Entertainment news
ഒരുമിച്ച് സൈനിക സേവനത്തിനൊരുങ്ങി ബി.ടി.എസ്
ലോകത്താകമാനം ഒരുപാട് ആരാധകരുള്ള സൗത്ത് കൊറിയന്‍ ബോയ് ബാന്‍ഡാണ് ബി.ടി.എസ്. ഏഴ് അംഗങ്ങളുള്ള ഇവര്‍ നിലവില്‍ വ്യക്തിഗത കരിയര്‍ പിന്തുടരുന്നതിന് വേണ്ടിയുള്ള ഇടവേളയിലാണ്.
ഒപ്പം മൂന്നുപേര്‍ സൈനിക സേവനത്തിലുമാണ്. രാജ്യത്ത് നിര്‍ബന്ധിത സൈനിക സേവനമാണ് നിലനില്‍ക്കുന്നത്. ഇപ്പോള്‍ ഷുഗ, ജെ-ഹോപ്പ്, ജിന്‍ എന്നിവര്‍ക്ക് പിന്നാലെ ബാക്കിയുള്ള നാല് പേരും സൈനിക സേവനത്തിന് പോകുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് ബിഗ് ഹിറ്റ് മ്യൂസിക്.
ബി.ടി.എസ്. ലീഡറായ ആര്‍.എം മറ്റ് അംഗങ്ങളായ ജിമിന്‍, വി, ജങ്കൂക്ക് എന്നിവരാണ് ഇനി സൈനിക സേവനത്തിന് പോകുന്നത്. ബിഗ് ഹിറ്റ് മ്യൂസിക് തങ്ങളുടെ വേവേഴ്‌സ് അകൗണ്ടിലൂടെയാണ് ഈ കാര്യം പുറത്തുവിട്ടത്.
ആര്‍.എം, ജിമിന്‍, വി, ജങ്കൂക്ക് എന്നിവര്‍ സൈനിക സേവനത്തിനുള്ള തയ്യാറെടുപ്പിലാണെന്നും കൂടുതല്‍ അപ്ഡേറ്റുകള്‍ യഥാസമയം തങ്ങള്‍ എല്ലാവരെയും അറിയിക്കുമെന്നും ബിഗ് ഹിറ്റ് മ്യൂസിക് തങ്ങളുടെ പോസ്റ്റിലൂടെ പറയുന്നു.
നാലുപേരും അവരുടെ സൈനിക സേവനം പൂര്‍ത്തിയാക്കി സുരക്ഷിതമായി മടങ്ങിവരുന്നത് വരെ എല്ലാവരുടെയും സ്‌നേഹവും പിന്തുണയും തുടര്‍ന്നും ആവശ്യമാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
ബി.ടി.എസ്. അംഗങ്ങളില്‍ ഏറ്റവും ആദ്യമായി 2022 ഡിസംബര്‍ 13ന് സൈനിക സേവനത്തിന് പോയത് ജിന്‍ ആയിരുന്നു. പിന്നാലെ 2023ല്‍ ഏപ്രില്‍ 18ന് ജെ-ഹോപ്പും മിലിട്ടറിയിലേക്ക് പോയി.
സെപ്റ്റംബറിലായിരുന്നു ഷുഗയും മിലിട്ടറിയിലേക്ക് പോവുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നത്. ബി.ടി.എസ് തങ്ങളുടെ സൈനിക സേവനം പൂര്‍ത്തിയാക്കി 2025ല്‍ വീണ്ടും ഒന്നിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു ഡിസ്‌നി ബി.ടി.എസിനെ സംബന്ധിച്ചുള്ള ‘ബി.ടി.എസ് മോണ്യുമെന്റ്സ്: ബിയോണ്ട് ദ സ്റ്റാര്‍’ എന്ന ഡോക്യുമെന്ററി സീരീസിന്റെ ഡേറ്റ് അനൗണ്‍സ് ചെയ്തത്.
ബി.ടി.എസ് അംഗങ്ങളുടെ കഴിഞ്ഞ 10 വര്‍ഷക്കാലത്തെ യാത്രയെ കുറിച്ച് പറയുന്ന ഡോക്യുമെന്ററി സീരീസിന്റെ പോസ്റ്ററും പുറത്തു വന്നിരുന്നു.
ബി.ടി.എസ് സ്വന്തമാക്കിയ നേട്ടങ്ങള്‍ക്കൊപ്പം അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള വെല്ലുവിളികളെ പറ്റിയും ഇതിലൂടെ പറയാനാണ് ഡോക്യുമെന്ററി ലക്ഷ്യമിടുന്നത്.
ഡിസംബര്‍ 20 മുതല്‍ സീരീസ് ഡിസ്നി പ്ലസില്‍ മാത്രമായി ഇത് പ്രീമിയര്‍ ചെയ്യും. അതിനുശേഷം എല്ലാ ബുധനാഴ്ചയും രണ്ട് പുതിയ എപ്പിസോഡുകള്‍ വീതം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തം എട്ട് എപ്പിസോഡുകളാണ് ഇതില്‍ ഉള്ളത്.
Content Highlight: Bts Members Prepare For Military Service Together