അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 1.8 ബില്യണ്‍ വ്യൂസ്; പുതിയ റെക്കോഡുമായി ബി.ടി.എസിന്റെ ഹിറ്റ് ഗാനം
Kpop
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 1.8 ബില്യണ്‍ വ്യൂസ്; പുതിയ റെക്കോഡുമായി ബി.ടി.എസിന്റെ ഹിറ്റ് ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th September 2024, 6:48 pm

സംഗീതം കൊണ്ട് ലോകത്താകമാനം ആരാധകരെ സ്വന്തമാക്കിയ സൗത്ത് കൊറിയന്‍ ബോയ് ബാന്‍ഡാണ് ബി.ടി.എസ്. കേരളത്തില്‍ ഉള്‍പ്പെടെ അവര്‍ക്ക് ആരാധകര്‍ ഏറെയാണ്. ഓരോ ദിവസവും സംഗീത ലോകത്ത് പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കാന്‍ ബി.ടി.എസിന് സാധിക്കാറുണ്ട്.

ഇപ്പോള്‍ യൂട്യൂബില്‍ പുതിയ ഒരു റെക്കോഡുമായി എത്തിയിരിക്കുകയാണ് ഈ ബോയ് ബാന്‍ഡ്. മിക്ക കെ-പോപ്പ് ആരാധകര്‍ക്കും പ്രിയപ്പെട്ട ഒരു പാട്ടാണ് ബി.ടി.എസിന്റെ ‘ബോയ് വിത്ത് ലവ്’. അമേരിക്കന്‍ ഗായിക ഹാല്‍സിയും ഈ പാട്ടില്‍ ബി.ടി.എസിനൊപ്പം ഒന്നിച്ചിരുന്നു.

2019 ഏപ്രില്‍ 12നായിരുന്നു ബിഗ് ഹിറ്റ് എന്റര്‍ടൈന്‍മെന്റ് ‘ബോയ് വിത്ത് ലവ്’ പുറത്തിറക്കിയത്. അന്ന് 24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ഓണ്‍ലൈന്‍ മ്യൂസിക് വീഡിയോ ഗാനമായി ഇത് മാറിയിരുന്നു. റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ 74.6 ദശലക്ഷത്തിലധികം വ്യൂസായിരുന്നു ‘ബോയ് വിത്ത് ലവ്’ നേടിയത്.

കഴിഞ്ഞ ദിവസമായിരുന്നു ഈ ഗാനം റിലീസ് ചെയ്തിട്ട് 5 വര്‍ഷവും 5 മാസവും 5 ദിവസവും പൂര്‍ത്തിയായത്. അതേ ദിവസം തന്നെ ഒരു റെക്കോഡും ‘ബോയ് വിത്ത് ലവ്’ സ്വന്തമാക്കി. യൂട്യൂബില്‍ 1.8 ബില്യണ്‍ വ്യൂസ് നേടുന്ന രണ്ടാമത്തെ കെ-പോപ്പ് ബോയ് ഗ്രൂപ്പ് മ്യൂസിക് വീഡിയോ ആയി മാറിയിരിക്കുകയാണ് ഇത്.

യൂട്യൂബില്‍ 1.8 ബില്യണ്‍ വ്യൂസ് നേടിയ ആദ്യ കെ-പോപ്പ് ബോയ് ഗ്രൂപ്പ് മ്യൂസിക് വീഡിയോയും ബി.ടി.എസിന്റേത് തന്നെയാണ്. 2020ല്‍ പുറത്തിറങ്ങിയ ഡൈനാമൈറ്റിലൂടെയാണ് ബി.ടി.എസ് ആ റെക്കോഡ് സ്വന്തമാക്കിയത്. സൈയുടെ ‘ഗന്നം സ്‌റ്റൈല്‍’, ബ്ലാക്പിങ്കിന്റെ ‘DDU-DU DDU-DU’, ‘കില്‍ ദിസ് ലവ്’ എന്നിവയാണ് യൂട്യൂബില്‍ ഇന്നുവരെ 1.8 ബില്യണ്‍ നേടിയിട്ടുള്ള മറ്റു കെ-പോപ്പ് മ്യൂസിക് വീഡിയോകള്‍.

Content Highlight: BTS’s Boy With Luv Beat A New Record In YouTube