| Friday, 1st March 2024, 5:07 pm

ഇസ്രഈലിനെ പിന്തുണക്കുന്ന സി.ഇ.ഒയെ പുറത്താക്കണം; ബി.ടി.എസ് മാനേജ്മെന്റ് കമ്പനിക്കെതിരെ ആരാധകർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിയോൾ: കെ.പോപ്പ് ബോയ് ബാൻഡ് ബി.ടി.എസിന്റെ മാനേജ്മെന്റ് കമ്പനിയായ ഹൈബിനോട് ഇസ്രഈലിനെ പിന്തുണക്കുന്ന അവരുടെ അമേരിക്കൻ സി.ഇ.ഒയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ആരാധകർ.

ഗസയിലെ ഫലസ്തീനികളുടെ ദുരിതത്തിലേക്ക് ലോക ശ്രദ്ധയാകർഷിക്കാൻ ലോകമൊട്ടാകെയുള്ള കെ.പോപ്പ് ഫാൻസിനിടയിൽ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് ഹൈബ് അമേരിക്കയുടെ സി.ഇ.ഒ സ്കൂട്ടർ ബ്രോണിനെ മാറ്റണമെന്ന ആവശ്യം ശക്തമായത്.

ഫെബ്രുവരി 23ന് സിയോളിലെ ഹൈബിന്റെ ആസ്ഥാനത്തിലേക്ക് ‘സയണിസത്തിൽ നിന്നും സയണിസ്റ്റ് വ്യവസായത്തിൽ നിന്നും പിന്മാറണം’ എന്ന ആവശ്യം ഉന്നയിച്ച് ആരാധകർ ട്രക്ക് അയച്ചതായി കൊറിയ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

ട്രക്കിന്റെ ഡിസ്പ്ലേയിൽ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചതിനൊപ്പം ഗസയിലെ ദുരന്തത്തിന്റെ വീഡിയോകളും പ്രദർശിപ്പിച്ചിരുന്നു.

വീഡിയോകളിലൊന്നിൽ ‘അവർ നിങ്ങളുടെ സുഹൃത്തുമായേക്കാം’ എന്ന വാചകത്തോടൊപ്പം ഗസയിലെ അവശിഷ്ടങ്ങൾക്കിടയിൽ ബി.ടി.എസ് താരം വിയുടെ ഫോട്ടോകളും കാർഡുകളും കാണിക്കുന്നുണ്ട്.

‘ഞങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ അവ നടപ്പാക്കുന്നത് വരെ ആർമി പോരാട്ടം തുടരും. നിങ്ങളുടെ കൊറിയൻ പൂർവികർക്ക് സംഭവിച്ചത് ഇപ്പോൾ ഫലസ്തീനികൾക്കും സംഭവിക്കുമ്പോൾ ശ്രദ്ധ തിരിച്ചുകളയരുത്,’ ട്രക്കിൽ പ്രദർശിപ്പിച്ച സന്ദേശത്തിൽ പറയുന്നു.

ഗസയിലെ ഇസ്രഈൽ ആക്രമണങ്ങളെ ന്യായീകരിച്ചുകൊണ്ട് ഹൈബ് അമേരിക്കയുടെ സി.ഇ.ഒ സ്കൂട്ടർ ബ്രോൺ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തെന്നാണ് ആർമിയുടെ ആരോപണം.

കഴിഞ്ഞവർഷം ഡിസംബറിൽ ടെൽ അവീവിലെ ഒരു റാലിയിൽ പങ്കെടുത്ത അദ്ദേഹം എനിക്ക് എന്റെ ആളുകൾക്കൊപ്പം നിൽക്കുവാൻ വരേണ്ടി വന്നു എന്ന് പറഞ്ഞിരുന്നു.

അതേസമയം ബ്രോണിന്റെ പരാമർശങ്ങളിൽ നിന്ന് വിട്ടുനിന്ന ഹൈബ്, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രസ്താവനയാണെന്നും കമ്പനി മാനേജ്മെന്റിന്റേതല്ലെന്നും വ്യക്തമാക്കിയിരുന്നു.

ആഗോളതലത്തിൽ 352 മില്യൺ ഫോളോവേഴ്സുള്ള ലോകത്തെ ഏറ്റവും സ്വാധീനമുള്ള കെ. പോപ്പ് ബാൻഡാണ് ബി.ടി.എസ്.

CONTENT HIGHLIGHT: BTS fans call on music label to sack US CEO over Gaza stance

We use cookies to give you the best possible experience. Learn more