ലക്‌നൗ: പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ച് ബി.എസ്.പി എം.പി റിതേഷ് പാണ്ഡെ. രാജിവച്ചതിന് തൊട്ടുപിന്നാലെ റിതേഷ് പാണ്ഡെ ന്യൂഡൽഹിയിൽ എത്തുകയും ബി.ജെ.പിയിൽ അംഗത്വം എടുക്കുകയും ചെയ്തു. ബി.എസ്.പിക്ക് തന്നെ ഇപ്പോൾ ആവശ്യമില്ലെന്നും കാരണം അവർ തന്നെ ദീർഘകാലമായി ഒരു യോഗത്തിനും വിളിക്കുന്നില്ലെന്നും, പാർട്ടി നേതൃത്വമോ മായാവതിയോ തന്നോട് സംസാരിച്ചിട്ടില്ലെന്നും റിതേഷ് പറഞ്ഞു.
പാർലമെൻ്റ് കാൻ്റീനിൽ മറ്റ് ഏഴ് പ്രതിപക്ഷ എം.പിമാർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉച്ചഭക്ഷണ വിരുന്നിന് പങ്കെടുത്തതിന് ശേഷമാണ് പാണ്ഡെയുടെ രാജി. മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി തന്നെ വിളിച്ചത് വളരെ ബഹുമാനത്തോടെ കാണുന്നു എന്നാണ് പാണ്ഡെ പറഞ്ഞത്.
‘പ്രധാനമന്ത്രി നരേന്ദ്രമോദിജി ഇന്ന് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചതിൽ ഒരുപാട് സന്തോഷം. 2001ലെ ഭുജ് ഭൂകമ്പത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്‌ചകളും കൊവിഡ്-19 പാൻഡെമിക്കിനോട് പ്രതികരിച്ചതും എങ്ങനെയെന്ന് മനസിലാക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്. എന്തൊരു ഉൾക്കാഴ്ചയുള്ള ചർച്ച – ഞങ്ങളെ വിളിച്ചതിന് നന്ദി,’ എന്നാണ് പാണ്ഡെ പറഞ്ഞത്.
അതേസമയം ആർ.എസ്.പി എം.പി എൻ.കെ പ്രേമചന്ദ്രൻ വിരുന്നിൽ പങ്കെടുത്തത് വലിയ വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ഉച്ചഭക്ഷണം കഴിച്ച സംഭവത്തില്‍ തന്നെ മോദിയുടെ ഓഫീസിലേക്ക് എത്തണമെന്ന് പറഞ്ഞാണ് വിളിച്ചതെന്നും കാന്റീനിലേക്ക് ഭക്ഷണം കഴിക്കാന്‍ വേണ്ടിയായിരുന്നു ക്ഷണമെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് പ്രേമചന്ദ്രൻ നൽകിയ മറുപടി.
കൂട്ടത്തില്‍ എന്‍.ഡി.എ ഇതര എം.പിയായി താന്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും തന്നെ അതിന് തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണെന്ന് അറിയില്ലെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രേമചന്ദ്രന്‍ പറഞ്ഞിരുന്നു.
Content Highlight: BSP MP Ritesh pande joined in BJP