| Tuesday, 7th November 2023, 4:54 pm

സ്പോട്ടിഫൈ ഗ്ലോബല്‍ ചാര്‍ട്ട്: ആദ്യ ഏഷ്യന്‍ ആര്‍ട്ടിസ്റ്റായി ബി.ടി.എസ് മെമ്പര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബി.ടി.എസ് ഇപ്പോള്‍ വ്യക്തിഗത കരിയര്‍ പിന്തുടരുന്നതിന് വേണ്ടിയുള്ള ഇടവേളയിലാണെങ്കിലും ബി.ടി.എസ് ആര്‍മി തങ്ങളുടെ പ്രിയപ്പെട്ട ബി.ടി.എസിന്റെ ഓരോ നേട്ടങ്ങളും ആഘോഷിക്കാറുണ്ട്. ആര്‍മിക്ക് അത്തരത്തില്‍ സന്തോഷിക്കാന്‍ കഴിയുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്.

സ്പോട്ടിഫൈ ഗ്ലോബല്‍ ചാര്‍ട്ടിന്റെ ചരിത്രത്തില്‍ ഏറ്റവും പുതിയ റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ് ബി.ടി.എസ് ജങ്കൂക്ക്. മൂന്ന് സോങ്ങുകള്‍ ഒന്നാമതെത്തിയ (#1) ആദ്യ ഏഷ്യന്‍ ആര്‍ട്ടിസ്റ്റായി മാറിയിരിക്കുകയാണ് അദ്ദേഹം.

ജങ്കൂക്കിന്റെ ‘സെവന്‍ (Seven)’, ‘ത്രീഡി (3D)’, ‘സ്റ്റാന്റിങ്ങ് നെസ്റ്റ് ടു യൂ (Standing Next To You)’ എന്നീ സോങ്ങുകളാണ് സ്പോട്ടിഫൈയുടെ ഗ്ലോബല്‍ ചാര്‍ട്ടില്‍ ഇതുവരെ ഒന്നാമതെത്തിയിരിക്കുന്നത്.

ജങ്കൂക്കിന്റെ ആദ്യ സോളോ ആല്‍ബം ‘ഗോള്‍ഡനി (Golden)’ലെ ട്രാക്കുകളാണിവ. ആല്‍ബം കഴിഞ്ഞ നവംബര്‍ മൂന്നിനായിരുന്നു ലോകമെമ്പാടും ഒരേ സമയം റിലീസ് ചെയ്തിരുന്നത്. ഈ ആല്‍ബത്തില്‍ ആകെ 11 ട്രാക്കുകളാണ് ഉള്ളത്.

‘സ്റ്റാന്റിങ്ങ് നെസ്റ്റ് ടു യൂ’ എന്ന സോങ്ങാണ് ഇതില്‍ ഏറ്റവും പുതുതായി ചാര്‍ട്ടില്‍ ഒന്നാമതെത്തിയത്. 5.67 മില്യണ്‍ സ്ട്രീമുകളാണ് ഈ സോങ്ങ് നേടിയിരിക്കുന്നത്.

ബില്‍ബോര്‍ഡ് ഗ്ലോബല്‍ 200ല്‍ ആദ്യ പത്ത് പേരില്‍ പത്താമത് ഇടം നേടിയതിന് പിന്നാലെയാണ് ജങ്കൂക്ക് സ്പോട്ടിഫൈയില്‍ ഈ നേട്ടം കൂടെ സ്വന്തമാക്കിയത്. ജങ്കൂക്കിന്റെ ‘സെവനാ’യിരുന്നു ഗ്ലോബല്‍ 200ല്‍ പത്താമത് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. ‘ഗോള്‍ഡന്‍’ ഇതാദ്യമായല്ല ഇത്തരത്തില്‍ ചരിത്രം സൃഷ്ടിക്കുന്നത്.

ജൂലൈയില്‍, ‘ഗ്ലോബല്‍ ടോപ്പ് സോങ്സ്’ ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ കെ-പോപ്പ് സോളോയിസ്റ്റിന്റെ ഗാനമായി ഗോള്‍ഡനിലെ ‘സെവന്‍’ മുമ്പ് സ്‌പോട്ടിഫൈയില്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. റിലീസായ ആദ്യത്തെ 24 മണിക്കൂറില്‍ 15 മില്യണ്‍ ഫസ്റ്റ്-ഡേ സ്ട്രീമുകള്‍ നേടുന്ന ലോകത്തിലെ ആദ്യ മെയില്‍ ആര്‍ട്ടിസ്റ്റായി ജങ്കൂക്ക് അന്ന് മാറിയിരുന്നു.

ഒക്ടോബര്‍ 14 വരെയുള്ള സ്ട്രീമിങ്ങിന്റെ കണക്ക് പ്രകാരം ‘സെവന്‍’ (feat. Latto) സ്‌പോട്ടിഫൈയില്‍ 900 മില്യണ്‍ സ്ട്രീമുകളും മറികടന്നിരുന്നു. അതോടെ അന്ന് സ്‌പോട്ടിഫൈയുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സോങ്ങായി ഇതുമാറിയിരുന്നു.

അമേരിക്കന്‍ ഗായിക മൈലി സൈറസിന്റെ (Miley Cyrus) ‘ഫ്ളവേഴ്‌സ്’ എന്ന സോങ്ങിനെ മറികടന്നായിരുന്നു ജങ്കൂക്ക് ആ നേട്ടം കൈവരിച്ചിരുന്നത്. ‘ഫ്ളവേഴ്‌സ്’ 93 ദിവസം കൊണ്ടായിരുന്നു സ്‌പോട്ടിഫൈയില്‍ 900 മില്യണ്‍ സ്ട്രീമുകള്‍ നേടിയത്. എന്നാല്‍ ജങ്കൂക്കിന്റെ ‘സെവന്‍’ 92 ദിവസം കൊണ്ട് ആ റെക്കോഡ് അന്ന് തകര്‍ത്തിരുന്നു.

Content Highlight: Bts Jungkook Become First Asian Artist In Spotify Global Chart Who Listed Three Songs

We use cookies to give you the best possible experience. Learn more