| Wednesday, 19th July 2023, 5:20 pm

എന്‍.ഡി.എയുമായോ ഇന്ത്യയുമായോ ധാരണയില്ല; 2024ലെ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി ഒറ്റക്ക് മത്സരിക്കും: മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2024 ലെ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഒറ്റക്ക് മത്സരിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

ഭരിക്കുന്ന പാര്‍ട്ടിയായ എന്‍.ഡി.എയുമായോ വിശാല പ്രതിപക്ഷ ഐക്യമായ ഇന്ത്യയുമായോ ധാരണയില്ലാത്ത പ്രാദേശിക പാര്‍ട്ടികളുമായി പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്നും ബി.എസ്.പി പ്രസ്താവനയിലൂടെ അറിയിച്ചു.

എന്‍.ഡി.എ സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യയും ദളിതര്‍ക്കും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കും എതിരായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ വിമര്‍ശനമുന്നയിച്ചു. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ ബി.എസ്.പിയെ പിന്തുണക്കുമെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് ജാതീയ ചിന്തകളിലേക്ക് മാറിയെന്നും അവരുടെ ആവശ്യങ്ങളെല്ലാം അവഗണിച്ചെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

‘ കോണ്‍ഗ്രസ് അവരുടെ ജാതീയ, മുതലാളിത്ത ചിന്ത മാറ്റി വെച്ച് പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്ത വിഭാഗങ്ങളുടേയും ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍, ബി. ആര്‍ അംബേദ്കറുടെ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍, ബി.എസ്.പി പോലൊരു പാര്‍ട്ടി രൂപീകരിക്കേണ്ടി വരില്ലായിരുന്നു.

അതേസമയം, ബെംഗളൂരുവില്‍ വെച്ച് നടന്ന രണ്ട് ദിവസത്തെ പ്രതിപക്ഷ യോഗത്തില്‍ 26 പാര്‍ട്ടികളാണ് പങ്കെടുത്തത്. 26 അംഗ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേരും യോഗത്തില്‍ നല്‍കി. രാഹുല്‍ ഗാന്ധിയാണ് പേര് നിര്‍ദേശിച്ചത്.

സ്ത്രീകള്‍, ദളിതര്‍, ആദിവാസികള്‍, കശ്മീരി പണ്ഡിറ്റുകള്‍ തുടങ്ങിയവര്‍ക്കെതിരെ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ തടയുമെന്ന് യോഗത്തില്‍ പ്രതിപക്ഷം തീരുമാനം എടുത്തു. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന എല്ലാ സമുദായങ്ങളെയും കേള്‍ക്കുമെന്നും ആദ്യഘട്ടമെന്ന നിലയില്‍ ജാതി സെന്‍സസ് നടപ്പാക്കുമെന്നും യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.

കോണ്‍ഗ്രസ്, അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ജനതാദള്‍ (യുണൈറ്റഡ്), ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ശിവസേന (യു.ബി.ടി), രാഷ്ട്രീയ ജനതാദള്‍, സമാജ്‌വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, സി.പി.ഐ.എം.എല്‍, രാഷ്ട്രീയ ലോക് ദള്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് (എം), മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കളാണ് കഴിഞ്ഞ ദിവസം യോഗത്തില്‍ പങ്കെടുത്തത്.

ദല്‍ഹിയില്‍ വെച്ച് നടന്ന എന്‍.ഡി.എ യോഗത്തില്‍ 38 പാര്‍ട്ടികളും പങ്കെടുത്തു.

Content Highlight:  BSP to fight Loksabha polls alone: Mayavathi

We use cookies to give you the best possible experience. Learn more