| Wednesday, 26th January 2022, 8:08 pm

ഒരു പത്മഭൂഷണ്‍ എടുക്കട്ടെ? വോ വേണ്ടാ! | Trollodu Troll

അനുഷ ആന്‍ഡ്രൂസ്

വെച്ച് നീട്ടിയ ഭൂഷണ്‍ വേണ്ടെന്നു വെച്ച്, എടുത്തോണ്ട് പോടോ എന്ന് പറയാന്‍ പറ്റുവോ സക്കീര്‍ ഭായിക്ക്.. എന്നാ ആ പറഞ്ഞ ഭൂഷണ്‍ വേണ്ടെന്നുവെച്ച, ബുദ്ധദേബ് ഭട്ടാചാര്യയാണ് ഇന്നത്തെ താരം. രാജ്യത്തെ പരമോന്നത പദവികളില്‍ ഒന്നായ പത്മ അവാര്‍ഡ് നിരസിക്കുന്നത് വഴി ഫാസിസ്റ്റ് ഭരണകൂടത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ നേതാവുമായ സഖാവ് ബുദ്ധദേബ് ഭട്ടാചാര്യ. സ്റ്റേറ്റില്‍ നിന്നുള്ള ഇത്തരം പുരസ്‌കാരങ്ങള്‍ നിരസിക്കുന്നത് സി.പി.ഐ.എമ്മിന്റെ നയമാണ്. ഇതിനു മുന്‍പും സി.പി.ഐ.എം പുരസ്‌കാരങ്ങള്‍ നിരസിച്ചിട്ടുണ്ട്. എന്തായാലും ഇനിയങ്ങാനും പുള്ളി അവാര്‍ഡ് വാങ്ങിയാലോ എന്ന് കരുതി പുരസ്‌കാരം കൊടുത്ത് സ്‌നേഹിക്കാന്‍ പോയവര്‍ ചമ്മി.

കോണ്‍ഗ്രസ് നേതാവും ജമ്മു കശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദ് ആണെങ്കില്‍ അവാര്‍ഡ് ഉണ്ട് എന്ന് കേട്ട പാതി കേള്‍ക്കാത്ത പാതി ഓടി ചാടി അഭിനന്ദച്ചവരോടൊക്കെ പോയി നന്ദി പറഞ്ഞു. ‘ശൊ എടോ മനുഷ്യാ നിങ്ങള്‍ക്കും കൂടെ ആ പുരസ്‌കാരം അങ്ങ് വേണ്ടെന്ന് വെക്കാന്‍ പാടില്ലായിരുന്നോ’ എന്ന് പുള്ളീടെ തന്നെ പാര്‍ട്ടിയിലെ ആളുകള്‍ ചോദിക്കുന്നുണ്ട. പക്ഷെ പുള്ളി ഇതൊന്നും അറിയുന്നതേ ഇല്ല.

ബുദ്ധദേബ് ഭട്ടാചാര്യയെ പോലെ 1992ല്‍ പത്മ അവാര്‍ഡ് നിരസിച്ച ആളായിരുന്നു ഇ.എം.എസ്. വി.പി. നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്ന കാലത്തായിരുന്നു പുരസ്‌കാരം നിരസിച്ചത്. അതുപോലെ തന്നെ സാഹിത്യകാരനായ സുകുമാര്‍ അഴീക്കോട്, പുരസ്‌കാരങ്ങള്‍ ഭരണഘടനാ വിരുദ്ധം ആണെന്നും അത് ജനങ്ങളില്‍ വിഭാഗീയത ഉണ്ടാക്കും എന്ന കാരണം പറഞ്ഞുകൊണ്ടായിരുന്നു 2007ല്‍ പത്മശ്രീ നിരസിച്ചത്. ‘ശൊ! ഈ പുരസ്‌കാരങ്ങളൊക്കെ എന്തിനാണ് വേണ്ടാ എന്ന് വെക്കുന്നത്. അതൊക്കെ തെറ്റല്ലേ ..എന്നാണ് കേരളത്തിലെ ബി.ജെ.പിയുടെ ആശാകേന്ദ്രമായ ശ്രീ സുരേന്ദ്രേട്ടന്‍ ചോദിക്കുന്നത്.

