|

ബി.ടി.എസിന്റെ പാട്ടും കോപ്പിയടിച്ചോ; ഹൃത്വിക് റോഷന്‍ ചിത്രത്തിലെ ആ പാട്ട് വീണ്ടും ചര്‍ച്ചയാകുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹിന്ദി ഗാനങ്ങള്‍ക്ക് പണ്ട് മുതല്‍ക്കേ ആരാധകര്‍ ഏറെയാണ്. മലയാളികള്‍ക്കിടയില്‍ പോലും ഹിന്ദി ഗാനങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ഒരുപാടുണ്ട്. ഹൃത്വിക് റോഷന്‍ ചിത്രമായ ഫൈറ്ററിന്റേതായി ഈയിടെ ഇറങ്ങിയ ‘ഷേര്‍ ഖുല്‍ ഗയേ’ ഇത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു. ഈ ഗാനത്തിന് മറ്റ് പല ഗാനങ്ങളുമായി വന്ന സാമ്യമായിരുന്നു ശ്രദ്ധിക്കപ്പെടാന്‍ ഒരു കാരണമായത്.

2024ല്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹൃത്വിക് റോഷന്റെ ഏരിയല്‍ ആക്ഷന്‍ ചിത്രമായ ഫൈറ്ററിന്റെ ആദ്യ ഗാനമായിരുന്നു ‘ഷേര്‍ ഖുല്‍ ഗയേ’. ബെന്നി ദയാല്‍, ശില്‍പ റാവു എന്നിവര്‍ ആലപിച്ച ആ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ആരാധകര്‍ ഈ ഗാനത്തിന് മറ്റ് പല ഗാനങ്ങളുടെയും ബീറ്റുകളോട് സാമ്യമുണ്ടെന്ന് കണ്ടെത്തിയത്.

തുടക്കത്തില്‍ ഹൃത്വിക് റോഷന്റെ തന്നെ വാര്‍ സിനിമയുടെ ഒരു ഗാനവുമായി സാമ്യമുണ്ടെന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. പിന്നീട് ബീറ്റിന് ബീ ഗീസിന്റെ ‘സ്റ്റെയ്ന്‍ എലൈവ്’ എന്ന ഇംഗ്ലീഷ് ഗാനത്തോടും കിഷോര്‍ കുമാറിന്റെ മേരേ ജീവന്‍ സാത്തി എന്ന സിനിമയിലെ ‘ഓ മേരേ ദില്‍ കെ ചെയിന്‍’ എന്നീ ഗാനത്തോടും സാമ്യമുണ്ടെന്ന തരത്തിലുള്ള ചര്‍ച്ചകളുയര്‍ന്നു.

എന്നാല്‍ ഇപ്പോള്‍ കെ-പോപ്പ് ബാന്‍ഡായ ബി.ടി.എസിന്റെ ഏറ്റവും പ്രശസ്തമായ ‘ഡൈനാമൈറ്റ് (Dynamite)’ എന്ന ഗാനത്തിനോടും ‘ഷേര്‍ ഖുല്‍ ഗയേ’ക്ക് സാമ്യമുണ്ടെന്ന കണ്ടെത്തലുമായി വന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

മയൂര്‍ ജുമാനി എന്ന ഇന്‍സ്റ്റാഗ്രാം യൂസര്‍ ‘ഷേര്‍ ഖുല്‍ ഗയേ’യുടെയും ‘ഡൈനാമൈറ്റി’ന്റെയും മാഷപ്പ് തയ്യാറാക്കി വീഡിയോ പങ്കിട്ടതിന് ശേഷമാണ് ഈ സാമ്യത വലിയ ചര്‍ച്ചയായത്. മാഷപ്പ് വീഡിയോയിലൂടെ ഈ രണ്ട് ഗാനങ്ങളുടെയും ട്യൂണുകളിലെ സമാനതകള്‍ വ്യക്തമാണ്. മയൂര്‍ ജുമാനിയുടെ ഈ മാഷപ്പ് വളരെ പെട്ടെന്ന് വൈറലാകുകയും ചെയ്തു.

ചിലര്‍ ‘ഷേര്‍ ഖുല്‍ ഗയേ’ ‘ഡൈനാമൈറ്റി’ല്‍ നിന്ന് കോപ്പിയടിച്ചതാകാം എന്ന് പറയുമ്പോള്‍, മറ്റ് ചിലര്‍ പറയുന്നത് ഈ രണ്ട് ഗാനങ്ങളും ബീ ഗീസിന്റെ ‘സ്റ്റെയ്ന്‍ എലൈവി’ല്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് വന്ന് ഗാനമാണെന്നാണ്.

3Dയില്‍ റിലീസ് ചെയ്യുന്ന ആദ്യ ഹൃത്വിക് റോഷന്‍ ചിത്രമാണ് ഫൈറ്റര്‍. ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായിക. ‘ഷേര്‍ ഖുല്‍ ഗയേ’ ഗാനത്തില്‍ ഹൃത്വിക്കിനും ദീപികയ്ക്കുമൊപ്പം അനില്‍ കപൂറുമെത്തുന്നുണ്ട്. പാര്‍ട്ടി മൂഡിലുള്ള ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ ഹൃത്വിക് റോഷന്റെയും ദീപികയുടെയും ഡാന്‍സ് ഏറെ വൈറലായി.

ജനുവരി 25ന് റിലീസിനെത്തുന്ന ചിത്രം ഷാരൂഖ് ഖാനെ നായകനാക്കി പത്താന്‍ സിനിമ സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ് ആനന്ദാണ് സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണും ഹൃത്വിക് റോഷനും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ഇത്.

Content Highlight: BTS’s Dynamite song was also copied; That song from Hrithik Roshan’s Fighter film is again in discussion

Latest Stories

Video Stories