മലയാളികളായ കെ-പോപ്പ് ആരാധകര്‍ കെ-പോപ്പില്‍ നിന്ന് വരുന്ന വാര്‍ത്തകളെല്ലാം വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. കെ-പോപ്പ് ആരാധകര്‍ക്ക്, പ്രത്യേകിച്ച് ബി.ടി.എസ് ആര്‍മിക്ക് സന്തോഷമുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്.
ബി.ടി.എസ് ജങ്കൂക്കിന്റെ സോളോ സോങ്ങ് ‘സെവന്‍’ (feat. Latto) സ്പോട്ടിഫൈയില്‍ 900 മില്യണ്‍ സ്ട്രീമുകള്‍ മറികടന്നു. ഒക്ടോബര്‍ 14 വരെയുള്ള സ്ട്രീമിങ്ങിന്റെ കണക്ക് പ്രകാരമാണിത്. ഇതോടെ സ്പോട്ടിഫൈയുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സോങ്ങായി ഇതുമാറി.
അമേരിക്കന്‍ ഗായിക മൈലി സൈറസിന്റെ (Miley Cyrus) ‘ഫ്‌ളവേഴ്സ്’ എന്ന സോങ്ങിനെ മറികടന്നാണ് ജങ്കൂക്ക് ഈ നേട്ടം കൈവരിച്ചത്. ‘ഫ്‌ളവേഴ്സ്’ 93 ദിവസം കൊണ്ടായിരുന്നു സ്പോട്ടിഫൈയില്‍ 900 മില്യണ്‍ സ്ട്രീമുകള്‍ നേടിയത്. എന്നാല്‍ ജങ്കൂക്കിന്റെ ‘സെവന്‍’ 92 ദിവസം കൊണ്ട് ഈ റെക്കോഡ് തകര്‍ത്തു.
ജൂലൈയില്‍, ‘ഗ്ലോബല്‍ ടോപ്പ് സോങ്‌സ്’ ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ കെ-പോപ്പ് സോളോയിസ്റ്റിന്റെ ഗാനമായി ‘സെവന്‍’ മുമ്പ് സ്പോട്ടിഫൈയില്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. റിലീസായ ആദ്യത്തെ 24 മണിക്കൂറില്‍ 15 മില്യണ്‍ ഫസ്റ്റ്-ഡേ സ്ട്രീമുകള്‍ നേടുന്ന ലോകത്തിലെ ആദ്യ മെയില്‍ ആര്‍ട്ടിസ്റ്റായി ജങ്കൂക്ക് മാറിയിട്ടുണ്ടായിരുന്നു. ഒപ്പം ‘ബില്‍ബോര്‍ഡ് ഹോട്ട് 100’ലും ‘ഗ്ലോബല്‍ 200’ലും ഒന്നാം സ്ഥാനം നേടിയിരുന്നു.