| Tuesday, 12th December 2023, 6:55 pm

ചരിത്രം സൃഷ്ടിച്ച് ബി.ടി.എസ്; ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തവണ സെര്‍ച്ച് ചെയ്യപ്പെട്ട ബോയ് ബാന്‍ഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗൂഗിളിന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ സെര്‍ച്ച് ചെയ്യപ്പെട്ട ബോയ് ബാന്‍ഡായി ബി.ടി.എസ്. കഴിഞ്ഞ ദിവസമായിരുന്നു ഗൂഗിള്‍ ഈ ലിസ്റ്റ് പുറത്തു വിട്ടത്.

ലോകത്താകമാനം ഒരുപാട് ആരാധകരുള്ള സൗത്ത് കൊറിയന്‍ ബോയ് ബാന്‍ഡാണ് ബി.ടി.എസ്. ഏഴ് അംഗങ്ങളുള്ള ഇവര്‍ വ്യക്തിഗത കരിയര്‍ പിന്തുടരുന്നതിന് വേണ്ടിയുള്ള ഇടവേളയിലായിരുന്നു.

ബി.ടി.എസ് രാജ്യത്തിന് വേണ്ടിയുള്ള നിര്‍ബന്ധിത സൈനിക സേവനത്തിന് പോകുന്ന സമയത്ത് തന്നെ ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്ത് വന്നതില്‍ അവരുടെ ആരാധകരായ ബി.ടി.എസ് ആര്‍മി ഏറെ സന്തോഷത്തിലാണ്.

ബി.ടി.എസ് അംഗങ്ങളില്‍ ഏറ്റവും ആദ്യമായി 2022 ഡിസംബര്‍ 13ന് സൈനിക സേവനത്തിന് പോയത് ജിന്‍ ആയിരുന്നു. പിന്നാലെ 2023ല്‍ ഏപ്രില്‍ 18ന് ജെ-ഹോപ്പും മിലിട്ടറിയിലേക്ക് പോയി.

സെപ്റ്റംബറിലായിരുന്നു ഷുഗയും മിലിട്ടറിയിലേക്ക് പോവുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നത്. പിന്നാലെ കഴിഞ്ഞ ദിവസം വിയും ആര്‍.എമ്മും സൈനിക സേവനത്തിനായി പോയി. ബി.ടി.എസ് തങ്ങളുടെ സൈനിക സേവനം പൂര്‍ത്തിയാക്കി 2025ല്‍ വീണ്ടും ഒന്നിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബിഗ് ഹിറ്റ് എന്റര്‍ടെയ്‌മെന്റിന് കീഴില്‍ 2010ല്‍ രൂപീകരിച്ച് 2013ല്‍ അരങ്ങേറ്റം കുറിച്ച ഈ ബോയ് ഗ്രൂപ്പില്‍ ആകെ ഏഴ് അംഗങ്ങളാണുള്ളത്. സ്റ്റുഡിയോ ആല്‍ബങ്ങളും സൗണ്ട് ട്രാക്ക് ആല്‍ബങ്ങളുമെല്ലാം ഉള്‍പ്പെടെ 235ലധികം ഗാനങ്ങള്‍ ബി.ടി.എസിന്റേതായുണ്ട്.

അതേസമയം, ഈയടുത്തായിരുന്നു ഡിസ്നി ബി.ടി.എസിനെ സംബന്ധിച്ചുള്ള ‘ബി.ടി.എസ് മോണ്യുമെന്റ്‌സ്: ബിയോണ്ട് ദ സ്റ്റാര്‍’ എന്ന ഡോക്യുമെന്ററി സീരീസിന്റെ ഡേറ്റ് അനൗണ്‍സ് ചെയ്തത്.

ബി.ടി.എസ് അംഗങ്ങളുടെ കഴിഞ്ഞ 10 വര്‍ഷക്കാലത്തെ യാത്രയെ കുറിച്ച് പറയുന്ന ഡോക്യുമെന്ററി സീരീസിന്റെ പോസ്റ്ററും പുറത്തു വന്നിരുന്നു.

ബി.ടി.എസ് സ്വന്തമാക്കിയ നേട്ടങ്ങള്‍ക്കൊപ്പം അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള വെല്ലുവിളികളെ പറ്റിയും ഇതിലൂടെ പറയാനാണ് ഡോക്യുമെന്ററി ലക്ഷ്യമിടുന്നത്.

ഡിസംബര്‍ 20 മുതല്‍ സീരീസ് ഡിസ്‌നി പ്ലസില്‍ മാത്രമായി ഇത് പ്രീമിയര്‍ ചെയ്യും. അതിനുശേഷം എല്ലാ ബുധനാഴ്ചയും രണ്ട് പുതിയ എപ്പിസോഡുകള്‍ വീതം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തം എട്ട് എപ്പിസോഡുകളാണ് ഇതില്‍ ഉള്ളത്.

Content Highlight: BTS Made History; The Most Searched Boy Band On Google

We use cookies to give you the best possible experience. Learn more