തിരുവനന്തപുരം: പശ്ചിമബംഗാൾ മുൻ മുഖ്യ മന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മരണത്തിൽ അനുശോചനം അറിയിച്ച് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തുടര്‍ച്ചയായി 11 വര്‍ഷം ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം ശ്വാസ തടസത്തെ തുടര്‍ന്ന് ജൂലൈ 29 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബംഗാളിലെ വീട്ടിൽ ഇന്ന് രാവിലെയോടെയാണ് അന്ത്യം.
സി.പി.ഐ.എമ്മിന്റെ പി.വി അംഗമെന്ന നിലയിലും ബംഗാളിന്റെ മുഖ്യമന്ത്രി എന്ന നിലയിലും സാമൂഹിക സാംസ്കാരിക മേഖലയിൽ നിറഞ്ഞ് നിൽക്കുന്ന ക്രാന്തദർശിയെന്ന നിലയിലും ബുദ്ധദേവ് ഭട്ടാചാര്യയെ ജനങ്ങൾ എന്നും ഓർമ്മിക്കും എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങൾ വളരെയധികം മനസ്സിലാക്കിയിട്ടുള്ള വ്യക്തിത്വമാണ് ഭട്ടാചാര്യക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.വൈ.എഫ്.ഐ രൂപീകരണ ഘട്ടം മുതൽ തങ്ങൾക്ക് അദ്ദേഹത്തെ അറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിനെ ഒരു പുതിയ നാടാക്കി രൂപപ്പെടുത്തുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കൃത്യമായ ധാരണയോട് കൂടി ദിശാബോധത്തോടെ ജനങ്ങളെയും പാർട്ടിയെയും നയിക്കുന്നതിൽ അദ്ദേഹം പ്രധാനപ്പെട്ട പങ്കു വഹിച്ചിരുന്നെന്നും ദിശാബോധമുള്ള ഒരു വിപ്ലവകാരിയെയാണ് നമുക്ക് നഷ്ടമായതെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
‘ബംഗാളിലെ പാർട്ടിക്ക് മാത്രമല്ല ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള സി.പി.ഐ.എമ്മിനും ഇടതുപക്ഷ ജനാധിപത്യ ശക്തികൾക്കുമെല്ലാം തീർത്താൽ തീരാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായത്,’ എം.വി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിലെ പാർട്ടി ഇന്നും നാളെയും പൊതുപരിപാടികൽ മാറ്റി വെച്ച് അനുശോചന യോഗങ്ങൾ ചേർന്ന് സഖാവിന് ആദരാഞ്ജലികൾ അർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2000 മുതൽ 2011 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അനാരോഗ്യം മൂലം 2018ൽ പാർട്ടിച്ചുമതലകൾ രാജിവച്ചിരുന്നു. 2019 ഫെബ്രുവരിക്കു ശേഷം അദ്ദേഹം പൊതുപരിപാടികളിലും പങ്കെടുത്തിരുന്നില്ല.
Content Highlight: Buddhadev Bhattacharya Leader Who Shaped Bengal into a New Nation: C.P.I.M. State Secretary MV Govindan