വെല്ലുവിളികള്‍ അതിജീവിച്ച് ഇനിയും മുന്നോട്ടു പോകും. വികസനം എല്ലാവരിലും എത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്.

പണപ്പെരുപ്പം നേരിടാന്‍ ബഹുമുഖ പരിപാടികള്‍ വേണം. ധനക്കമ്മി കൂടുന്ന അവസരത്തില്‍ സാമ്പത്തിക അച്ചടക്കം വേണം.അടുത്തവര്‍ഷം ഇന്ത്യയേക്കാള്‍ വളര്‍ച്ച ചൈനയ്ക്ക് മാത്രമാകുമെന്നും ചിദംബരം പറഞ്ഞു.

ജോലി അവസരം ഉണ്ടാക്കുന്നതിന് ഊന്നല്‍ നല്‍കുന്ന ബജറ്റാണ് ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു. 65867 കോടി രൂപയാണ് മാനവശേഷി വികസനത്തിനായി നീക്കിവച്ചിട്ടുള്ളത്.

കേരകര്‍ഷകര്‍ക്ക് 75 കോടി രൂപ, ആയുര്‍വേദ, യുനാനി, ഹോമിയോപ്പതി വിഭാഗങ്ങള്‍ക്ക് 1069 കോടി,വനിതാക്ഷേമത്തിന് 200 കോടി, 14,000 പുതിയ ജന്റം ബസ്സുകള്‍, വയോജനകേന്ദ്രങ്ങള്‍ക്ക് 160 കോടി,

വിദ്യാഭ്യാസമേഖലക്ക് 65,000 കോടി, ന്യൂനപക്ഷ ക്ഷേമത്തിന് 3511 കോടി, മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 4200 കോടിഉച്ചഭക്ഷണ പരിപാടിക്ക് 13,000 കോടിപട്ടികജാതിവര്‍ഗ വിഭാഗ വികസനത്തിന് 41,564 കോടി എന്നിങ്ങനെയാണ് വിവിധ മേഖലകളിലേക്കുള്ള വകയിരുത്തല്‍

സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കും പത്യേക പരിഗണന, ആദിവാസിക്ഷേമത്തിന് 25,498 കോടി, ആരോഗ്യമന്ത്രാലയത്തിന് 37,330 കോടി, സര്‍വ്വശിക്ഷാഅഭയാന് 27,000 കോടി, വനിതശിശുക്ഷേമ മന്ത്രാലയത്തിന് 200 കോടി, യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം എന്നിവയും പ്രഖ്യാപനങ്ങളില്‍പെടുന്നു.

പട്ടികജാതി-വര്‍ഗ വിഭാഗത്തിന് കേന്ദ്രബജറ്റില്‍ 65,000 കോടി രൂപ അനുവദിച്ചു. 41,566 കോടി രൂപ പട്ടികജാതി വിഭാഗത്തിന് അനുവദിക്കും, പട്ടികവര്‍ഗ വിഭാഗത്തിന് 24,000 കോടി രൂപയും വകയിരുത്തിട്ടുണ്ടെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പി. ചിദംബരം പറഞ്ഞു.

ഭക്ഷ്യവിലക്കയറ്റമാണ് ഏറ്റവും വലിയ വെല്ലുവിളി. ഉല്‍പാദനം കൂട്ടി വിലപ്പെരുപ്പം കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ വികസന പദ്ധതികള്‍ക്ക് 12% അധിക തുക അനുവദിച്ചു. സ്വപ്ന പദ്ധതികള്‍ക്കെല്ലാം ആവശ്യത്തിനു തുക അനുവദിക്കും. വികലാംഗ ക്ഷേമത്തിന് 110 കോടി രൂപ അനുവദിച്ചു. ദേശീയ ആരോഗ്യമിഷന് 21230 കോടി രൂപയും അനുവദിച്ചു.