ബി.ജെ.പി എന്താണ് ഉദ്ദേശിക്കുന്നത് എന്ന കാര്യം വ്യക്തമാണ്. രാഷ്ട്രീയ നേതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നതിലൂടെ പ്രതിപക്ഷം കേന്ദ്രസര്‍ക്കാര്‍ വെച്ച് നീട്ടുന്ന സമ്മാനങ്ങള്‍ അംഗീകരിക്കുന്നുണ്ട് എന്ന് കാണിക്കാനും, അതിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ രാജ്യത്ത് ബി.ജെ.പിക്കെതിരെ നിലനില്‍ക്കുന്ന ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങളെ റദ്ദ് ചെയ്യാനുമായിരുന്നു ഉദ്ദേശം. പക്ഷെ ഒത്തില്ല.

ഈ ഞാനില്ലേ.. ഇത് ഞാന്‍ അല്ല, എന്ന് പറയുന്ന പോലെ ഈ പുരസ്‌കാരങ്ങളൊക്കെ സര്‍ക്കാരിന്റെ അല്ല രാജ്യത്തിന്റെ ആണ് എന്ന് പറഞ്ഞ് ബുദ്ധദേബില്‍ കുറ്റബോധം ഉണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുണ്ട്.

ആരൊക്കെയാണ് പുരസ്‌കാരം വാങ്ങുന്നവരില്‍ ഉള്ളത് എന്ന് പരിശോധിച്ചാല്‍ പെട്ടന്നാരും ശ്രദ്ധിക്കാതെ പോകുന്ന രണ്ട് പേരെ ഈ കൂട്ടത്തില്‍ കാണാന്‍ പറ്റും. കല്ല്യാണ്‍ സിംഗും, രാധേശ്യാം ഖേംകയും. ഇവര്‍ക്ക് രണ്ടു പേര്‍ക്കും പതമഭൂഷണല്ല, ഒരു പടി മുകളില്‍ റാങ്കുള്ള പത്മവിഭൂഷണാണ് നല്‍കിയിരിക്കുന്നത്.

ഇനി പത്മ അവാര്‍ഡുകളിലെ ബി.ജെ.പിയുടെ സ്വാധീനത്തെകുറിച്ച് പറയാം. ആരാ ഈ കല്ല്യാണ്‍ സിംഗ്? 1990ലെ അദ്വാനിയുടെ ക്രൂരമായ രാഷ്ട്രീയ പരീക്ഷണം ആയിരുന്ന രഥയാത്രയുടെ ഇഫക്ടിന്റെ പുറത്ത് 1991ല്‍ നടന്ന ജനറല്‍ ഇലക്ഷനില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ ബി.ജെ.പി നേതാവാണ് കല്ല്യാണ്‍ സിംഗ്. 1990ല്‍ നടത്തിയ രഥയാത്ര പോരാഞ്ഞിട്ട്, ഇലക്ഷന്‍ വിജയിച്ച സന്തോഷത്തില്‍ 1991ല്‍ അയോധ്യ ആക്ഷന്‍ കമ്മിറ്റിയുടേയും, കല്ല്യാണ്‍ സിംഗിന്റേയും സമ്മതത്തോടെ എല്‍.കെ. അദ്വാനി അയോധ്യ ലക്ഷ്യം വെച്ച് ഒരു യാത്ര കൂടെ പോയി. ആ പോയ പോക്കിലാണ് ബാബരി മസ്ജിദിന്റെ കാര്യത്തില്‍ അവര്‍ തീരുമാനം ഉണ്ടാക്കിയത്..

