| Wednesday, 27th May 2020, 11:26 am

ജീവിതം വഴിമുട്ടി വരുന്ന പ്രവാസികളോട് ഇത്തിരി മനുഷ്യനന്മ കാണിച്ചാല്‍ ഖജനാവ് കാലിയായിപ്പോകുമോ?

ബക്കര്‍ അബു

‘ബക്കര്‍ അറിയോ”?

എന്താണ്?

”തൊട്ടടുത്ത മുറിയില്‍ താമസിക്കുന്നയാള്‍ക്ക് കോവിഡ് പോസിറ്റീവ്, ഞാനും അയാളും ഒരേ കിച്ചനും ബാത്ത്‌റൂമും ഉപയോഗിച്ചിട്ടുണ്ട്

ഒരു ടെസ്റ്റിനു പോയാലോ”?

ദുബായില്‍ നിന്ന് വന്ന ഫോണിന്റെ മറുതലക്ക് കുടുംബത്തിലെ ഏറ്റവും അടുത്ത ഒരു സഹോദരന്‍ തന്നെയായിരുന്നു.

അങ്ങിനെയെങ്കില്‍ നിങ്ങളുടെ തൊട്ടടുത്ത കട്ടിലില്‍ കിടക്കുന്ന ആളെയും കൂട്ടിപ്പോയ്‌ക്കോ, അയാള്‍ക്കും വരാനുള്ള ചാന്‍സ് ഉണ്ടാവില്ലേ?

”ടെസ്റ്റിനു നാനൂര്‍ ദിര്‍ഹം കൊടുക്കണം, പുള്ളിയുടെ കൈയ്യില്‍ കാശില്ല, ആകെ പത്ത് ദിവസത്തെ ശമ്പളമേ കിട്ടിയിരുന്നുള്ളൂ. റൂം റന്റും ഭക്ഷണവും തന്നെ മുശ്കിലാ. പിന്നെ എങ്ങിനെ ടെസ്റ്റിനു പോവും? പോരാഞ്ഞിട്ട് കൊറോണ കാരണം ബിസിനസ് നടക്കാത്തത് കൊണ്ട് കമ്പനി അയാളോട് അടുത്ത അഞ്ചുമാസത്തേക്ക് ലീവ് എടുത്ത് നാട്ടിലേക്ക് പോയ്‌ക്കോന്നും പറഞ്ഞു. നാട്ടില്‍ പോവാന്‍ കാശ് വേറെയും വേണം. എന്താ ചെയ്യാ”?

ഇനി ഇപ്പോള്‍ ഈ മനുഷ്യന്‍ നാട്ടില്‍ വരുമ്പോള്‍ ക്വാരന്റീനും പണമടക്കണം. ഇവാക്ക്വെഷന്‍ ഫ്‌ലൈറ്റില്‍ തിരിച്ചു വരുന്നവരൊക്കെ സാമ്പത്തിക പരാധീനത ഇല്ലാത്തവരാണെന്ന ധാരണ ആര്‍ക്കൊക്കെയോ ഇവിടെ ഉണ്ടായിട്ടുണ്ട്.

കൊറോണയുടെ അതിലക്ഷണമില്ലാത്തവരെയൊക്കെ ഒരാഴ്ചക്കകം വീട്ടിലേക്ക് മാറ്റുന്നതിന് പകരം ക്വാറന്റീനില്‍ നിര്‍ത്തുന്നതെന്തിനാണെന്ന ഒരു ചോദ്യവും ഉയര്‍ന്നു വന്നിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രവാസികളെ ക്വാറന്റീനില്‍ നിര്‍ത്തുന്നതിന് അവര്‍ പണമടക്കണം എന്ന തീരുമാനത്തില്‍ ഒരു പുനപ്പരിശോധന വേണമെന്നതാണ് പ്രവാസികളുടെ ആവശ്യം.

