പരസ്പരം റെക്കോഡ് അടിച്ചുതകര്‍ത്ത് സ്‌പോട്ടിഫൈയില്‍ ബി.ടി.എസ്; ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ബ്ലാക്ക് പിങ്ക്
Kpop
പരസ്പരം റെക്കോഡ് അടിച്ചുതകര്‍ത്ത് സ്‌പോട്ടിഫൈയില്‍ ബി.ടി.എസ്; ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ബ്ലാക്ക് പിങ്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th June 2024, 2:18 pm

ലോകത്താകമാനമായി ഏറ്റവും കൂടുതല്‍ ആരാധകരുള്ള സൗത്ത് കൊറിയന്‍ ബോയ് ബാന്‍ഡാണ് ബി.ടി.എസ്. കേരളത്തില്‍ ഉള്‍പ്പെടെ ഇവര്‍ക്ക് ഏറെ ആരാധകരുണ്ട്. ജിന്‍, ജെ-ഹോപ്പ്, ഷുഗ, ആര്‍.എം, വി, ജിമിന്‍, ജങ്കൂക്ക് എന്നിങ്ങനെ ഏഴ് അംഗങ്ങളുള്ള ബി.ടി.എസ് രാജ്യത്ത് നിര്‍ബന്ധിത സൈനിക സേവനം നിലനില്‍ക്കുന്നതിനാല്‍ 2022ല്‍ കരിയര്‍ ബ്രേക്ക് പ്രഖ്യാപിച്ചിരുന്നു.

ഇതില്‍ ജിന്‍ സൈനിക സേവനം പൂര്‍ത്തിയാക്കി തിരിച്ചെത്താന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതേ സമയത്താണ് ബി.ടി.എസ് ആര്‍മിക്ക് ഏറെ സന്തോഷമുള്ള ഒരു വാര്‍ത്ത എത്തുന്നത്.

ലോകത്തിലെ ഏറ്റവും ജനപ്രിയ മ്യൂസിക് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈയില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ബി.ടി.എസ്. സ്‌പോട്ടിഫൈയുടെ ഗ്ലോബല്‍ ടോപ് ആര്‍ട്ടിസ്റ്റ് ചാര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ നാള്‍ തുടരുന്ന കെ-പോപ് ആര്‍ട്ടിസ്റ്റുകളായി ബി.ടി.എസ് മാറി.

കെ-പോപ് ഗേള്‍ ഗ്രൂപ്പായ ബ്ലാക്ക് പിങ്കിനെ പിന്തള്ളിയാണ് ബി.ടി.എസ് ആ റെക്കോഡ് സ്വന്തമാക്കിയത്. 960 ദിവസത്തെ ബ്ലാക്ക് പിങ്കിന്റെ റെക്കോഡാണ് ബി.ടി.എസ് തകര്‍ത്തത്. സ്‌പോട്ടിഫൈയുടെ ഗ്ലോബല്‍ ടോപ് ആര്‍ട്ടിസ്റ്റ് ചാര്‍ട്ടില്‍ 961 ദിവസമാണ് ഈ ബോയ് ബാന്‍ഡ് സ്ഥാനം പിടിച്ചിരിക്കുന്നത്.


ഇപ്പോള്‍ സ്‌പോട്ടിഫൈ ചാര്‍ട്ടില്‍ 53ാം സ്ഥാനത്താണ് ബി.ടി.എസ്. അതേസമയം ബ്ലാക്ക് പിങ്കാകട്ടെ ആദ്യ 200 പേരുടെ ചാര്‍ട്ടില്‍ എവിടെയുമില്ല. ആദ്യമായാണ് അവര്‍ സ്‌പോട്ടിഫൈയുടെ ഗ്ലോബല്‍ ടോപ് ആര്‍ട്ടിസ്റ്റ് ചാര്‍ട്ടില്‍ നിന്ന് പുറത്താകുന്നത്.

ജിസൂ, ജെന്നി, റോസ്, ലിസ എന്നീ നാലുപേര്‍ ഉള്‍പ്പെടുന്ന കൊറിയന്‍ ഗേള്‍ ബാന്‍ഡാണ് ബ്ലാക്ക് പിങ്ക്. ലോകമാകെ ഏറെ ആരാധകരുള്ള മറ്റൊരു കെ-പോപ് ഗ്രൂപ്പാണ് ഇവര്‍. ബി.ടി.എസിന്റെ ആരാധകര്‍ ആര്‍മിയെന്ന് അറിയപ്പെടുമ്പോള്‍ ബ്ലാക്ക് പിങ്ക് ആരാധകര്‍ ബ്ലിങ്ക്‌സ് എന്നാണ് വിളിക്കപ്പെടുന്നത്.

തങ്ങളുടെ ഏഴ് വര്‍ഷത്തെ കരിയറില്‍ 32 പാട്ടുകളാണ് ബ്ലാക്ക് പിങ്കിന്റേതായി ഇറങ്ങിയിട്ടുള്ളത്. പുതിയ പാട്ടുകള്‍ ഇറങ്ങാതെ തന്നെ ഇത്രയും നാള്‍ ബ്ലാക്ക് പിങ്കിന് സ്‌പോട്ടിഫൈ ചാര്‍ട്ടിന്റെ ആദ്യ 200ല്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞത് പ്രശംസയര്‍ഹിക്കുന്നത് കാര്യമാണെന്ന് പലരും എക്‌സില്‍ കുറിച്ചു.

അതേസമയം ബ്ലാക്ക് പിങ്കിലെ ലിസ ടിക് ടോക്കിലെ ബി.ടി.എസിന്റെ ഗിന്നസ് വേള്‍ഡ് റെക്കോഡ് തകര്‍ത്തത് കഴിഞ്ഞ ദിവസമൊക്കെ വലിയ വാര്‍ത്തയായിരുന്നു. ടിക് ടോക് അകൗണ്ട് എടുത്ത് ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത് വെറും രണ്ട് മണിക്കൂറും 18 മിനിറ്റും കൊണ്ട് ഒരു മില്യണ്‍ ഫോളോവേഴ്സിനെയാണ് ലിസ നേടിയത്.

മൂന്ന് മണിക്കൂറും 31 മിനിറ്റും കൊണ്ട് ഒരു മില്യണ്‍ ഫോളോവേഴ്സിനെ നേടിയ ബി.ടി.എസിന്റെ മുന്‍ റെക്കോഡാണ് ലിസ ഇതോടെ തകര്‍ത്തത്. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള കെ-പോപ് ആര്‍ട്ടിസ്റ്റ് കൂടെയാണ് ലിസ.

Content Highlight: Bts And Blackpink Break Each Other’s Records On Spotify And Guinness World Records