25 ലക്ഷം രൂപ വരെ ഭവനവായ്പ എടുത്തവര്‍ക്ക് ഒരു ലക്ഷം രൂപയുടെ നികുതിയിളവ് നല്‍കും. എന്നാല്‍ ആദ്യഭവനത്തിന് മാത്രമാണ് പലിശയിളവ് നല്‍കുക. ഗ്രാമീണ ഭവനപദ്ധതികള്‍ക്ക് 6,000 കോടിയും നഗരത്തിലെ ഭവന പദ്ധകികള്‍ക്ക് 2000 കോടിയും അനുവദിച്ചു

നികുതിയിളവിനുള്ള പരിധി ഒന്നര ലക്ഷത്തില്‍ നിന്ന് രണ്ടരലക്ഷമാക്കി ഉയര്‍ത്തി, കാര്‍ഷിക ഗവേഷണത്തിന് 3415 കോടി, റോഡുനിര്‍മാണത്തിന് റെഗുലേറ്ററി അതോറിറ്റി, കസ്റ്റംസ് തീരുവ ഒഴിവാക്കി,

ഭക്ഷ്യസുരക്ഷക്കായി 10,000 കോടി രൂപ അനുവദിച്ചു, നീപ്ഡത്തട പദ്ധതിക്ക് 53.84 കോടി, ഗ്രാമവികസന മന്ത്രാലയത്തിന് 80,000 കോടി, കാര്‍ഷികമേഖലക്ക് 27,049 കോടി രൂപയും വകയിരുത്തി.
കൊച്ചി മെട്രോയ്ക്ക്  130 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ദിവസം അവതരിപ്പിച്ച റെയില്‍ബജറ്റില്‍ കൊച്ചി മെട്രോയെ തഴഞ്ഞതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇതിനിടയിലാണ് ആശ്വാസമായി ചിദംബരം പദ്ധതിക്ക് പരിഗണന നല്‍കിയത്. മെട്രോ നിര്‍മാണത്തിനുള്ള അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ കൊച്ചിയില്‍ പുരോഗമിക്കവേയാണ് തുക വകയിരുത്തിയിരിക്കുന്നത്.

വിദേശത്തുനിന്നും സ്വര്‍ണം കൊണ്ടുവരുന്നതിനുളള പരിധി കൂട്ടി. ഇനിമുതല്‍ പുരുഷന്‍മാര്‍ക്ക് 50,000 രൂപയുടെയും വനിതകള്‍ക്ക് ഒരു ലക്ഷം രൂപ വരെയും വില വരുന്ന ആഭരണങ്ങള്‍ കൊണ്ടുവരാം. നിലവില്‍ 25,000 രൂപയുടെ ആഭരണങ്ങളാണ് കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നത്.

മലയാളികളടക്കം പ്രവാസി ഇന്ത്യക്കാരുടെ ശക്തമായ ആവശ്യമായിരുന്നു വിദേശത്ത് നിന്നു സൗജന്യമായി കൊണ്ടുവരുന്ന സ്വര്‍ണാഭരണങ്ങളുടെ പരിധി കൂട്ടണമെന്നത്. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിച്ച് ധനമന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.

തെരഞ്ഞെടുക്കപ്പെട്ട സര്‍വ്വകലാശാലകളില്‍ ടെക്‌നോളജി ഇന്‍ക്യൂബേറ്ററുകള്‍, പശ്ചിമബംഗാളിലും ആന്ധ്രപ്രദേശിലും പുതിയ തുറമുഖങ്ങള്‍,

മഹാരാഷ്ട്രയിലും ഗുജറാത്തിലും വ്യാവസായിക നഗരം സ്ഥാപിക്കും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ റോഡുമാര്‍ഗം മ്യാന്‍മറുമായി ബന്ധിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ആദ്യത്തെ വനിതാ ബാങ്ക് അടുത്ത സാമ്പത്തികവര്‍ഷത്തില്‍ ആരംഭിക്കുമെന്ന് ചിദംബരം ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. വനിതാക്ഷേമത്തിനു വേണ്ടിയാണ് വനിതകള്‍ക്കു മാത്രമായി ബാങ്ക് തുടങ്ങുന്നത്. 1000 കോടി പ്രാരംഭ മൂലധനവുമായി തുടങ്ങുന്ന ഈ ബാങ്കിന്റെ ഉദ്ഘാടനവേളയില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ പങ്കെടുക്കണമെന്നും ചിദംബരം പറഞ്ഞു.

