തങ്ങളുടെ സംഗീതം കൊണ്ട് കേരളത്തില്‍ ഉള്‍പ്പെടെ ലോകത്താകമാനം ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ സൗത്ത് കൊറിയന്‍ ബോയ് ബാന്‍ഡാണ് ബി.ടി.എസ്. ഏഴ് അംഗങ്ങളുള്ള ബി.ടി.എസ് രാജ്യത്ത് നിര്‍ബന്ധിത സൈനിക സേവനം നിലനില്‍ക്കുന്നതിനാല്‍ 2022ല്‍ കരിയര്‍ ബ്രേക്ക് പ്രഖ്യാപിച്ചിരുന്നു.
ഇതിനിടയില്‍ ബി.ടി.എസിലെ റാപ്പറായ ഷുഗയുടെ പുതിയ സിനിമ റിലീസ് ചെയ്തിരുന്നു. 2023ലെ ഷുഗയുടെ വേള്‍ഡ് ടൂറിന്റെ ഭാഗമായി നടന്ന കണ്‍സേര്‍ട്ടുകളാണ് ‘അഗസ്റ്റ് ഡി. ടൂര്‍ ‘ഡി-ഡേ’ ദ മൂവി’ എന്ന സിനിമയിലൂടെ കാണിച്ചത്.
സോളോ വേള്‍ഡ് ടൂര്‍ ആരംഭിച്ച ബി.ടി.എസിലെ ആദ്യ അംഗമായിരുന്നു ഷുഗ. 2023ല്‍ ഷുഗയുടെ വേള്‍ഡ് ടൂര്‍ കാണാന്‍ സാധിക്കാതെ പോയ ബി.ടി.എസിന്റെ ആരാധകരായ ആര്‍മി സിനിമ വന്നതോടെ ഏറെ സന്തോഷത്തിലായിരുന്നു. ഇപ്പോള്‍ ആര്‍മിയെ കൂടുതല്‍ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
യു.എസ് ബോക്സ് ഓഫീസില്‍ റെക്കോഡ് കളക്ഷനാണ് ‘അഗസ്റ്റ് ഡി. ടൂര്‍ ‘ഡി-ഡേ’ ദ മൂവി’ നേടിയത്. ബോക്സ് ഓഫീസ് മോജോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2024ലെ യു.എസ് ബോക്സ് ഓഫീസ് ചാര്‍ട്ടുകളില്‍ രണ്ടാം സ്ഥാനമുറപ്പിച്ചിരിക്കുകയാണ് ഷുഗയുടെ സിനിമ.
അഗസ്റ്റ് ഡി. ടൂര്‍ യു.എസില്‍ 783 തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്. ബോക്സ് ഓഫീസ് മോജോയുടെ റിപ്പോര്‍ട്ട് പ്രകാരം ആദ്യ ദിവസം ചിത്രം നേടിയത് 961,015 ഡോളറാണ്. യു.എസ് ബോക്സ് ഓഫീസ് ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്തുള്ളത് ഗോഡ്സില്ല-കോങ് ദ ന്യൂ എംപയറാണ്. ഈ ചിത്രം 1,974,152 ഡോളറിലധികം കളക്ഷനാണ് നേടിയത്.
വാര്‍ണര്‍ ബ്രോസ് നിര്‍മിക്കുന്ന മോണ്‍സ്റ്റര്‍വേഴ്സിലെ അഞ്ചാമത്തെ സിനിമയാണ് ഗോഡ്സില്ല-കോങ് ദ ന്യൂ എംപയര്‍. മാര്‍ച്ച് 29നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. 2014ല്‍ ഗോഡ്സില്ല എന്ന സിനിമയിലൂടെയായിരുന്നു മോണ്‍സ്റ്റര്‍വേഴ്സ് സിനിമകള്‍ ആരംഭിച്ചത്.
Content Highlight: Bts Suga’s Agust D Tour D-Day The Movie Become Second Highest Grossing Movie In US Box Offixe