| Sunday, 10th December 2023, 7:51 pm

ബി.ടി.എസ്; സൈനിക സേവനത്തിന് പോകും മുമ്പ് ആരാധകര്‍ക്ക് കത്തുമായി ആര്‍.എം; ചിത്രങ്ങള്‍ പങ്കു വെച്ച് വി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈയടുത്തായിരുന്നു കെ-പോപ്പ് ഗ്രൂപ്പായ ബി.ടി.എസിന്റെ ലീഡര്‍ ആര്‍.എമ്മും മറ്റ് അംഗങ്ങളായ ജിമിന്‍, വി, ജങ്കൂക്ക് എന്നിവരും, രാജ്യത്തിന് വേണ്ടി നിര്‍ബന്ധിത സൈനിക സേവനത്തിന് പോകാനുള്ള തയ്യാറെടുപ്പിലാണെന്ന കാര്യം പുറത്തു വന്നത്.

ബിഗ് ഹിറ്റ് മ്യൂസിക് തങ്ങളുടെ വേവേഴ്‌സ് അകൗണ്ടിലൂടെയായിരുന്നു ഈ കാര്യം പുറത്തുവിട്ടിരുന്നത്. ഇപ്പോള്‍ സൈനിക സേവനത്തിന് പോകുന്നതിന് മുമ്പ് ബി.ടി.എസ് ആര്‍മിക്ക് വേണ്ടി ഒരു കത്തെഴുതിയിരിക്കുകയാണ് ആര്‍.എം. ബി.ടി.എസിലെ ലീഡറാണ് ആര്‍.എം എന്ന കിം നാം-ജൂണ്‍.

‘ഹലോ, ഡിയര്‍ ഫ്രണ്ട്സ്, ഒടുവില്‍ ആ ദിവസം വന്നിരിക്കുകയാണ്. അതിന് മുമ്പ് എനിക്ക് നിങ്ങളോട് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്ന് തോന്നുന്നു,’ എന്ന് പറഞ്ഞു കൊണ്ടാണ് ആര്‍.എം കത്ത് ആരംഭിച്ചത്. പത്ത് വര്‍ഷം ബി.ടി.എസിലെ ഒരു അംഗമായി ജീവിക്കാന്‍ സാധിച്ചതില്‍ താന്‍ വളരെ സന്തോഷവാനാണെന്നും അദ്ദേഹം പറയുന്നു.

‘കഴിഞ്ഞ പത്ത് വര്‍ഷമായി ബി.ടി.എസിലെ ഒരു അംഗമായി ജീവിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. പക്ഷേ ഈ അവസാനം മറ്റൊരു തുടക്കം മാത്രമാണ്. ഇതിന് ശേഷം മറ്റെന്തെങ്കിലും ഞങ്ങളെ കാത്തിരിക്കുന്നുണ്ടാകുമെന്നതില്‍ എനിക്ക് സംശയമില്ല,’ എന്നും ആര്‍.എം പറഞ്ഞു.

ലോകത്താകമാനം ഒരുപാട് ആരാധകരുള്ള സൗത്ത് കൊറിയന്‍ ബോയ് ബാന്‍ഡായ ബി.ടി.എസിലെ ഏഴ് അംഗങ്ങളില്‍ മൂന്നു പേര്‍ നിലവില്‍ സൈനിക സേവനത്തിലാണ്.

ഷുഗ, ജെ-ഹോപ്പ്, ജിന്‍ എന്നിവര്‍ മുമ്പേ തന്നെ സൈനിക സേവനത്തിനായി പോയിരുന്നു. 2022 ഡിസംബര്‍ 13ന് ജിന്‍ മിലിട്ടറിയിലേക്ക് പോയി, പിന്നാലെ 2023ല്‍ ഏപ്രില്‍ 18ന് ജെ-ഹോപ്പും. ഇരുവരെ കുറിച്ചും ആര്‍.എം കത്തില്‍ പറഞ്ഞു.

‘ഈ സാഹചര്യം ആദ്യം നേരിടേണ്ടി വന്ന Seokjinനും (ജിന്‍) Hoseok ഉം (ജെ-ഹോപ്പ്) ഞങ്ങളേക്കാള്‍ വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരിക്കണം. വൈകിയാണെങ്കിലും അവര്‍ ധൈര്യത്തോടെ നന്നായി ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് കൂടുതല്‍ ധൈര്യം ലഭിക്കുന്നു,’ ആര്‍.എം പറഞ്ഞു.

ആര്‍.എമ്മും ബി.ടി.എസിലെ വി യും ഡിസംബര്‍ 11നാവും സൈനിക സേവനം ആരംഭിക്കുന്നതെന്നാണ് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വി ഇന്ന് ഇന്‍സ്റ്റാഗ്രാമില്‍ തന്റെ ചിത്രങ്ങളും പങ്കു വെച്ചിട്ടുണ്ട്. ജങ്കൂക്കും ജിമിനും എന്നാണ് സൈനിക സേവനത്തിന് പോകുന്നതെന്ന് പുറത്തു വന്നിട്ടില്ല.

Content Highlight: BTS; RM Wrote A Letter To Fans Before Leaving For Military Service

We use cookies to give you the best possible experience. Learn more