ന്യൂദല്‍ഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ ബി.എസ്.പിയുടെ ദയനീയ തോല്‍വിക്ക് കാരണം ജാട്ട് സമുദായത്തിന്റെ ജാതി മനോഭാവമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. തെരഞ്ഞെടുപ്പില്‍ ബി.എസ്.പി ഐ.എന്‍.എല്‍.ഡിയുമായി സഖ്യമുണ്ടാക്കിയെങ്കിലും ജാട്ട് സമുദായത്തിലെ ജനങ്ങള്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാതിരുന്നതാണ് പരാജയത്തിന് കാരണമായതെന്നും മുന്‍ യു.പി മുഖ്യമന്ത്രികൂടിയായ മായാവതി എക്‌സില്‍ പങ്ക് വെച്ച കുറിപ്പില്‍ ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ ജാട്ട് വിഭാഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹരിയാനയിലെ ജാട്ട് സമുദായക്കാരുടെ ചിന്താഗതി വളരെ പിന്നിലാണെന്ന് പറഞ്ഞ മായാവതി ഈ ചിന്താഗതി മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. യു.പിയിലെ ജനങ്ങള്‍ ആ ചിന്ത മറികടന്നതിനാല്‍ അവര്‍ക്ക് ബി.എസ്.പിയില്‍ നിന്നും മന്ത്രിമാരേയും എം.എല്‍.എ മാരേയും ലഭിച്ചെന്നും മായാവതി ചൂണ്ടിക്കാട്ടി.
‘ഇന്നത്തെ ഫലം കാണിക്കുന്നത് ജാട്ട് സമുദായത്തിലെ ജാതിമനോഭാവമുള്ളവര്‍ ബി.എസ്.പിക്ക് വോട്ട് ചെയ്യാത്തതിനാല്‍ ഞങ്ങള്‍ക്ക് കിട്ടേണ്ടിയിരുന്ന മുഴുവന്‍ വോട്ടുകളും മറ്റ് പാര്‍ട്ടിക്കാര്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടു. പലയിടങ്ങളിലും ബി.എസ്.പി സ്ഥാനാര്‍ത്ഥികള്‍ ചെറിയ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്,’ മായാവതി എക്‌സില്‍ പങ്ക് വെച്ച കുറിപ്പില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തുവന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ബി.എസ്.പി ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. മത്സരിച്ച ഒരു സീറ്റില്‍ പോലും ബി.എസ്.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാനായില്ല. എന്നാല്‍ സഖ്യക്ഷിയായ ഐ.എന്‍.എല്‍.ഡി(ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍) ന് രണ്ട് സീറ്റുകള്‍ ലഭിച്ചിരുന്നു. ഇലക്ഷന്‍ കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ബി.എസ്.പിക്ക് 1.82 ശതമാനം വോട്ടും ഐ.എന്‍.എല്‍.ഡിക്ക് 4.14 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. ചില മണ്ഡലങ്ങളില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥികള്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയെങ്കിലും വിജയം കൈവരിക്കാന്‍ സാധിച്ചിരുന്നില്ല.
1989ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജ്‌നോറില്‍ നിന്നാണ് മായാവതി ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്. 1994 മുതല്‍ 1996 വരെ രാജ്യസഭാംഗമായിരുന്ന മായാവതി 1995ല്‍ ആദ്യമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
1997ല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച മായാവതി 1998, 1999 വര്‍ഷങ്ങളില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയുണ്ടായി. 2002 മുതല്‍ 2003 വരെയുള്ള കാലയളവില്‍ മായാവതി വീണ്ടും യു.പി മുഖ്യമന്ത്രിയാവുകയുണ്ടായി. 2004ല്‍ അക്ബര്‍പൂരില്‍ നിന്ന് വീണ്ടും ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
2007ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി വിജയം കൈവരിച്ചതോടെ മായാവതി വീണ്ടും മുഖ്യമന്ത്രിയായി. അതേസമയം 2012ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി കനത്ത തോല്‍വി നേരിട്ടു. തുടര്‍ന്ന് 2017ലെ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടതോടെ ബി.എസ്.പി യു.പിയില്‍ അപ്രസക്തമായി. എന്നാല്‍ ഹരിയാനയിലെ ദളിത് സമുദായങ്ങള്‍ക്കിടയില്‍ ബി.എസ്.പിക്ക് ഇപ്പോഴും സ്വാധീനമുണ്ട്.
അതേസമയം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി ഒറ്റയ്ക്കാണ് മത്സരിച്ചത്. പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യത്തെ മായാവതി തള്ളി പറയുകയും ചെയ്തിരുന്നു.
Content Highlight: BSP Chief Mayawati blames Jat community over election loss in Haryana