റെക്കോഡുകള്‍ തകര്‍ക്കുമോ ബി.ടി.എസും ടെയ്ലര്‍ സ്വിഫ്റ്റും; ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡ് പ്രഖ്യാപനത്തിനായി കാത്തിരുന്ന് ആരാധകര്‍
Entertainment news
റെക്കോഡുകള്‍ തകര്‍ക്കുമോ ബി.ടി.എസും ടെയ്ലര്‍ സ്വിഫ്റ്റും; ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡ് പ്രഖ്യാപനത്തിനായി കാത്തിരുന്ന് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th October 2023, 10:34 am

2023ലെ ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡുകള്‍ക്കുള്ള (BBMA) ഫൈനലിസ്റ്റുകളുടെ ലിസ്റ്റ് ബില്‍ബോര്‍ഡ് പുറത്തിറക്കി. ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ അവാര്‍ഡ് നോമിനേഷനില്‍ വന്നിരിക്കുന്നത് ടെയ്ലര്‍ സ്വിഫ്റ്റാണ്. ടോപ്പ് ആര്‍ട്ടിസ്റ്റ്, ടോപ്പ് ഫീമെയില്‍ ആര്‍ട്ടിസ്റ്റ്, ടോപ്പ് കണ്‍ട്രി ആര്‍ട്ടിസ്റ്റ് എന്നിവ ഉള്‍പ്പെടെ ഈ വര്‍ഷം 20 അവാര്‍ഡ് നോമിനേഷനുകളിലാണ് സ്വിഫ്റ്റ് ഉള്ളത്.

ഈ വര്‍ഷം സ്വിഫ്റ്റിന് ബി.ബി.എം.എ റെക്കോഡുകള്‍ തകര്‍ക്കാന്‍ കഴിയുമെന്നാണ് ബില്‍ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റേതൊരു ഫീമെയില്‍ ആര്‍ട്ടിസ്റ്റിനേക്കാളും കൂടുതല്‍ ബി.ബി.എം.എ അവാര്‍ഡുകള്‍ സ്വിഫ്റ്റ് ഇതിനകം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡുകള്‍ നേടിയ ഫീമെയില്‍ ആര്‍ട്ടിസ്റ്റ് എന്ന റെക്കോഡ് 29 അവാര്‍ഡുകള്‍ നേടിയ ടെയ്ലര്‍ സ്വിഫ്റ്റിന്റെ പേരിലാണ്. എങ്കിലും ബി.ബി.എം.എയില്‍ ഏറ്റവും കൂടുതല്‍ അവാര്‍ഡ് നേടിയ ആര്‍ട്ടിസ്റ്റാവാന്‍ സ്വിഫ്റ്റിന് ഡ്രേക്കിനെ മറികടക്കണം.

ഇതുവരെ ഏറ്റവും കൂടുതല്‍ ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡുകള്‍ നേടിയിരിക്കുന്നത് കനേഡിയന്‍ റാപ്പറും സിങ്ങറുമായ ഓബ്രി ഡ്രേക്ക് ഗ്രഹാം എന്ന ഡ്രേക്ക് ആണ്. അദ്ദേഹം ഇതുവരെ നേടിയിരിക്കുന്നത് 34 അവാര്‍ഡുകളാണ്. ഈ വര്‍ഷം അവാര്‍ഡുകള്‍ക്കുള്ള ഫൈനലിസ്റ്റുകളുടെ ലിസ്റ്റില്‍ 14 അവാര്‍ഡ് നോമിനേഷനുകളില്‍ അദ്ദേഹത്തിന്റെ പേരുണ്ട്.

