| Wednesday, 7th August 2019, 6:15 pm

'ബി.എസ്.പി തങ്ങളുടെ കൂറ് വീണ്ടും ആരോടാണെന്ന് തെളിയിച്ചു'; കശ്മീര്‍ നിലപാടില്‍ ദളിതുകളും മുസ്‌ലിംങ്ങളും ബി.എസ്.പിയെ കയ്യൊഴിയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള മോദി സര്‍ക്കാര്‍ തീരുമാനത്തെ ബി.എസ്.പി പിന്തുണച്ചതില്‍ ഉത്തര്‍പ്രദേശിലെ ദളിത്, മുസ്‌ലിം അണികള്‍ക്കിടയില്‍ പ്രതിഷേധം. എന്താണ് ബി.എസ്.പിയുടെ രാഷ്ട്രീയ നിലപാടെന്ന് മനസ്സിലാവുന്നില്ലെന്നാണ് ദളിതുകള്‍ ഇപ്പോഴത്തെ നിലപാടിനെ കുറിച്ച് പറയുന്നത്.

ബില്ലിനെ ബി.എസ്.പി പിന്തുണക്കുമെന്ന് പ്രതിപക്ഷ നിര പ്രതീക്ഷിച്ചിരുന്നില്ല. ബില്ലിനെ പൂര്‍ണ്ണമായി പിന്തുണക്കുന്നുവെന്നാണ് ബി.എസ്.പി രാജ്യസഭ അംഗം സതീശ് മിശ്ര പറഞ്ഞത്. മുന്‍പ് കശ്മീരിലുള്ളവര്‍ക്ക് മറ്റെവിടെയും ഭൂമി വാങ്ങാന്‍ സാധിക്കുന്നുണ്ടെങ്കിലും കശ്മീരിന് പുറത്തുള്ളവര്‍ക്ക് കശ്മീരില്‍ വാങ്ങാന്‍ പറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബി.എസ്.പിയുടെ സര്‍ക്കാര്‍ അനുകൂല നിലപാടിനെ കുറിച്ച് മുന്‍ ബി.എസ്.പി നേതാവും ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഉദിത് രാജ് ഇതിനോട് പ്രതികരിച്ചു. ബി.എസ്.പി ഒരിക്കലും ദളിതുകള്‍ക്ക് വേണ്ടി തെരുവില്‍ ഇറങ്ങിയിട്ടില്ല. ബി.ജെ.പിക്കെതിരെ ഒരു വാക്ക് പോലും പാര്‍ലമെന്റില്‍ പറഞ്ഞിട്ടില്ല. ആര്‍ട്ടിക്കില്‍ 370നെ പിന്തുണക്കാന്‍ തീരുമാനിച്ചതിലൂടെ ബി.എസ്.പിയുടെ താല്‍പര്യങ്ങള്‍ മായാവതിയിലേക്കും അവരുടെ കുടുംബത്തിലേക്കും ചുരുങ്ങി എന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ഉദിത് രാജ് പറഞ്ഞു.

ബി.എസ്.പിയുടെ നിലപാട് മാറ്റമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഉത്തര്‍പ്രദേശിലെ ദളിതുകളില്‍ ചിലരെങ്കിലും ആരോപിക്കുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെ ഞങ്ങള്‍ പിന്തുണക്കുന്നു.പക്ഷെ, ബി.എസ്.പി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു, തങ്ങള്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നവരാണെന്ന്. പാര്‍ട്ടിക്ക് വളരെ ലളിതമായി വിഷയത്തില്‍ നിന്ന മാറാമായിരുന്നു. പക്ഷെ ബി.ജെ.പി പക്ഷത്ത് നില്‍ക്കണമായിരുന്നോ എന്ന് ആലോചിക്കാമായിരുന്നു. പാര്‍ട്ടിക്ക് പൂര്‍ണ്ണമായും മുസ്‌ലിം വോട്ടര്‍മാരുടെ പിന്തുണ നഷ്ടപ്പെട്ടിരിക്കുന്നു- മുസഫര്‍ നഗറിലുള്ള ബി.എസ്.പി പ്രവര്‍ത്തകന്‍ ഗുലാം ഭക്ഷ് പറഞ്ഞു.

ഗോരക്പൂര്‍, മുസഫര്‍ നഗര്‍ എന്നിവിടങ്ങളിലാണ് ബി.എസ്.പിക്കുള്ളില്‍ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്.

ബി.എസ്.പി തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയോടൊപ്പം പോയില്ല. പക്ഷെ ഇപ്പോള്‍ തങ്ങളുടെ കൂറ് ആരോടാണെന്ന് തെളിയിച്ചു. ഞങ്ങള്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടുവെന്ന് റഹ്മത് അലി ഖാന്‍ എന്ന ബി.എസ്.പി പ്രവര്‍ത്തകന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more