അയോധ്യ തര്‍ക്കം നിലനിന്നിരുന്ന സമയത്ത് പള്ളിയെ കുറിച്ച് തീരുമാനമെടുക്കാന്‍ സുപ്രീംകോടതിയെ അനുവദിക്കണമെന്ന് നരസിംഹറാവു പറഞ്ഞപ്പോള്‍, അത് പറ്റില്ല എന്നും പള്ളിയെകുറിച്ച് തീരുമാനം എടുക്കേണ്ടത് ഹിന്ദുക്കളാണ് എന്നുമായിരുന്നു കല്ല്യാണ്‍ സിംഗ് പറഞ്ഞത്. എങ്കിലേ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുവത്രേ. അങ്ങനെ കല്ല്യാണ്‍ സിംഗിന്റെ അറിവോടെ പ്രശ്‌നം പരിഹരിച്ച ദിവസമാണ് നമ്മള്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസമായി ആചരിക്കുന്നത്. അതുകൊണ്ട് കല്ല്യാണ്‍ സിംഗിനോടുളള ബി.ജെ.പിയുടെ നന്ദിയാണ് ഈ പുരസ്‌കാരം എന്ന് ഞാന്‍ പറഞ്ഞാല്‍, അതില്‍ സര്‍ക്കാരിന് ബന്ധമില്ല എന്ന് തിരിച്ചു പറയാനുള്ള എല്ലാ അവകാശവും ബി.ജെ.പിക്കുണ്ട്.

ഇനി പത്മവിഭൂഷണ്‍ കൊടുത്ത് സ്‌നേഹിച്ച രണ്ടാമത്തെ ആള്‍, രാധേശ്യാം ഖേംക! അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല ‘ഗീതാ പ്രസ്’ ഗോരഖ്പൂരിന്റെ മുന്‍ പ്രസിഡന്റ് രാധേശ്യാം ഖേംക എന്ന് തന്നെ പറയണം. സാഹിത്യ-വിദ്യാഭ്യാസ മേഖലയില്‍ മരണാനന്തര ബഹുമതിയായാണ് ഈ പുരസ്‌കാരം ഖേംകയ്ക്ക് നല്‍കുന്നത്. പാവം ഒരു പബ്ലിഷറിനെകുറിച്ച് എന്തിനാണ് ഇങ്ങനൊക്കെ പറയുന്നത് എന്ന് നിങ്ങള്‍ക്ക് തോന്നാം. പക്ഷെ ഒരു ട്വിസ്റ്റ് ഉണ്ട്. രാജ്യത്ത് സംഘപരിവാറിന്റേയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ പങ്കുവഹിച്ച ഒന്നാണ് ഗീത പ്രസ്സ്.

Gita Press, gorakhpur

1926ലാണ് ഗീത പ്രസ്സ് ആരഭിക്കുന്നത്. ആരംഭിച്ചതുമുതല്‍, ഭഗവദ്ഗീതയുടെ 410 മില്ല്യണ്‍ കോപ്പികളും. രാമചരിതമാനസിന്റെ ഏകദേശം 70 മില്ല്യണ്‍ കോപ്പികളും. ‘ആദര്‍ശ ഹിന്ദു’ സ്ത്രീയെയും കുട്ടികളെയും കുറിച്ചുള്ള മോണോഗ്രാഫുകളുടെ 94.8 മില്ല്യണ്‍ കോപ്പികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദു മതഗ്രന്ഥങ്ങളുടെ ഏറ്റവും വലിയ പബ്ലിഷറാണ് ഗീതാ പ്രസ്സ്.