2008-ല്‍ വിദേശത്ത് നിന്ന് ഇന്ത്യയില്‍ വന്ന മൊത്തം തുകയുടെ പത്ത് ശതമാനം ഗള്‍ഫ് മലയാളികള്‍ അയച്ചതായൊരു കണക്കുണ്ട്. കാലം ഒത്തിരിയായി സാറന്മാരെ മലയാളികള്‍ ഈ കൈല് കുത്താന്‍ തുടങ്ങിയിട്ട്. ആ പണത്തിന്റെ കണക്കില്‍ 2012 ലും മലയാളികളുടെ വകയായി പത്ത് ശതമാനം ഉണ്ടായിരുന്നു.

Centre for Development Studies ,Trivandrum ഉദ്ധരിച്ച കണക്കില്‍ 2014ല്‍ വിദേശ മലയാളികള്‍ ഇങ്ങോട്ട് അയച്ചത് 71,142, കോടിയും 2016ല്‍ അയച്ചത് 63,289 കോടിയും 2017ല്‍ അയച്ചത് 90,000 കോടിയുമാണ് എന്ന കാര്യമൊക്കെ സൗകര്യപൂര്‍വ്വം നമ്മള്‍ അങ്ങട് മറന്നു. 90,000 കോടി എന്ന് പറയുമ്പോള്‍ അന്നത്തെ സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ മുപ്പത്തഞ്ച് ശതമാനം.

കിട്ടുമ്പോള്‍ നല്ലോണം വാങ്ങി വെക്കാം. അവര്‍ ബുദ്ധിമുട്ടുമ്പോള്‍ തോളില്‍ കൈവെച്ചു താങ്ങുന്നതിനു പകരം അവരുടെ കാലിന്നടിയില്‍ നിന്ന് മണ്ണ് കോരാം.

അയലില്‍ അലക്കാനിട്ട കോണകം പോലെയുണ്ടായിരുന്ന ഒരു സംസ്ഥാനത്തിന് ജീവിത നിലവാരം ഉണ്ടാക്കിത്തന്ന വിദേശ മലയാളികളുടെ ചരിത്രം തൊള്ളായിരത്തി എഴുപതുകളില്‍ തുടങ്ങിയതാണെന്ന ബോധമെങ്കിലും പ്രവാസികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ഇവിടെ ഉള്ളവര്‍ക്ക് ഉണ്ടാവണമായിരുന്നു.

ജീവിതം വഴിമുട്ടി വരുന്ന പ്രവാസികളോട് ഇത്തിരി മനുഷ്യനന്മ കാണിച്ചാല്‍ ഖജനാവ് കാലിയായിപ്പോവുന്ന സംസ്ഥാനമായിട്ടല്ല പ്രവാസി മലയാളികള്‍ ഇന്നേവരെ കേരളത്തെ നോക്കി കണ്ടത്.

സിങ്കപ്പൂരില്‍ സെറ്റില്‍ ചെയ്ത ചൈനക്കാരന്‍ സിങ്കപ്പൂരിനെ വളര്‍ത്തിയെടുത്തപ്പോഴും. കനഡയില്‍ സെറ്റില്‍ ചെയ്ത സര്‍ദാര്‍ജിമാര്‍ കനഡയില്‍ പണം നിക്ഷേപിച്ചു വളര്‍ന്നപ്പോഴും. വിയര്‍പ്പിന്റെ ഓരോ തുള്ളിയില്‍ നിന്നും റിയാലും ദിനാറും നാട്ടിലേക്കയച്ച് ആശ്രിതരുടെ ജീവിതത്തിന് ഉയര്‍ച്ചയും വളര്‍ച്ചയും നേടിക്കൊടുത്തതോടൊപ്പം മലയാളക്കരയുടെ നടുനിവര്‍ത്തിയ ഒരു പറ്റം മനുഷ്യരുടെ ചരിത്രമാണ് അവര്‍ നമ്മുടെ മുന്‍പില്‍ തുറന്നു വെച്ചിട്ടുണ്ടായിരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ സാമ്പത്തിക പരാധീനതകളുമായി തിരികെ വരുന്ന പ്രവാസികളുടെ നേരെ ഒരു ഗവണ്‍മെന്റും നിര്‍ദ്ദയം കണ്ണടക്കരുതെന്നു മാത്രം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

ബക്കര്‍ അബു

We use cookies to give you the best possible experience. Learn more