| Thursday, 9th November 2023, 4:37 pm

ബി.ടി.എസ്; യൂ.എസ് ഐട്യൂണ്‍ ആല്‍ബം ചാര്‍ട്ടിലും ഒന്നാമത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യൂ.എസ് ഐട്യൂണിന്റെ ആല്‍ബം ചാര്‍ട്ടില്‍ ഒന്നാമതെത്തി ബി.ടി.എസ് ജങ്കൂക്കിന്റെ ആല്‍ബം ‘ഗോള്‍ഡന്‍’. ഐട്യൂണില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന മികച്ച നൂറ് ആല്‍ബങ്ങളുടെ ചാര്‍ട്ടിലാണ് ജങ്കൂക്കിന്റെ ‘ഗോള്‍ഡന്‍’ ഒന്നാമതെത്തിയത്.

യൂ.എസ് ഐട്യൂണിന്റെ ആദ്യ 100ല്‍ ഒരു സോങ്ങോ ആല്‍ബമോ എത്തിയാല്‍ അതിനര്‍ത്ഥം, ഐട്യൂണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ അത് ജനപ്രിയമാവുകയും ഗണ്യമായ തോതില്‍ ഡിജിറ്റല്‍ സെയിലിങ്ങ് നേടുകയും ചെയ്തു എന്നാണ്.

കഴിഞ്ഞ ആഴ്ച്ചകളില്‍ യു.കെ, ജര്‍മനി, ഫ്രാന്‍സ്, കാനഡ, ജപ്പാന്‍ എന്നിവയുള്‍പ്പെടെ കുറഞ്ഞത് 77 പ്രദേശങ്ങളിലെ ഐട്യൂണ്‍ ടോപ്പ് ആല്‍ബങ്ങളുടെ ചാര്‍ട്ടുകളില്‍ ആല്‍ബം ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

ജങ്കൂക്കിന്റെ ആദ്യ സോളോ ആല്‍ബമായ ‘ഗോള്‍ഡന്‍’ പുറത്തിറങ്ങിയത് മുതല്‍ ഇത്തരത്തില്‍ നിരവധി ചാര്‍ട്ടുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ആല്‍ബം പുറത്തിറങ്ങിയ ആദ്യ ദിനം തന്നെ 2.14 മില്യണ്‍ കോപ്പികളാണ് വിറ്റഴിച്ചത്. കഴിഞ്ഞ നവംബര്‍ മൂന്നിനായിരുന്നു ലോകമെമ്പാടും ഒരേ സമയം ആല്‍ബം റിലീസ് ചെയ്തിരുന്നത്. ഈ ആല്‍ബത്തില്‍ ആകെ 11 ട്രാക്കുകളാണ് ഉള്ളത്.

റിലീസ് ദിനത്തില്‍ തന്നെ 2 മില്യണിലധികം വില്‍പ്പന മറികടക്കുന്ന ആദ്യത്തെ സോളോ ആര്‍ട്ടിസ്റ്റിന്റെ ആല്‍ബമായി മാറി ‘ഗോള്‍ഡന്‍’ ചരിത്രം സൃഷ്ടിച്ചു. അതേസമയം, ആല്‍ബത്തിലെ ‘സ്റ്റാന്‍ഡിങ്ങ് നെക്സ്റ്റ് റ്റു യു’ എന്ന സോങ്ങ് യൂട്യൂബില്‍ റിലീസ് ചെയ്ത് 18 മണിക്കൂറിനുള്ളില്‍ തന്നെ 10 മില്യണ്‍ വ്യൂസ് വന്ന് ട്രെന്‍ഡിങ്ങ് വേള്‍ഡ് വൈഡ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു സ്‌പോട്ടിഫൈ ഗ്ലോബല്‍ ചാര്‍ട്ടില്‍ മൂന്ന് സോങ്ങുകള്‍ ഒന്നാമതെത്തിയ ആദ്യ ഏഷ്യന്‍ ആര്‍ട്ടിസ്റ്റായി ജങ്കൂക്ക് മാറിയത്. ഗോള്‍ഡനിലെ ‘സെവന്‍ (Seven)’, ‘ത്രീഡി (3D)’, ‘സ്റ്റാന്റിങ്ങ് നെസ്റ്റ് ടു യൂ (Standing Next To You)’ എന്നീ സോങ്ങുകളാണ് സ്‌പോട്ടിഫൈയുടെ ഗ്ലോബല്‍ ചാര്‍ട്ടില്‍ ഒന്നാമതെത്തിയത്.

Content Highlight: Bts Jungkook’s Album Golden Hits In Us Itune Chart

We use cookies to give you the best possible experience. Learn more