|

രാജസ്ഥാനില്‍ ഗെലോട്ട് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ബി.ടി.പി എം.എല്‍.എമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ ബി.ടി.പി (ഭാരതീയ ട്രൈബല്‍ പാര്‍ട്ടി) പിന്‍വലിച്ചു. ബി.ടി.പിയുടെ രണ്ട് എം.എല്‍.എമാരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്.

സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളിലും സര്‍ക്കാരിലും വിമതനീക്കം നടന്നപ്പോഴാണ് ബി.ടി.പി ഗെലോട്ടിനൊപ്പം നിന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തങ്ങളെ കോണ്‍ഗ്രസ് സഹായിച്ചില്ലെന്നാരോപിച്ചാണ് ബി.ടി.പിയുടെ ഇപ്പോഴത്തെ നീക്കം.

അതേസമയം രാജസ്ഥാനിലെ ഡുംഗര്‍പൂരില്‍ ജില്ലാ പ്രമുഖിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ സഹായിച്ചു. ബി.ടി.പിയെ സ്ഥാനാര്‍ത്ഥിയെയാണ് ഇവിടെ കോണ്‍ഗ്രസ്, ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്ന് പരാജയപ്പെടുത്തിയത്.

ഡുംഗര്‍പൂരില്‍ 27 സീറ്റുകളില്‍ 13 എണ്ണവും ബി.ടി.പി പിന്തുണയുള്ള സ്വതന്ത്രരാണ് നേടിയത്. ബി.ജെ.പിയും കോണ്‍ഗ്രസും യഥാക്രമം 8, 6 സീറ്റുകളാണ് നേടിയത്.

കോണ്‍ഗ്രസിന്റെ സഹായത്തോടെ ബി.ടിപി ബോര്‍ഡ് രൂപീകരിക്കുമെന്ന സാഹചര്യം നിലനില്‍ക്കേയാണ് കോണ്‍ഗ്രസ് ബി.ജെ.പിക്ക് പിന്തുണ നല്‍കിയത്. ഇതോടെ സംഭവങ്ങള്‍ മാറിമറിഞ്ഞു.

ബി.ജെ.പി സ്ഥാനാര്‍ത്ഥി സൂര്യ അഹാരിയെ ജില്ലാ പ്രമുഖ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണച്ചതോടെ ബി.ടി.പി പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി അഹാരി ജില്ലാ പ്രമുഖായി തെരഞ്ഞെടുക്കപ്പെട്ടു. അഹാരി 14 വോട്ടാണ് നേടിയത്. എതിര്‍ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 13 വോട്ടാണ്.

അതേസമയം, നേതൃത്വം അറിയാതെയാണ് ഇത്തരമൊരു തീരുമാനമുണ്ടായതെന്നാണ് സംഭവത്തില്‍ കോണ്‍ഗ്രസിന്റെ വിശദീകരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BTP MLAs withdraw support from Ashok Gehlot-led govt in Rajasthan

Latest Stories