| Thursday, 6th June 2013, 12:10 am

നന്ദിഗ്രാം വെടിവെപ്പ്: ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് പങ്കില്ലെന്ന് സി.ബി.ഐ.

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊല്‍ക്കത്ത: നന്ദിഗ്രാം വെടിവെപ്പില്‍ അന്നത്തെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് നേരിട്ട് പങ്കില്ലെന്ന് സി.ബി.ഐ.യുടെ കണ്ടെത്തല്‍.

ബുദ്ധദേവോ, റൈറ്റേഴ്‌സ് ബില്‍ഡിങ്ങിലുണ്ടായിരുന്ന മറ്റ് പോലീസ് ഉന്നതരോ വെടിവെപ്പില്‍ നേരിട്ട് ഉത്തരവാദികളായിരുന്നുവെന്ന് തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സി.ബി.ഐ. ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. []

എന്നാല്‍, വെടിവെപ്പ് തീര്‍ത്തും അനാവശ്യമായിരുന്നു. ബുദ്ധദേവിന്റെ അനുമതിയോടെയല്ല വെടിവെപ്പ് നടന്നതെന്നും ഇക്കാര്യത്തില്‍ അദ്ദേഹത്തിന് വിവരങ്ങള്‍ ലഭിച്ചിരുന്നില്ലെന്നുമാണ് സി.ബി.ഐ. പറയുന്നത്.

പറയത്തക്ക പ്രകോപനമൊന്നുമുണ്ടായിരുന്നില്ലെങ്കിലും സ്ഥലത്തുണ്ടായിരുന്ന പോലീസ്, സിവില്‍ ഉദ്യോഗസ്ഥന്‍മാരുടെ പെരുമാറ്റം സ്ഥിതി വഷളാക്കി.

ഇവരില്‍ മൂന്നുപേര്‍ക്കെതിര കുറ്റപത്രം നല്‍കും. മറ്റ് ഒമ്പതുപേര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും കര്‍ശന നടപടിക്കും ശുപാര്‍ശ ചെയ്യാനും സി.ബി.ഐ. തീരുമാനിച്ചിട്ടുണ്ട്.

2007 മാര്‍ച്ച് 14നാണ് നന്ദിഗ്രാമില്‍ പോലീസ് വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന്  കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ സി.ബി.ഐ.യെ ചുമതലപ്പെടുത്തിയത്.

ഐ.പി.എസ്. ഉദ്യോഗസ്ഥരായ സത്യജിത് ബന്ദോപാധ്യായ, ദേബാശിഷ് ബോറല്‍ എന്നിവര്‍ക്കും നന്ദിഗ്രാം പോലീസ് സ്‌റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ശേഖര്‍ റോയിക്കുമെതിരെയാണ് കുറ്റപത്രം തയ്യാറാക്കുക.

We use cookies to give you the best possible experience. Learn more