| Monday, 16th January 2017, 10:40 am

യു.പിയില്‍ ബി.ജെ.പിയുടെ വിജയം ഇല്ലാതാക്കാന്‍ ബി.എസ്.പിക്ക് മാത്രമേ കഴിയൂ: കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ചിത്രത്തില്‍ ഇല്ലാതായെന്നും മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാന്‍ ബി.എസ്.പിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് ബി.എസ്.പി പ്രസിഡന്റ് മായാവതി. അസംബ്ലി തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിച്ച് ബി.എസ്.പി അധികാരത്തിലെത്തുമെന്നും മായാവതി അവകാശപ്പെട്ടു.

ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമുണ്ടാക്കില്ല. ബിഎസ്പി ഒറ്റയ്ക്കായിരിക്കും മത്സരിക്കുക. സമാജ്വാദി പാര്‍ട്ടിയും  കോണ്‍ഗ്രസും ചേര്‍ന്നാലും ബി.ജെ.പിയെ തടയാന്‍ കഴിയില്ലെന്നും ബി.എസ്.പി അധ്യക്ഷ പറഞ്ഞു.

ബിജെപിയുടെ നോട്ടുറദ്ദാക്കല്‍ പോലുള്ള അപക്വ നടപടികളെയും എസ്.പിയുടെ ഗുണ്ടാഭരണത്തെയും ചെറുക്കാന്‍ ബിഎസ്പിക്കു മാത്രമേ സാധിക്കൂ. അഖിലേഷ് യാദവ് അഴിമതിക്കാരനാണെന്നും മായാവതി പറഞ്ഞു.


നോട്ട് നിരോധിക്കലിന്റെ പരിണിത ഫലങ്ങള്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിടാന്‍ ബി.ജെ.പി തയാറായിക്കൊള്ളൂ. സര്‍ക്കാരിന്റെ തലതിരിഞ്ഞ തീരുമാനത്തിലൂടെ രാജ്യത്തെ 90 ശതമാനം ജനങ്ങളും അസ്ഥിപഞ്ജരങ്ങള്‍ മാത്രമായി മാറിക്കഴിഞ്ഞു. നോട്ട് നിരോധിക്കലിനുശേഷം എത്ര കള്ളപ്പണം പിടിച്ചെടുക്കാന്‍ കഴിഞ്ഞെന്നു മോദി രാജ്യത്തോടു വ്യക്തമാക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.

യു.പിയില്‍ പരാജയപ്പെടുന്നതോടെ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത ബി.ജെ.പിക്ക് നഷ്ടമാകുമെന്നും മായാവതി പറഞ്ഞു.

അതേസമയം മായാവതിയുടെ 61ാം പിറന്നാള്‍ ഇത്തവണ വളരെ ലളിതമായാണ് ആഘോഷിക്കുന്നത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ പശ്ചാത്തലത്തിലാണിത്. മുന്‍വര്‍ഷങ്ങളില്‍ വിപുലമായി ആഘോഷിക്കുകയും വലിയ സ്‌ക്രീനുകളിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

പിറന്നാള്‍ ദിനങ്ങളില്‍ അണിയാറുള്ള പിങ്ക് നിറമുള്ള സാരി ധരിച്ചാണു മായാവതി അനുയായികള്‍ക്കിടയിലേക്കു വന്നത്. തന്റെ പോരാട്ടങ്ങളെയും പാര്‍ട്ടിയുടെ വളര്‍ച്ചയെയും പ്രതിപാദിക്കുന്ന പുസ്തകം പ്രകാശനം ചെയ്തു. എന്നാല്‍ പെരുമാറ്റച്ചട്ടമുള്ളതിനാല്‍ പുസ്തകം വിതരണം ചെയ്തില്ല.

അതേസമയം മായാവതിയുടെ പരിഭ്രാന്തിയാണ് വാക്കുകളില്‍ തെളിയുന്നതെന്നു ബിജെപി പറഞ്ഞു. മായാവതിയുടെ സഹോദരനെതിരെ കേസെടുത്തതു ഗൂഢാലോചനയുടെ ഭാഗമാണെന്ന വാദവും പാര്‍ട്ടി തള്ളി.

കോണ്‍ഗ്രസ് ഭരണകാലത്താണ് ആനന്ദ് കുമാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. തന്റെ സഹോദരന്‍ നിരപരാധിയാണെങ്കില്‍ അതിന്റെ തെളിവുകള്‍ മായാവതി ഹാജരാക്കണമെന്നു ബി.ജെ.പി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ പറഞ്ഞു.

We use cookies to give you the best possible experience. Learn more