Entertainment news
യൂട്യൂബിലും റെക്കോഡിട്ട് ബി.ടി.എസിലെ ഗോള്‍ഡന്‍ ഗായകന്‍; വീണ്ടും ആദ്യ കെ-പോപ്പ് സോളോയിസ്റ്റെന്ന ടൈറ്റില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 09, 04:16 am
Saturday, 9th March 2024, 9:46 am

ലോകമെമ്പാടും ഏറെ ആരാധകരുള്ള കെ-പോപ്പ് ഗ്രൂപ്പാണ് ബി.ടി.എസ്. നിലവില്‍ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും രാജ്യത്തിനായി സൈനിക സേവനത്തിന് പോയിരിക്കുകയാണ്. എങ്കിലും ബി.ടി.എസുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്ക് കുറവൊന്നുമില്ല.

അത്തരത്തില്‍ ബി.ടി.എസിലെ ജങ്കൂക്കിനെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ജങ്കൂക്കിന്റെ ‘സ്റ്റാന്‍ഡിങ്ങ് നെക്സ്റ്റ് റ്റു യു’ എന്ന സോളോ ട്രാക്കിന്റെ മ്യൂസിക് വീഡിയോ യൂട്യൂബില്‍ 100 മില്യണ്‍ വ്യൂസ് മറികടന്നു. വെറും നാല് മാസവും അഞ്ച് ദിവസവും കൊണ്ടാണ് ജങ്കൂക്ക് ഈ 100 മില്യണ്‍ നേടിയത്.

ഇതോടെ യൂട്യൂബില്‍ ഒരേ ആല്‍ബത്തില്‍ നിന്നുള്ള മൂന്ന് ട്രാക്കുകളുടെ മ്യൂസിക് വീഡിയോകള്‍ 100 മില്യണ്‍ വ്യൂസ് മറികടക്കുന്ന ആദ്യ കെ-പോപ്പ് സോളോയിസ്റ്റായി ജങ്കൂക്ക് മാറി. ഗായകന്റെ ആദ്യ സോളോ ആല്‍ബമായ ‘ഗോള്‍ഡന്‍’ പുറത്തിറങ്ങിയത് മുതല്‍ ഇത്തരത്തില്‍ നിരവധി നേട്ടങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

‘ഗോള്‍ഡന്‍’ ആല്‍ബത്തിലെ ‘സെവന്‍’, ‘ത്രീഡി’ എന്നീ ഗാനങ്ങളായിരുന്നു ഇതിന് മുമ്പ് യൂട്യൂബില്‍ 100 മില്യണ്‍ വ്യൂസ് മറികടന്നത്. ഈ മൂന്ന് ഗാനങ്ങളും മുമ്പ് സ്‌പോട്ടിഫൈയുടെ ഗ്ലോബല്‍ ചാര്‍ട്ടില്‍ ഒന്നാമതെത്തിയിരുന്നു.

അന്ന് സ്‌പോട്ടിഫൈ ഗ്ലോബല്‍ ചാര്‍ട്ടില്‍ മൂന്ന് ഗാനങ്ങള്‍ ഒന്നാമതെത്തിയ ആദ്യ ഏഷ്യന്‍ ആര്‍ട്ടിസ്റ്റായി ജങ്കൂക്ക് മാറിയിരുന്നു. ആകെ 11 ട്രാക്കുകളുള്ള ‘ഗോള്‍ഡന്‍’ ആല്‍ബം 2023 നവംബര്‍ മൂന്നിനായിരുന്നു ലോകമെമ്പാടും റിലീസ് ചെയ്തിരുന്നത്.

ആല്‍ബം പുറത്തിറങ്ങിയ ആദ്യ ദിനത്തില്‍ തന്നെ 2.14 മില്യണ്‍ കോപ്പികളായിരുന്നു വിറ്റഴിച്ചിരുന്നത്. റിലീസ് ദിനത്തില്‍ തന്നെ 2 മില്യണിലധികം വില്‍പ്പന മറികടക്കുന്ന ആദ്യത്തെ സോളോ ആര്‍ട്ടിസ്റ്റിന്റെ ആല്‍ബമായി മാറി ‘ഗോള്‍ഡന്‍’ അന്ന് ചരിത്രം സൃഷ്ടിച്ചിരുന്നു.

ഇപ്പോള്‍ യൂട്യൂബില്‍ 100 മില്യണ്‍ വ്യൂസ് മറികടന്ന ‘സ്റ്റാന്‍ഡിങ്ങ് നെക്സ്റ്റ് റ്റു യു’ എന്ന ഗാനം യൂട്യൂബില്‍ റിലീസ് ചെയ്ത് 18 മണിക്കൂറിനുള്ളില്‍ തന്നെ 10 മില്യണ്‍ വ്യൂസ് നേടി ട്രെന്‍ഡിങ്ങ് വേള്‍ഡ് വൈഡ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു.


Content Highlight: Bts Jungkook Again Make A history In Youtube, Standing Next To You Hit 100 Million Views