[]മ്യാന്‍മര്‍: മ്യാന്‍മറില്‍ മുസ്‌ലീങ്ങള്‍ക്ക് നേരെ വീണ്ടും ബുദ്ധ ആക്രമണം. വടക്കുപടിഞ്ഞാറന്‍ മ്യാന്‍മാറില്‍ ബുദ്ധ തീവ്രവാദികള്‍ മുസ്‌ലിം വീടുകള്‍ക്ക് തീവെച്ചു. []
നഗരത്തിലെ പോലീസ് സ്‌റ്റേഷന്‍ വളഞ്ഞതിന് ശേഷമായിരുന്നു അക്രമികളുടെ ആക്രമണം. ബുദ്ധ തീവ്രവാദികളുടെ ആക്രമണം പൂര്‍ണമായി അവസാനിക്കുകയും 35 ഓളം വീടുകളും കടകളും തകര്‍ക്കുകയും ചെയ്തതിന് ശേഷമാണ് സംഭവസ്ഥലത്തേക്ക് പോലീസ് എത്തിയത്.
രണ്ട് മാസം മുന്‍പ് മധ്യ മ്യാന്‍മറിലെ മെയ്ക്തില നഗരത്തിലുണ്ടായ ആക്രമണത്തിന് സമാനമായ സംഭവമാണ് ഇന്നലെയുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ബുദ്ധ മത വിശ്വാസിയായ പെണ്‍കുട്ടിയെ മുസ്ലിം യുവാവ് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം.
ഈ സംഭവത്തിലെ പ്രതിയെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ തങ്ങള്‍ക്ക് വിട്ടുതരണമെന്ന ആവശ്യവുമായി ബുദ്ധമതക്കാര്‍ പോലീസ് സ്‌റ്റേഷന്‍ വളഞ്ഞു. എന്നാല്‍ പോലീസ് ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതില്‍ കുപിതരായ ഇവര്‍ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു.
എന്നാല്‍ ഇങ്ങനെയൊരു പീഡനസംഭവം അരങ്ങേറിയതായി ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
ഇന്നലെയുണ്ടായ ആക്രമണം ആസൂത്രിതമായി ഉണ്ടായതാണെന്നും പോലീസുകാര്‍ക്കോ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ സംഭവസ്ഥലത്തേക്ക് എത്തിപ്പെടാന്‍ പോലും കഴിഞ്ഞില്ലെന്നും പോലീസ് മേധാവികള്‍ അറിയിച്ചു.
എന്നാല്‍ ആക്രമണം തടയുന്നതില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ബുദ്ധ ആക്രമണത്തെ കുറിച്ച് യു എന്‍ സംഘം മ്യാന്‍മറില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് പുതിയ ആക്രമണം എന്നതും ശ്രദ്ധേയമാണ്