| Friday, 14th August 2020, 10:37 am

'കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യരുത്'; രാജസ്ഥാനിലെ എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കി ബി.എസ്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭയില്‍ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബി.ജെ.പി അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസിന് എതിരായി വോട്ടുചെയ്യണമെന്ന് എം.എല്‍.എമാരോട് ബി.എസ്.പി. ഇക്കാര്യം ആവശ്യപ്പെട്ട് ആറ് എം.എല്‍.എമാര്‍ക്ക് ബി.എസ്.പി വിപ്പ് നല്‍കി.

വെള്ളിയാഴ്ച നിയമസഭയില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിലോ മറ്റേതെങ്കിലും നടപടികളിലോ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യരുതെന്നാണ് നിയമസഭാംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഉദയ്പൂര്‍വതിയില്‍ നിന്നുള്ള എം.എല്‍.എ രാജേന്ദ്ര ഗുഡ, ജോഗേന്ദ്ര സിംഗ് അവാന (നദ്ബായ്), വാജിബ് അലി, ലഖാന്‍ സിംഗ് മീന (കരോലി), സന്ദീപ് യാദവ് (തിജാര), ദീപ്ചന്ദ് ഖേരിയ (കിഷന്‍ഗര്‍ബാസ്) എന്നീ എം.എല്‍.എമാരാണ് കഴിഞ്ഞ സെപ്റ്റംബറില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

അതേസമയം ബി.എസ്.പി എം.എല്‍.എമാരെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്നുമായി ബന്ധപ്പെട്ടുള്ള ഹരജിയില്‍ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഇന്ന് വാദം നടക്കുന്നുണ്ട്. ബി.ജെ.പി എം.എല്‍.എ മദന്‍ ദിലാവറും ബി.എസ്.പി ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയും ചേര്‍ന്നാണ് ഹരജി നല്‍കിയത്.

ഇന്ന് നടക്കുന്ന നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ബി.ജെ.പി തീരുമാനിച്ചത്.

അതേസമയം ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തങ്ങള്‍ വിശ്വാസ വോട്ടെടുപ്പിന് അനുമതി നേടുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പൈലറ്റ് തിരിച്ചുവന്നതോടെ കോണ്‍ഗ്രസിന് ഇപ്പോള്‍ 107 എം.എല്‍.എ മാരുടെ പിന്തുണയുണ്ട്. അതോടൊപ്പം 13 സ്വതന്ത്രരും നിലവില്‍ കോണ്‍ഗ്രസിനെയാണ് പിന്തുണയ്ക്കുന്നത്. 200 അംഗങ്ങളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 125 ആണ്.

അതേസമയം നിയമസഭയിലെ ബി.ജെ.പിയുടെ അംഗബലം 75 ആണ്. ഈ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയത്തിന് സാധ്യതകള്‍ മങ്ങുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more