ബി.ടി.എസ് ഷുഗയുടെ സിനിമ ഇസ്രഈലിലും പ്രദര്‍ശിപ്പിക്കും; പ്രതിഷേധവുമായി ആരാധകര്‍
Film News
ബി.ടി.എസ് ഷുഗയുടെ സിനിമ ഇസ്രഈലിലും പ്രദര്‍ശിപ്പിക്കും; പ്രതിഷേധവുമായി ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th March 2024, 9:59 am

ലോകമെമ്പാടും ഏറെ ആരാധകരുള്ള കെ-പോപ്പ് ഗ്രൂപ്പാണ് ബി.ടി.എസ്. നിലവില്‍ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും രാജ്യത്തിനായുള്ള സൈനിക സേവനത്തിലാണ്. കഴിഞ്ഞ ആഴ്ച്ചയായിരുന്നു ബി.ടി.എസിലെ റാപ്പറായ ഷുഗയുടെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നത്.

2023ലെ ഷുഗയുടെ വേള്‍ഡ് ടൂറിന്റെ ഭാഗമായി നടന്ന കണ്‍സേര്‍ട്ടുകളാണ് ‘അഗസ്റ്റ് ഡി. ടൂര്‍ ‘ഡി-ഡേ’ ദ മൂവി’ എന്ന സിനിമയിലൂടെ കാണിക്കുന്നത്. ചിത്രം ഏപ്രില്‍ 10നും 13നുമായി ലോകവ്യാപകമായുള്ള തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു ബി.ടി.എസിന്റെ മാനേജ്‌മെന്റ് കമ്പനിയായ ഹൈബ് അറിയിച്ചത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രധാന ട്രെയ്‌ലറും പുറത്തുവന്നിരുന്നു. 2023ല്‍ ഷുഗയുടെ വേള്‍ഡ് ടൂര്‍ കാണാന്‍ സാധിക്കാതെ പോയ ബി.ടി.എസിന്റെ ആരാധകരായ ആര്‍മി ഏറെ സന്തോഷത്തിലായിരുന്നു. എന്നാല്‍ സിനിമയുടെ സ്‌ക്രീനിങ്ങ് ലൊക്കേഷനുകളുടെ ലിസ്റ്റും തീയതിയും സമയവും പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഹൈബ് കഴിഞ്ഞ ദിവസം പുറത്തുവിട്ട സ്‌ക്രീനിങ്ങ് ലൊക്കേഷനില്‍ ഇസ്രഈലും ഉള്‍പ്പെട്ടതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. ഗസയിലെ ഫലസ്തീനികളുടെ ദുരിതത്തിലേക്ക് ലോക ശ്രദ്ധയാകര്‍ഷിക്കാന്‍ ലോകമൊട്ടാകെയുള്ള കെ.പോപ്പ് ഫാന്‍സിനിടയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഇടയിലാണ് ഹൈബിന്റെ ഈ നീക്കം.

മനുഷ്യനേക്കാള്‍ കൂടുതല്‍ ലാഭത്തിന് മുന്‍ഗണന നല്‍കുന്ന ഹൈബിനെ ബി.ടി.എസ് ആര്‍മിയും നെറ്റിസണ്‍സും കുറ്റപ്പെടുത്തി. പലരും ഹൈബിന്റെ ഈ നീക്കത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധിച്ചു.

ഈയിടെയായിരുന്നു ഹൈബിനോട് ഇസ്രഈലിനെ പിന്തുണക്കുന്ന അവരുടെ അമേരിക്കന്‍ സി.ഇ.ഒ ആയ സ്‌കൂട്ടര്‍ ബ്രോണിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ആരാധകര്‍ പ്രതിഷേധിച്ചിരുന്നത്.

ഫെബ്രുവരി 23ന് സിയോളിലെ ഹൈബിന്റെ ആസ്ഥാനത്തിലേക്ക് ‘സയണിസത്തില്‍ നിന്നും സയണിസ്റ്റ് വ്യവസായത്തില്‍ നിന്നും പിന്മാറണം’ എന്ന ആവശ്യം ഉന്നയിച്ച് ആരാധകര്‍ ട്രക്ക് അയച്ചതായി കൊറിയ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Bts Suga’s New Movie Screening In Isreal; Fans Protest Against Hybe