| Monday, 29th July 2019, 12:53 pm

കര്‍ണാടക സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ രാജിവെച്ചു. യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടിയ സാഹചര്യത്തിലാണ് രാജി.

സ്പീക്കര്‍ എന്ന നിലയില്‍ മാനസികമായി സമ്മര്‍ദ്ദത്തില്‍പ്പെട്ടാണ് കാര്യങ്ങളെല്ലാം ചെയ്തതെന്നും വിഷാദത്തിന്റെ കടലില്‍ താന്‍ വീണുപോയെന്നും രാജിക്ക് പിന്നാലെ കെ.ആര്‍ രമേഷ് കുമാര്‍ പറഞ്ഞു.

കര്‍ണാടക നിയസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 106 പേരുടെ പിന്തുണയോടെ യെദിയൂരപ്പ ഭൂരിപക്ഷം തെളിയിച്ചിരുന്നു.
ശബ്ദവോട്ടെടെടുപ്പായിരുന്നു നടന്നത്.

നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗം ഉള്‍പ്പെടെ 225 അംഗ സഭയില്‍ 104 സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്. നേരത്തെ കുമാരസ്വാമി സര്‍ക്കാറിനൊപ്പമുണ്ടായിരുന്ന രണ്ട് സ്വതന്ത്രര്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കിയിയിരുന്നു.

എന്നാല്‍ ജനവിധിയിലൂടെ ഒരിക്കലും മുഖ്യമന്ത്രിയായി അധികാരത്തിലെത്താന്‍ യെദിയൂരപ്പയ്ക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണം സര്‍ക്കാര്‍ കാഴ്ചവെക്കുകയാണെങ്കില്‍ തങ്ങളുടെ പിന്തുണയുണ്ടാകുമെന്നും എച്ച്.ഡി കുമാരസ്വാമി സഭയെ അറിയിച്ചു.

എന്നാല്‍ ജനങ്ങളുടെ വിശ്വാസം തകര്‍ക്കില്ലെന്നും പ്രതിപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്നാണ് കരുതുന്നതെന്നും യെദിയൂരപ്പ പറഞ്ഞു.

നാലാം തവണയാണ് യെദിയൂരപ്പ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുന്നത്. എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ വീണതോടെയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്.

We use cookies to give you the best possible experience. Learn more