| Friday, 13th October 2023, 6:06 pm

റെക്കോഡിട്ട് ബി.ടി.എസ്; സ്‌പോട്ടിഫൈയില്‍ 500 മില്യണ്‍ സ്ട്രീമുകള്‍ നേടി വിയുടെ 'ലേഓവര്‍'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകം മുഴുവന്‍ ആരാധകരുള്ള സൗത്ത് കൊറിയന്‍ മ്യൂസിക് ബാന്‍ഡാണ് ബി.ടി.എസ്. അവരുടെ ആരാധകരായ ‘ആര്‍മി’ ബി.ടി.എസിനെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. കേരളത്തിലും ബി.ടി.എസിന് ഒരുപാട് ആരാധകരുണ്ട്. ഇപ്പോള്‍ ബി.ടി.എസ് ആര്‍മിയെ ഏറെ സന്തോഷത്തിലാക്കുന്ന ഒരു വാര്‍ത്തയാണ് വരുന്നത്.

ബി.ടി.എസിലെ അംഗമായ വി (v) യുടെ പുതിയ സോളോ ആല്‍ബം ‘ലേഓവര്‍ (layover)’ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്‌പോട്ടിഫൈയില്‍ 500 മില്യണിലധികം സ്ട്രീമുകള്‍ കടന്നു. ഇതോടെ 2023ല്‍ സ്‌പോട്ടിഫൈയില്‍ ഏറ്റവും വേഗതയില്‍ 500 മില്യണ്‍ സ്ട്രീമുകള്‍ നേടുന്ന കെ-പോപ്പ് സോളോയിസ്റ്റ് ആല്‍ബമായി ‘ലേഓവര്‍’ മാറി. ആല്‍ബം പുറത്തിറങ്ങി വെറും 33 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം കൈവരിക്കുന്നത്.

‘സ്ലോ ഡാന്‍സിങ് ‘, ‘റെയ്നി ഡേയ്‌സ്’, ‘ലവ് മി എഗെയ്ന്‍’, ‘ബ്ലൂ’, ‘ഫോര്‍ അസ്’ എന്നീ സിംഗിള്‍സും ‘സ്ലോ ഡാന്‍സിങ് (പിയാനോ വേര്‍ഷന്‍)’ എന്ന ബോണസ് ട്രാക്കും ഉള്‍പ്പെടെ ഈ ആല്‍ബത്തില്‍ മൊത്തം ആറ് പാട്ടുകളാണ് ഉള്ളത്.

സ്പോട്ടിഫൈയുടെ ഗ്ലോബല്‍ വീക്ക്‌ലി ചാര്‍ട്ടില്‍ ആല്‍ബത്തിലെ എല്ലാ പാട്ടുകളും ഇടം പിടിച്ചു കൊണ്ട് മറ്റൊരു ചരിത്രം കൂടെ കുറിച്ചിരുന്നു. ആദ്യമായാണ് ഇത്തരത്തില്‍ ഒരു കെ-പോപ്പ് സോളോയിസ്റ്റ് ആല്‍ബത്തില്‍ നിന്നും എല്ലാ പാട്ടുകളും ഗ്ലോബല്‍ വീക്ക്‌ലി ചാര്‍ട്ടില്‍ വരുന്നത്.

സെപ്റ്റംബര്‍ 8ന് പുറത്തിറങ്ങിയ ‘ലേഓവര്‍’ ആദ്യ ആഴ്ച്ചയില്‍ തന്നെ സ്പോട്ടിഫൈയില്‍ 2 മില്യണ്‍ കോപ്പികളും 100 മില്യണ്‍ സ്ട്രീമുകളും വിറ്റഴിച്ചിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കെ-പോപ്പ് സോളോ ആല്‍ബമെന്ന റെക്കോഡുകളും ‘ലേഓവര്‍’ നേടി.

ഏറ്റവും വേഗതയില്‍ സ്‌പോട്ടിഫൈയില്‍ 500 മില്യണ്‍ സ്ട്രീമുകള്‍ നേടുന്ന കെ-പോപ്പ് സോളോയിസ്റ്റ് ആല്‍ബങ്ങളില്‍ രണ്ടാം സ്ഥാനത്ത് ബി.ടി.എസിലെ ജിമിനിന്റെ (jimin) ‘ഫേസ് (face)’ എന്ന ആല്‍ബമാണ്. ആല്‍ബം പുറത്തിറങ്ങി 58 ദിവസങ്ങള്‍ക്കുള്ളിലാണ് ജിമിന്‍ 500 മില്യണ്‍ സ്ട്രീമുകള്‍ നേടിയത്.

മൂന്നാം സ്ഥാനത്ത് ബ്ലാക്ക് പിങ്കിലെ ലിസയുടെ (black pink’s lisa) ‘ലാലിസ’യും (lalisa) നാലാം സ്ഥാനത്ത് ബി.ടി.എസിലെ തന്നെ ഷുഗയുടെ (suga) d-dayയുമാണ്. ലിസ 132 ദിവസം കൊണ്ടും ഷുഗ 156 ദിവസം കൊണ്ടുമാണ് 500 മില്യണ്‍ സ്ട്രീമുകള്‍ നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Bts V’s Layover Hits 500 Million Streams On Spotify

Latest Stories

We use cookies to give you the best possible experience. Learn more