റോഡുകളുടെ നിര്‍മാണമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യവികസന മേഖലയ്ക്ക് ബജറ്റില്‍ മുന്തിയ പരിഗണന. റോഡുകളുടെ നിര്‍മാണത്തില്‍ പല സ്ഥലങ്ങളിലുമുണ്ടായിട്ടുള്ള തടസ്സങ്ങള്‍ നീക്കാന്‍ മുന്‍ഗണന വേണമെന്നും പറയുന്നു.

ഈ മേഖലയ്ക്ക് കൂടുതല്‍ പണം കണ്ടെത്തുന്നതിന് സ്വകാര്യ മേഖലയുടെ സഹായം തേടും. അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്തുന്നതിന് 50000 കോടി രൂപയുടെ ടാക്‌സ് ഫ്രീ ബോണ്ടുകള്‍ ഇറക്കാന്‍ തിരഞ്ഞെടുത്ത കമ്പനികളെ അനുവദിക്കും. ഇന്ത്യ ഇന്റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പറേഷനും ബോണ്ട് മാര്‍ക്കറ്റില്‍ സജീവമാകും.

800 സിസിയില്‍ കൂടുതലുള്ള ആഡംബര ബൈക്കുകള്‍ക്ക് ഇറക്കുമതി തീരുവ 70 ശതമാനമാക്കി, ആഡംബരകാറുകളുടെ ഇറക്കുമതി തീരുവ 75ശതമാനത്തില്‍ നിന്ന് 100 ശതമാനമാക്കി

കസ്റ്റംസ്, എക്‌സൈസ് നികുതിനിരക്കില്‍ മാറ്റമില്ല, ദേശീയ ശിശുക്ഷേമ ഫണ്ടിലേക്കുള്ള സംഭാവനകള്‍ക്ക് 100 ശതമാനം നികുതിയിളവ്

ഒരു കോടി രൂപയിലേറെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഒരു വര്‍ഷത്തേക്ക് 10 ശതമാനം സര്‍ചാര്‍ജ്ജ്, സ്ത്രീസുരക്ഷക്ക് “നിര്‍ഭയ”ഫണ്ട്
മാലിന്യനിര്‍മാര്‍ജ്ജനത്തിന് പ്രത്യേക പദ്ധതി, കാര്‍ഷികവായ്പകള്‍ക്ക് ഏഴു ലക്ഷം കോടി, തൊഴിലുറപ്പ് പദ്ധതിക്ക് 33,000 കോടി അനുവദിക്കും.

അടിസ്ഥാനസൗകര്യവികസനത്തിന് 55 ലക്ഷം കോടി, പതിനായിരത്തിന് മേല്‍ ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും എല്‍.ഐ.സി ഓഫീസ്,

എല്ലാ പൊതുമേഖലാ ബാങ്ക് ശാഖകളിലും എ.ടി.എം സൗകര്യം, കുടിവെള്ളം, പൊതുശുചിത്വ പദ്ധതികള്‍ക്ക് 100 ജില്ലകള്‍ക്കായി 15260 കോടി
ഖാദി, ഗ്രാമവികസനം, കയര്‍ മേഖലകള്‍ക്ക് 850 കോടി, കേന്ദ്ര ആണവോര്‍ജ്ജ വകുപ്പിന് 5880 കോടി, 294 നഗരങ്ങളില്‍ കൂടി സ്വകാര്യ എഫ്.എം സ്‌റ്റേഷന്‍ എന്നിവയും പ്രധാന പ്രഖ്യാപനങ്ങളില്‍ പെടുന്നു.

ആഡംബരകാറുകളുടെ ഇറക്കുമതി തീരുവ 75ശതമാനത്തില്‍ നിന്ന് 100 ശതമാനമാക്കി,  2000 രൂപയ്ക്ക് മുകളിലുള്ള മൊബൈല്‍ ഫോണുകള്‍ക്ക് വില കൂടും. എ.സി റെസ്‌റ്റോറന്റിലെ ഭക്ഷണത്തിന് വില കൂടും, പുകയില ഉത്പ്പന്നങ്ങള്‍ക്ക് വില കൂടുമെന്നും ബജറ്റില്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more