ലോകത്താകമാനം ഏറെ ആരാധകരുള്ള കെ-പോപ്പ് ബോയ് ബാന്‍ഡാണ് ബി.ടി.എസ്. കേരളത്തിലും ഇവര്‍ക്ക് ധാരാളം ആരാധകരുണ്ട്. നിലവില്‍ അവര്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് വേണ്ടിയുള്ള ഇടവേളയിലാണെങ്കില്‍ പോലും ബി.ടി.എസ് സംഗീത ലോകത്ത് നിരവധി റെക്കോഡുകള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.
ഇത്തവണ ബി.ടി.എസിലെ ജങ്കൂക്കാണ് പുതിയ നേട്ടം സ്വന്തമാക്കിയത്. ജങ്കൂക്കിന്റെ ‘സ്റ്റാന്‍ഡിങ് നെക്സ്റ്റ് റ്റു യു’ എന്ന ഗാനം ബില്‍ബോര്‍ഡിന്റെ ഡിജിറ്റല്‍ സെയിലിന്റെ ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. കഴിഞ്ഞ ദിവസമായിരുന്നു ബില്‍ബോര്‍ഡ് ഈ കാര്യം പ്രഖ്യാപിച്ചത്.
യു.എസില്‍ ഈ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഗാനമായാണ് ‘സ്റ്റാന്‍ഡിങ് നക്സ്റ്റ് റ്റു യു’ മാറിയത്. ഗാനം തുടര്‍ച്ചയായി അഞ്ച് ആഴ്ചകളില്‍ ഡിജിറ്റല്‍ സെയിലിന്റെ ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് നിലനിന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മൊത്തം ഏഴ് ആഴ്ചകളിലായാണ് ഗാനം ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇതോടെ മൈലി സൈറസിന്റെ ‘ഫ്‌ളവേഴ്‌സ്’ എന്ന ഗാനം തീര്‍ത്ത റെക്കോഡുമായി ജങ്കൂക്കിന്റെ ‘സ്റ്റാന്‍ഡിങ് നെക്സ്റ്റ് റ്റു യു’ സമനിലയിലായി. ഗാനം വൈകാതെ ഫ്‌ളവേഴ്‌സിന്റെ റെക്കോഡ് തകര്‍ക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
‘സ്റ്റാന്‍ഡിങ് നെക്സ്റ്റ് റ്റു യു’ റിലീസായ ഉടനെ ബില്‍ബോര്‍ഡിന്റെ പോപ്പ് എയര്‍പ്ലേ ചാര്‍ട്ടില്‍ 39ാം സ്ഥാനത്തും ഇടംപിടിച്ചിരുന്നു. ഈ ആഴ്ചയിലെ ആദ്യ 40 ഗാനങ്ങളില്‍ ജങ്കൂക്കിന്റെ മൂന്ന് ഗാനങ്ങള്‍ സ്ഥാനം പിടിച്ചു. ‘സ്റ്റാന്‍ഡിങ് നെക്സ്റ്റ് റ്റു യു’, ‘ടൂ മച്ച്’, ‘ത്രീഡി’ എന്നിവയായിരുന്നു അവ.
ജങ്കൂക്കിന്റെ ആദ്യ സോളോ ആല്‍ബം ‘ഗോള്‍ഡനി (Golden)’ലെ ട്രാക്കുകളാണിവയൊക്കെ.ആല്‍ബം കഴിഞ്ഞ നവംബര്‍ മൂന്നിനായിരുന്നു ലോകമെമ്പാടും ഒരേ സമയം റിലീസ് ചെയ്തിരുന്നത്. ഈ ആല്‍ബത്തില്‍ ആകെ 11 ട്രാക്കുകളാണ് ഉള്ളത്.
ഗോള്‍ഡന്‍ ബില്‍ബോര്‍ഡ് 200ല്‍ തുടര്‍ച്ചയായ ഏഴാം ആഴ്ചയില്‍ 39ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇതോടെ ഏഴ് ആഴ്ചകളില്‍ ടോപ്പ് 50ല്‍ ഇടം നേടിയ ചരിത്രത്തിലെ ആദ്യത്തെ കൊറിയന്‍ സോളോയിസ്റ്റായി ജങ്കൂക്ക് മാറി. ബില്‍ബോര്‍ഡിന്റെ ആര്‍ട്ടിസ്റ്റ് 100ല്‍ 19 ആഴ്ചകള്‍ ചെലവഴിച്ച ആദ്യത്തെ കെ-പോപ്പ് സോളോയിസ്റ്റുമാണ് ജങ്കൂക്ക്.
Content Highlight: BTS Jungkook is about to break Miley Cyrus’ record in billboard