| Wednesday, 1st June 2022, 12:39 pm

ഏഷ്യന്‍ വിരുദ്ധതയില്‍ ബൈഡന് മുന്നില്‍ പ്രതികരിച്ച് ബി.ടി.എസ്; 'വ്യത്യസ്തരാകുന്നതില്‍ തെറ്റില്ല, വ്യത്യസ്തതകള്‍ അംഗീകരിക്കുമ്പോഴാണ് സമത്വം ഉണ്ടാകുന്നത്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകമെമ്പാടും ആരാധകരുള്ള കെ.പോപ്പ് ബാന്റാണ് ബിടിഎസ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വന്‍ ആരാധകവൃന്തത്തെയാണ് ഇവര്‍ ലോകം മുഴുവനും സ്വന്തമാക്കിയിട്ടുള്ളത്.

ഏഷ്യന്‍ വംശജര്‍ക്ക് എതിരായ അതിക്രമങ്ങള്‍ക്ക് എതിരെ അമേരിക്കയില്‍ സംസാരിച്ചിരിക്കുകയാണ് ബിടിഎസ് ഇപ്പോള്‍. വ്യത്യസ്തരാകുന്നതില്‍ തെറ്റില്ല എന്നും വ്യത്യസ്തതകള്‍ അംഗീകരിക്കുമ്പോഴാണ് സമത്വം ഉണ്ടാകുന്നത് എന്നുമാണ്
ബി.ടി.എസ് അംഗമായ ‘ഷൂഗ’ വൈറ്റ് ഹൗസില്‍ വെച്ച് നടന്ന ഏഷ്യന്‍-പസഫിക്ക് ഹെറിറ്റേജ് ആഘോഷത്തിന്റെ സമാപന ചടങ്ങില്‍ പറഞ്ഞത്.

മേയ് 1 മുതല്‍ 31 വരെയാണ് അമേരിക്കയില്‍ ഏഷ്യന്‍-പസഫിക്ക് ഹെറിറ്റേജ് മാസമായി ആഘോഷിക്കുന്നത്. ഏഷ്യന്‍ വിരുദ്ധ കുറ്റകൃത്യങ്ങള്‍ അമേരിക്കയില്‍ വര്‍ദ്ധിച്ചു വരികയാണെന്നാണ് ‘സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഹേറ്റ് ആന്‍ഡ് എക്‌സ്ട്രീമിസം’ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ബി.ടി.എസിന്റെ പ്രതികരണം.

നല്ല ആളുകള്‍ എതിര്‍ത്ത് സംസാരിക്കുമ്പോഴാണ്
ഇത്തരം വിവേചനങ്ങള്‍ ഇല്ലാതാവുക എന്നായിരുന്നു ബി.ടി.എസ് പറഞ്ഞ കാര്യങ്ങള്‍ക്കുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മറുപടി. ഇത്തരം വിവേചനങ്ങളെ എതിര്‍ത്ത് സംസാരിക്കുന്നതില്‍ ജോ ബൈഡന്‍ ബാന്റ് അംഗങ്ങള്‍ക്ക് നന്ദിയും പറഞ്ഞു.

അതേസമയം കൊവിഡ് 19ന്റെ പേരില്‍ ഏഷ്യന്‍ വംശജരോട് നടത്തുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതിനായി പാസാക്കിയ കൊവിഡ് 19 ഹെയിറ്റ് ക്രൈം ആക്ടില്‍ ഒപ്പുവെച്ചതിന് ബൈഡനും ബാന്റ് അംഗങ്ങള്‍ നന്ദി അറിയിച്ചു.

ഏഷ്യന്‍ ആയതില്‍ നേരിടേണ്ടി വന്നിട്ടുള്ള പ്രശ്‌നങ്ങളെ പറ്റി ഇതിന് മുന്‍പും ബി.ടി.എസ് അംഗങ്ങള്‍ പല വേദികളില്‍ പറഞ്ഞിട്ടുണ്ട്.

മുന്‍പ് ഗ്രാമി നോമിനേഷന്‍ നേടിയ ബി.ടി.എസിനെതിരെ ഒരു ജര്‍മന്‍ ആര്‍.ജെ വംശീയാധിക്ഷേപം നടത്തിയിരുന്നു. കൊവിഡ് 19 മഹാമാരിയെന്ന് വിളിച്ചായിരുന്നു ബാന്റിനെ ആര്‍.ജെ അധിക്ഷേപിച്ചത്. ആര്‍.ജെ യുടെ ഈ പ്രസ്താവന വിവാദമാവുകയും ചെയ്തതാണ്.

‘വംശീയ വിവേചനത്തിനെതിരെ ഞങ്ങള്‍ ഒന്നിച്ചുനില്‍ക്കുകയാണ്. അത് വ്യക്തമായി തന്നെ പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആക്രമണങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. നിനക്കും എനിക്കും ബഹുമാനിക്കപ്പെടാനുള്ള അവകാശമുണ്ട്. നമ്മള്‍ ഒന്നിച്ചുനില്‍ക്കും,’ എന്നായിരുന്നു ബിടിഎസ് അന്ന് പ്രസ്താവനയില്‍ പറഞ്ഞത്.


ഏഷ്യന്‍ വിരുദ്ധതക്ക് എതിരെ പ്രതികരിക്കുന്നതിലൂടെ കൂടുതല്‍ ആളുകളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാന്‍ ഇപ്പോള്‍ ബി.ടി.എസിന് കഴിയുന്നുണ്ട്.

Content Highlights : Bts says against Asian hate in White house infront of Joe biden

We use cookies to give you the best possible experience. Learn more