അലഹാബാദ്: ബി.എസ്.പി നേതാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അലഹബാദില്‍ വ്യാപക സംഘര്‍ഷം.കൊലപാതകികളെ കണ്ടെത്താന്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരാപിച്ചായിരുന്നു ബി.എസ്.പി പ്രവര്‍ത്തകരുടെ അതിക്രമം.
സംഘര്‍ഷത്തില്‍ അലഹബാദില്‍ രണ്ട് ബസുകള്‍ കത്തിക്കുകയും ഒരു ക്ലിനിക്ക് തല്ലിതകര്‍ക്കുകയും ചെയ്തു.അമ്പതോളം വരുന്ന പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തി സ്വകാര്യ ക്ലിനിക്ക് തല്ലിത്തകര്‍ത്തത്. പ്രദേശത്തെ രണ്ട് ബസുകള്‍ കത്തിക്കുകയുമായിരുന്നു. സംഘര്‍ഷം റിപ്പേര്‍ട്ടുചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി.
ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് രാജേഷ് യാദവ് എന്ന ബി.എസ്.പി നേതാവ് അലഹാബാദ് സര്‍വ്വകലാശാല ഹോസ്റ്റലിന് സമീപത്ത് വെടിയേറ്റ് മരിച്ചത്. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം യാദവ് സുഹൃത്ത് ഡോ. മുകുള്‍ സിങ്ങുമായി താരാന്‍ ചന്ദ് ഹോസ്റ്റലില്‍ ഒരാളെ കാണാനായി പോയതായിരുന്നു. രാജേഷിന്റെ കാറില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയതായി പോലീസ് സൂപ്രണ്ട് സിദ്ധാര്‍ഥ് ശങ്കര്‍ മീണ മാധ്യമങ്ങളോട് പറഞ്ഞു.
രാജേഷ് യാദവിന്റെ കൊലപാതകത്തിനു പിന്നാലെയുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്നും കുറ്റവാളികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭദോഹി ജില്ലയിലെ ജൗന്‍പുരി മണ്ഡലത്തില്‍ നിന്നും ബി.എസ്.പിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു കൊല്ലപ്പെട്ട രാജേഷ്.