| Monday, 25th December 2023, 5:38 pm

ഏഴ് ഗാനങ്ങള്‍, നൂറ് രാജ്യങ്ങള്‍; ലോകത്തിലെ ആദ്യ സോളോയിസ്റ്റ്; ചരിത്രവുമായി ബി.ടി.എസ് ജിമിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകത്താകമാനം ഏറെ ആരാധകരുള്ള കെ-പോപ്പ് ബോയ് ബാന്‍ഡാണ് ബി.ടി.എസ്. നിലവില്‍ അവര്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് വേണ്ടിയുള്ള ഇടവേളയിലാണെങ്കില്‍ പോലും സംഗീത ലോകത്ത് നിരവധി റെക്കോഡുകള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.

ഇത്തവണ ബി.ടി.എസിലെ ജിമിനാണ് പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഐട്യൂണ്‍സ് ചാര്‍ട്ടുകളില്‍ നൂറ് രാജ്യങ്ങളിലായി ഏഴ് ഗാനങ്ങള്‍ ഒന്നാമതെത്തുന്ന ലോകത്തിലെ ആദ്യ സോളോയിസ്റ്റായി ജിമിന്‍ മാറി.

കഴിഞ്ഞ ദിവസമായിരുന്നു ജിമിന്റെ പുതിയ സിംഗിള്‍ ‘ക്ലോസര്‍ ദന്‍ ദിസ്’ യു.എസ്, യു.കെ, ജപ്പാന്‍, ഫ്രാന്‍സ്, കാനഡ, ജര്‍മനി എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമായി 106 വ്യത്യസ്ത രാജ്യങ്ങില്‍ ഐട്യൂണ്‍സ് ടോപ്പ് സോങ്ങ് ചാര്‍ട്ടുകളില്‍ ഒന്നാം റാങ്കിലെത്തിയത്.

ഇതിന് മുമ്പ് ജിമിനിന്റെ ‘ഫില്‍ട്ടര്‍’, ‘വിത്ത് യു’, ‘വൈബ്’, ‘സെറ്റ് മി ഫ്രീ പി.ടി’, ‘ലൈക്ക് ക്രേസി’, ‘എയ്ഞ്ചല്‍ പി.ടി 1’ എന്നിവയായിരുന്നു ഈ നേട്ടം കൈവരിച്ച ഗാനങ്ങള്‍.

മൂന്ന് ദിവസം മുമ്പായിരുന്നു ബിഗ് ഹിറ്റ് മ്യൂസിക് ജിമിന്റെ പുതിയ സിംഗിള്‍സായ ‘ക്ലോസര്‍ ദന്‍ ദിസി’ന്റെ മ്യൂസിക് വീഡിയോ പുറത്തിറക്കിയത്.

റൈറ്റിങ്ങ് ടീമിനൊപ്പം ഇരിക്കുന്ന ജിമിന്‍ വരികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതോടെയാണ് മ്യൂസിക് വീഡിയോ ആരംഭിക്കുന്നത്.

ബി.ടി.എസിന്റെ തുടക്കം മുതല്‍ അവരുടെ സ്റ്റേജ് ഷോകള്‍ ഉള്‍പ്പെടെ ഈ വീഡിയോയിലുണ്ട്. നിലവില്‍ യൂട്യൂബില്‍ 6.8 മില്യണ്‍ ആളുകളാണ് ഈ ഗാനം കേട്ടിട്ടുള്ളത്.

Content Highlight: Bts Jimin made history in itunes charts; World’s First Soloist

We use cookies to give you the best possible experience. Learn more