കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ വ്യവസായനയം ശരിയായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ. ഹൂഗ്ലി ജില്ലയിലെ ആരംബാഗില്‍ നടന്ന സി.പി.ഐ.എം യോഗത്തിലാണ് പി.ബി. അംഗം കൂടിയായ ബുദ്ധദേവ് തന്റെ നിലപാട് ആവര്‍ത്തിച്ചത്. []
ഇടതുമുന്നണിയുടെ കനത്ത പരാജയത്തിന് കാരണമായി അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേവിന്റെയും വ്യവസായമന്ത്രി നിരുപം സെന്നിന്റെയും നടപടികളാണ് പാര്‍ട്ടിക്കകത്തും പുറത്തും വിമര്‍ശിക്കപ്പെട്ടത്.
ഭരണതലത്തിലെ ചെറിയ വീഴ്ചകളും ചില പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ന്യൂനതകളും ചില്ലറ അഴിമതികളും ചില നേതാക്കളുടെ ജനങ്ങളോടുള്ള ഫ്യൂഡല്‍ മനോഭാവവും തുടങ്ങി സംഘടനാപരവും ഭരണപരവുമായ വീഴ്ചകളാണ് പാര്‍ട്ടിയുടെ പരാജയത്തിന് കാരണമെന്ന് ബുദ്ധദേവ് പറഞ്ഞു.
തൃണമൂല്‍ സര്‍ക്കാരിന്റെ ഒന്നര വര്‍ഷത്തെ ഭരണം കൊണ്ടുതന്നെ ജനങ്ങള്‍ പരിവര്‍ത്തനത്തിന്റെ സ്വാദ് അറിഞ്ഞുകഴിഞ്ഞെന്നും ഇടതുമുന്നണി വിട്ടുപോയവര്‍ തിരിച്ചുവരുമെന്നും ബുദ്ധദേവ് അഭിപ്രായപ്പെട്ടു
അതേസമയം നയപരമായ പ്രശ്‌നങ്ങളില്‍ തന്റെ സര്‍ക്കാര്‍ ശരിയായ ദിശയില്‍ തന്നെയായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.