ന്യൂദൽഹി: ലോക്‌സഭാ എം.പിയും ബഹുജൻ സമാജ് പാർട്ടി നേതാവുമായ ഡാനിഷ് അലിയെ സസ്‌പെന്റ് ചെയ്ത് ബി.എസ്.പി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡാനിഷ് അലിയെ ബി.എസ്.പിയിൽ നിന്ന് പുറത്താക്കിയത്.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് നേരത്തെ തന്നെ ഡാനിഷ് അലിയോട് വ്യക്തമാക്കിയിരുന്നെന്നും നിബന്ധനകൾ പാലിക്കേണ്ടത് നിർബന്ധമാണെന്ന് അറിയിച്ചിരുന്നതായും ബി.എസ്.പി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഡാനിഷ് അലി നേരത്തേ ജനത പാർട്ടിയുടെ പ്രവർത്തകനായിരുന്നു. 2018ൽ കർണാടകയിൽ ബി.എസ്.പിയും ദേവഗൗഡയുടെ ജനതാ പാർട്ടിയും ഒരുമിച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. പിന്നീട് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന വ്യവസ്ഥയിൽ അംറോഹയിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡാനിഷ് അലിക്ക് ബി.എസ്.പി ടിക്കറ്റ് നൽകിയിരുന്നു.
എന്നാൽ പാർട്ടിയുടെ വ്യവസ്ഥയിൽ മാറ്റം വരുത്തിയതിനാലും വാഗ്ദാനങ്ങൾ മറന്നതിനാലുമാണ് ഡാനിഷ് അലിയെ ബി.എസ്.പിയിൽ നിന്ന് പുറത്താക്കുന്നതെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പലപ്പോഴായും പാർട്ടിയുടെ നയങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനും എതിരായ രീതിയിൽ പ്രസ്താവനകളും പ്രവർത്തനങ്ങളും ഡാനിഷ് അലി നടത്തിയിട്ടുണ്ടെന്ന് ബി.എസ്.പി നേതാക്കൾ പറഞ്ഞു.
കുറച്ചുകാലം ലോക്സഭയിലെ 10 അംഗ ബി.എസ്.പി ലെജിസ്ലേച്ചർ പാർട്ടിയുടെയും തലവനായിരുന്നു അലി. പി.ആർ.എസ് റിസർച്ച് ഡാറ്റകൾ അനുസരിച്ച് ഡാനിഷ് അലി ഒരു സജീവ പാർലമെന്റേറിയനാണ്. ലോക്സഭയിൽ 98 ശതമാനം ഹാജർ രേഖപ്പെടുത്തുകയും ദേശീയ ശരാശരിയേക്കാൾ കൂടുതൽ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: B.S.P suspended Danish Ali from the party