അവര്‍ ആരംഭിച്ച ‘കല്ല്യാണ്‍ ജേര്‍ണല്‍’ എന്ന മാസിക ഹിന്ദുത്വരാഷ്ട്രീയത്തിന് അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഒരു വേദിയായിരുന്നു.
ഹിന്ദുമതഗ്രന്ഥങ്ങള്‍ക്കൊപ്പം കല്യാണ്‍ ജേര്‍ണലും ഇവര്‍ ജാതി വ്യത്യാസമില്ലാതെ എല്ലാ ഹിന്ദു വീടുകളിലും എത്തിച്ചിരുന്നു എന്നും അതിന് ധാരാളം വായനക്കാരുണ്ടായിരുന്നു എന്നും അക്ഷയാ മുകുള്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ ‘ഗീത പ്രസ്സ് ആന്റ് ദ മേക്കിംഗ് ഓഫ് ഹിന്ദു ഇന്ത്യ’ എന്ന തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.

പ്രസ്സിന്റെ പ്രവര്‍ത്തനം എല്ലാകാലവും ഹിന്ദുദേശീയ പദ്ധതികളുമായി പൊരുത്തപ്പെട്ടുപോകുന്നതായിരുന്നു. ഗീതാ പ്രസ്സ് എല്ലായിപ്പോഴും ഹിന്ദുത്വരാഷ്ട്രീയത്തിന് ഒരു തുറന്ന വേദിയായിരുന്നു. രാഷ്ട്രീയ സ്വയംസേവക് സംഘ് പോലുള്ള സംഘടനകള്‍ക്ക്, ഗീത പ്രസിന്റെ പ്രസിദ്ധീകരണങ്ങള്‍ ഹിന്ദു വീടുകളില്‍ അവരുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനും ആളുകളെ തങ്ങളുടെ ആശയങ്ങള്‍ക്കൊപ്പം മാനിപ്പുലേറ്റ് ചെയ്തെടുക്കാനും സഹായിച്ചിട്ടുണ്ട്.

ഇങ്ങനെയുള്ള കല്ല്യാണ്‍ ജേര്‍ണലിന്റെ എഡിറ്ററായി ഗീതാ പ്രസ്സിനൊപ്പം 40 വര്‍ഷത്തോളം സേവനം അനുഷ്ഠിച്ച, ഹിന്ദുത്വരാഷ്ട്രീയത്തെ ഗ്രാസ്‌റൂട്ട് ലെവലില്‍ എത്തിച്ച് സംഘപരിവാറിന്റെ വളര്‍ച്ചയില്‍ സഹായിച്ച രാധേശ്യാം ഖേംകയോടുളള ബി.ജെ.പിയുടെ നന്ദിയാണ് ഈ പുരസ്‌കാരം എന്ന് ഞാന്‍ പറഞ്ഞാല്‍ അതില്‍ സര്‍ക്കാരിന് ബന്ധമില്ല എന്ന് തിരിച്ചു പറയാനുള്ള എല്ലാ അവകാശവും ബി.ജെ.പിക്കുണ്ട്.

എന്തായാലും ആദ്യത്തെ റിപബ്ലിക്ക് ദിനത്തില്‍ നിന്ന് നമ്മുടെ രാജ്യം എത്രമാത്രം വളര്‍ന്നിട്ടുണ്ട് എന്ന് ഞാന്‍ പറയണ്ടല്ലോ. അന്ന് പ്രധാനമന്ത്രിയുടെ റിപബ്ലിക്ക് ദിനസന്ദേശം കേള്‍ക്കാന്‍ അന്താരാഷ്ട്ര നേതാക്കളടക്കം വന്നിരുന്നു എങ്കില്‍ ഇന്ന് പ്രോംപ്റ്റര്‍ ഓപ്പറേറ്റ് ചെയ്യുന്ന ആള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം നിന്ന് പോകും. ഫാസിസ്റ്റ് ഭരണകൂടം വെച്ചു നീട്ടുന്ന പുരസ്‌കാരങ്ങള്‍ നിരസിക്കാന്‍ ശേഷിയും ആര്‍ജ്ജവവുമുള്ള രാഷ്ട്രീയ നേതാക്കാള്‍ ഇനിയും ഉണ്ടാകട്ടെ.


Content Highlight: Buddhadeb Bhattacharjee refuses to accept Padma Bhushan

അനുഷ ആന്‍ഡ്രൂസ്

ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.