| Saturday, 12th June 2021, 10:34 am

പഞ്ചാബില്‍ നിര്‍ണായക രാഷ്ട്രീയനീക്കം; ശിരോമണി അകാലിദളും ബി.എസ്.പിയും ഒന്നിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി സഖ്യം ചേരാന്‍ ശിരോമണി അകാലിദള്‍. ഒന്നിച്ചുമത്സരിക്കുന്നതില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ തത്വത്തില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ ബാദലും ബി.എസ്.പി. നേതാവ് സതീഷ് ചന്ദ്ര മിശ്രയും ശനിയാഴ്ച യോഗം ചേരും.

ബി.എസ്.പി. 20 സീറ്റില്‍ മത്സരിക്കാനാണ് സാധ്യത. അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ദളിത് സമുദായത്തിന് നല്‍കുമെന്ന് ശിരോമണി അകാലിദള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചാബിലെ ജനസംഖ്യയില്‍ 32 ശതമാനവും ദളിതരാണ്. കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. സഖ്യം ഉപേക്ഷിച്ച ശിരോമണി അകാലിദള്‍, മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് അധികാരത്തിലെത്താനാണ് ശ്രമിക്കുന്നത്.

1996 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി.-ശിരോമണി അകാലിദള്‍ സഖ്യം വലിയ വിജയം പഞ്ചാബില്‍ നേടിയിരുന്നു. ആകെയുള്ള 13 സീറ്റില്‍ 11 ഉം ബി.എസ്.പി.-ശിരോമണി അകാലിദള്‍ സഖ്യത്തിനായിരുന്നു.

മത്സരിച്ച മൂന്ന് സീറ്റിലും ബി.എസ്.പി. ജയിച്ചപ്പോള്‍ ശിരോമണി അകാലിദള്‍ 10 സീറ്റില്‍ മത്സരിച്ച് എട്ടെണ്ണത്തിലും ജയം സ്വന്തമാക്കി.

പഞ്ചാബിലെ ദളിത് വോട്ടുകളില്‍ ബി.എസ്.പിയ്ക്ക് കാര്യമായ സ്വാധീനമുണ്ട്. ദോബ മേഖലയിലെ 23 സീറ്റുകളില്‍ ബി.എസ്.പി-ശിരോമണി അകാലിദള്‍ സഖ്യം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

2022 ലാണ് പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ കോണ്‍ഗ്രസാണ് സംസ്ഥാനം ഭരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BSP Shiromani Akalidal Punjab Election Congress

We use cookies to give you the best possible experience. Learn more