2017ല്‍ ഡ്രേക്കിന് 13 അവാര്‍ഡുകളായിരുന്നു ലഭിച്ചിരുന്നത്. അതോടെ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ നേടിയ ആര്‍ട്ടിസ്റ്റെന്ന റെക്കോഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു. ടെയ്ലര്‍ സ്വിഫ്റ്റിന് ഇത്തവണ ആ റെക്കോഡും മറികടക്കാനാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഒരു ഗ്രൂപ്പ് നേടിയ ഏറ്റവും കൂടുതല്‍ ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡുകളുടെ റെക്കോഡ് 12 അവാര്‍ഡുകള്‍ നേടിയ ബി.ടി.എസിന്റെ പേരിലാണ്. ഇത്തവണത്തെ ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡിന്റെ ഫൈനലിസ്റ്റുകളുടെ ലിസ്റ്റില്‍ ബി.ടി.എസ് ജിമിനിന്റെ പേര് നാല് വിഭാഗങ്ങളില്‍ വന്നിട്ടുണ്ട്. ടോപ്പ് സെല്ലിങ്ങ് സോങ്ങ് വിഭാഗത്തില്‍ നോമിനേഷനില്‍ വരുന്ന ആദ്യത്തെ കെ-പോപ്പ് സോളോ ആര്‍ട്ടിസ്റ്റായി ജിമിന്‍ മാറി. ബി.ടി.എസ് ജങ്കൂക്കിന്റെ ‘സെവന്‍’ ടോപ്പ് ഗ്ലോബല്‍ കെ-പോപ്പ് സോങ്ങിന്റെ വിഭാഗത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ബെയ്ലി സിമ്മര്‍മാന്‍, ഐസ് സ്പൈസ്, ജെല്ലി റോള്‍, പെസോ പ്ലൂമ, സാച്ച് ബ്രയാന്‍ എന്നിവരും ഈ വര്‍ഷത്തെ ടോപ്പ് ന്യൂ ആര്‍ട്ടിസ്റ്റ് നോമിനികളില്‍ ഉള്‍പ്പെടുന്നു. ഡ്രേക്ക്, ലൂക്ക് കോംബ്സ്, മോര്‍ഗന്‍ വാലന്‍, സാക്ക് ബ്രയാന്‍, ദി വീക്കെന്‍ഡ് എന്നിവര്‍ ടോപ്പ് മെയില്‍ ആര്‍ട്ടിസ്റ്റിനുള്ള മത്സരാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു. ബിയോണ്‍സ്, മൈലി സൈറസ്, ഒലിവിയ റോഡ്രിഗോ, SZA, ടെയ്ലര്‍ സ്വിഫ്റ്റ് എന്നിവര്‍ അവസാന റൗണ്ടില്‍ ടോപ്പ് ഫീമെയില്‍ ആര്‍ട്ടിസ്റ്റ് പദവിക്കായി മത്സരിക്കുന്നുണ്ട്.

ഈ വര്‍ഷം ഒന്‍പത് പുതിയ അവാര്‍ഡ് വിഭാഗങ്ങളും ബില്‍ബോര്‍ഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടോപ്പ് ഹോട്ട് 100 സോങ്ങ് റൈറ്റര്‍, ടോപ്പ് ഹോട്ട് 100 പ്രൊഡ്യൂസര്‍, ടോപ്പ് റോക്ക് ഡ്യുവോ/ഗ്രൂപ്പ്, ടോപ്പ് ഗ്ലോബല്‍ കെ-പോപ്പ് ആര്‍ട്ടിസ്റ്റ്, ടോപ്പ് ഗ്ലോബല്‍ കെ-പോപ്പ് ടൂര്‍, ടോപ്പ് കെ-പോപ്പ് ആല്‍ബം, ടോപ്പ് ഗ്ലോബല്‍ കെ-പോപ്പ് സോങ്ങ്, ടോപ്പ് ആഫ്രോബീറ്റ് ആര്‍ട്ടിസ്റ്റ്, ടോപ്പ് ആഫ്രോബീറ്റ് സോങ്ങ് എന്നിവയൊക്കെയാണവ.

മറ്റ് മ്യൂസിക് അവാര്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി ആല്‍ബം, ഡിജിറ്റല്‍ സോങ്ങുകളുടെ വില്‍പ്പന, സ്ട്രീമിംഗ്, റേഡിയോ എയര്‍പ്ലേ എന്നിവയെ അടിസ്ഥാനമാക്കിയാണ് ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡിലെ ഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കുന്നത്. വിവിധ മ്യൂസിക് വിഭാഗങ്ങളിലെ മികച്ച ആല്‍ബത്തിനും ആര്‍ട്ടിസ്റ്റിനും സിംഗിളിനുമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.

2023ലെ ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡുകള്‍ നവംബര്‍ 19നാണ് നടക്കുന്നത്. ബി.ബി.എം.എയുടെയും ബില്‍ബോര്‍ഡിന്റെയും സോഷ്യല്‍ മീഡിയ ചാനലുകളിലൂടെ അവാര്‍ഡ് വിതരണം പോപ്പ് ആരാധകര്‍ക്ക് കാണാന്‍ സാധിക്കും. ആരൊക്കെയാവും ഇത്തവണത്തെ വിജയികളെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പോപ്പ് ആരാധകര്‍.

Content Highlight: Bts And Taylor Swift On Billboard Music Award 2023 Finalist List