| Sunday, 15th October 2023, 12:03 pm

വീണ്ടും ബി.ടി.എസ്; സ്പോട്ടിഫൈയുടെ എക്കാലത്തെയും വേഗതയേറിയ റെക്കോഡുമായി ജങ്കൂക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളായ കെ-പോപ്പ് ആരാധകര്‍ കെ-പോപ്പില്‍ നിന്ന് വരുന്ന വാര്‍ത്തകളെല്ലാം വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. കെ-പോപ്പ് ആരാധകര്‍ക്ക്, പ്രത്യേകിച്ച് ബി.ടി.എസ് ആര്‍മിക്ക് സന്തോഷമുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്.

ബി.ടി.എസ് ജങ്കൂക്കിന്റെ സോളോ സോങ്ങ് ‘സെവന്‍’ (feat. Latto) സ്പോട്ടിഫൈയില്‍ 900 മില്യണ്‍ സ്ട്രീമുകള്‍ മറികടന്നു. ഒക്ടോബര്‍ 14 വരെയുള്ള സ്ട്രീമിങ്ങിന്റെ കണക്ക് പ്രകാരമാണിത്. ഇതോടെ സ്പോട്ടിഫൈയുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സോങ്ങായി ഇതുമാറി.

അമേരിക്കന്‍ ഗായിക മൈലി സൈറസിന്റെ (Miley Cyrus) ‘ഫ്‌ളവേഴ്സ്’ എന്ന സോങ്ങിനെ മറികടന്നാണ് ജങ്കൂക്ക് ഈ നേട്ടം കൈവരിച്ചത്. ‘ഫ്‌ളവേഴ്സ്’ 93 ദിവസം കൊണ്ടായിരുന്നു സ്പോട്ടിഫൈയില്‍ 900 മില്യണ്‍ സ്ട്രീമുകള്‍ നേടിയത്. എന്നാല്‍ ജങ്കൂക്കിന്റെ ‘സെവന്‍’ 92 ദിവസം കൊണ്ട് ഈ റെക്കോഡ് തകര്‍ത്തു.

ജൂലൈയില്‍, ‘ഗ്ലോബല്‍ ടോപ്പ് സോങ്‌സ്’ ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ കെ-പോപ്പ് സോളോയിസ്റ്റിന്റെ ഗാനമായി ‘സെവന്‍’ മുമ്പ് സ്പോട്ടിഫൈയില്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. റിലീസായ ആദ്യത്തെ 24 മണിക്കൂറില്‍ 15 മില്യണ്‍ ഫസ്റ്റ്-ഡേ സ്ട്രീമുകള്‍ നേടുന്ന ലോകത്തിലെ ആദ്യ മെയില്‍ ആര്‍ട്ടിസ്റ്റായി ജങ്കൂക്ക് മാറിയിട്ടുണ്ടായിരുന്നു. ഒപ്പം ‘ബില്‍ബോര്‍ഡ് ഹോട്ട് 100’ലും ‘ഗ്ലോബല്‍ 200’ലും ഒന്നാം സ്ഥാനം നേടിയിരുന്നു.

ഇതോടൊപ്പം ജങ്കൂക്കിന്റെ പുതിയ സിംഗിള്‍ ‘3ഡി’ (feat. Jack Harlow) ഒക്ടോബര്‍ 14ന് സ്പോട്ടിഫൈയില്‍ 100 മില്യണ്‍ സ്ട്രീമുകള്‍ നേടി. ‘സെവന്‍’, ‘3ഡി’ എന്നിവ ജങ്കൂക്കിന്റെ വരാനിരിക്കുന്ന ആദ്യ സോളോ ആല്‍ബം ‘ഗോള്‍ഡനി (golden)’ലെ രണ്ട് ട്രാക്കുകളാണ്. ഇതിനകം രണ്ട് ട്രാക്കുകള്‍ക്കും ചേര്‍ത്ത് ആകെ ഒരു ബില്യണ്‍ സ്ട്രീമുകള്‍ നേടിയിട്ടുണ്ട്.

‘ഗോള്‍ഡന്‍’ ആല്‍ബം നവംബര്‍ 3ന് ലോകമെമ്പാടും ഒരേ സമയം റിലീസ് ചെയ്യും. ഈ ആല്‍ബത്തില്‍ ആകെ 11 ട്രാക്കുകളാണ് ഉള്ളത്. അതില്‍ രണ്ടെണ്ണം മാത്രമാണ് ഇതുവരെ റിലീസ് ചെയ്തിട്ടുള്ളത്. എന്നാല്‍ സോങ്ങുകളുടെ പൂര്‍ണമായ ലിസ്റ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ബി.ടി.എസ് ഇപ്പോള്‍ വ്യക്തിഗത കരിയര്‍ പിന്തുടരുന്നതിന് വേണ്ടിയുള്ള ഇടവേളയിലാണെങ്കിലും ബി.ടി.എസ് ആര്‍മി തങ്ങളുടെ പ്രിയപ്പെട്ട ബി.ടി.എസിന്റെ ഓരോ നേട്ടങ്ങളും ആഘോഷിക്കാറുണ്ട്. ഈ അടുത്തായിരുന്നു ബി.ടി.എസിലെ മറ്റൊരു അംഗമായ വി (v)യുടെ സോളോ ആല്‍ബമായ ‘ലേഓവര്‍’ സ്പോട്ടിഫൈയില്‍ 33 ദിവസം കൊണ്ട് 500 മില്യണ്‍ സ്ട്രീമുകള്‍ മറികടന്ന് റെക്കോഡിട്ടത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കെ-പോപ്പ് സോളോയിസ്റ്റ് ആല്‍ബമായിരുന്നു അത്.

Content Highlight: Bts Again; Jungkooks Song Seven With Spotify’s Fastest Ever Record

We use cookies to give you the best possible experience. Learn more