എത്തിക്‌സ് കമ്മിറ്റിയുടെ തിരക്കഥ മറ്റെവിടെയോ എഴുതിയത്: ഡാനിഷ് അലി
national news
എത്തിക്‌സ് കമ്മിറ്റിയുടെ തിരക്കഥ മറ്റെവിടെയോ എഴുതിയത്: ഡാനിഷ് അലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th November 2023, 8:01 am

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് മറ്റെവിടയോ എഴുതിയതാണെന്ന് ബി.എസ്.പി എം.പി ഡാനിഷ് അലി. കമ്മിറ്റിയില്‍ അംഗം അല്ലാതിരുന്നിട്ടുപോലും ബിജെപി എം.പി നിഷികാന്ത് ദുബെയ്ക്ക് രഹസ്യ രേഖകളുടെ വിവരങ്ങള്‍ ലഭിച്ചു എന്നും ഡാനിഷ് അലി പറഞ്ഞു.

‘നിഷികാന്ത് ദുബെ ഈ ലോക്സഭയിലെ ഏറ്റവും അറിവുള്ള വ്യക്തിയാണെന്ന് തോന്നുന്നു. രഹസ്യ റിപ്പോര്‍ട്ടുകളും എത്ര തവണ ലോഗിന്‍ ചെയ്തു എന്നതു പോലുള്ള കാര്യങ്ങളും അദ്ദേഹം അറിയുകയും ട്വീറ്റ് ചെയ്യുകയും ചെയ്തു,’ ഡാനിഷ് അലി പി.ടി.ഐയോട് പറഞ്ഞു. ഇതിനര്‍ത്ഥം റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം നേരത്തെ വെളിപ്പെട്ടു എന്നതാണ് അദ്ദേഹം പറഞ്ഞു.

ബി.ജെ.പി എം.പി വിനോദ് കുമാര്‍ സോങ്കര്‍ അധ്യക്ഷനായ 10 അംഗം എത്തിക്‌സ് കമ്മിറ്റിയാണ് മൊയ്ത്രക്കെതിരായ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനായി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് നിയമ വിരുദ്ധമായി പണം വാങ്ങിയതിന് മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കണമെന്നാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തത്. കമ്മിറ്റിയുടെ മുമ്പാകെ ചെയ്ത അസഭ്യമായ വാക്കുകള്‍ ഉപയോഗിച്ചതായും സഭയെ അവഹേളിച്ചതായും കമ്മിറ്റി പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ രഹസ്യ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുന്നത് ലോക്‌സഭയിലെ നടപടി ക്രമങ്ങളുടെയും പെരുമാറ്റ ചട്ടത്തിന്റെയും 275-ാം വകുപ്പുപ്രകാരം തെറ്റാണെന്ന് ഡാനിഷ് അലി പറഞ്ഞു.

‘കമ്മിറ്റിയില്‍ അംഗം പോലുമല്ലാത്ത നിഷികാന്ത് ദുബെ എല്ലാ രഹസ്യ റിപ്പോര്‍ട്ടുകളും ട്വീറ്റ്‌ ചെയ്യുന്നു. ഞാന്‍ കമ്മിറ്റിയില്‍ അംഗമാണ് എന്താണ് തീരുമാനിച്ചത് എന്ന് പറയാന്‍ കഴിയില്ല. എല്ലാം പരസ്യമാക്കപ്പെടുകയാണ്. ഇത് കാണിക്കുന്നത് തിരക്കഥ മറ്റെവിടെയോ എഴുതി എന്നതാണ്,’ ഡാനിഷ് അലി പറഞ്ഞു.

475 പേജ് ഉള്ള റിപ്പോര്‍ട്ട് ലോക്‌സഭാ സ്പീക്കര്‍ മുമ്പില്‍ സമര്‍പ്പിച്ചു. മുന്‍കൂട്ടി തീരുമാനിച്ച് തയ്യാറാക്കിയ പദ്ധതിയാണെന്നും ഇത് ജനാധിപത്യത്തിന്റെ മരണമാണെന്നുമാണ് മഹുവ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചത്.

Content highlight : BSP MP Danish Ali says ethics panel’s ‘script written somewhere else’