ഹരിയാനയിലെ കൈഥല്‍ നിയമസഭാ മണ്ഡലം ഇപ്പോള്‍ കോണ്‍ഗ്രസിന് അഭിമാനപ്രശ്നം കൂടിയാണ്. പ്രത്യേകിച്ച്, ദേശീയവക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയ്ക്ക്. മൂന്നുവട്ടം തുടര്‍ച്ചയായി സുര്‍ജേവാല കുടുംബം വിജയിച്ചുകയറിയ മണ്ഡലം ഇക്കുറി ബി.ജെ.പി പിടിച്ചെടുക്കുമോ എന്ന ആശങ്കയിലാണ് സുര്‍ജേവാലയും കോണ്‍ഗ്രസും. സിറ്റിങ് എം.എല്‍.എ കൂടിയായ രണ്‍ദീപ് തന്നെയാണ് ഇവിടെ കോണ്‍ഗ്രസിനു വേണ്ടി പടക്കളത്തിലിറങ്ങിയിരിക്കുന്നതും.
കാരണം, 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൈഥല്‍ മണ്ഡലത്തില്‍ മാത്രം ബി.ജെ.പി നേടിയത് 56,180 വോട്ടിന്റെ ഭൂരിപക്ഷമാണ്. ബാലാകോട്ട്, പുല്‍വാമ സംഭവങ്ങളുടെ പേരില്‍ മാത്രം ലഭിച്ചതാണ് ഈ ഭൂരിപക്ഷമെന്നും ഇക്കുറി അതു പ്രതിഫലിക്കില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ വാദം.
2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 20,000 വോട്ടിന്റെ ലീഡുണ്ടായിട്ടും നിയമസഭയിലേക്ക് മത്സരിച്ച സുര്‍ജേവാലയ്ക്ക് 23,675 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതാണ് കോണ്‍ഗ്രസിന്റെ ആശ്വാസം. 2014-ല്‍ ബി.ജെ.പി മൂന്നാം സ്ഥാനത്താണെന്നതും ഓര്‍ക്കണം.
തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പേ സുര്‍ജേവാലയ്ക്ക് ആശ്വാസം പകരുന്ന ചില കാര്യങ്ങളുണ്ടായി. ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന മദന്‍ ലാല്‍ ഗുജ്ജര്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് സുര്‍ജേവാലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ മദന്‍ ലാല്‍ ഗുജ്ജറിന് ലഭിക്കുമായിരുന്ന ദളിത്-പിന്നോക്ക വോട്ടുകള്‍ സുര്‍ജേവാലയ്ക്ക് ലഭിക്കുമെന്ന ആശ്വാസത്തിലാണ് കോണ്‍ഗ്രസ്.
അതോടൊപ്പം മുന്‍ ഐ.എന്‍.എല്‍.ഡി എം.എല്‍.എ ജോഗിറാം ബാല്‍മീകി, ഐ.എന്‍.എല്‍.ഡി വക്താവ് ദരംബീര്‍ കെമിസ്റ്റ് എന്നിവരും സുര്‍ജേവാലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതും കോണ്‍ഗ്രസിന് സന്തോഷം പകരുന്നു.
2005-ല്‍ സുര്‍ജേവാലയുടെ അച്ഛന്‍ ഷംഷേര്‍സിങ്ങിലൂടെയാണ് ആദ്യമായി മണ്ഡലം സുര്‍ജേവാല കുടുംബത്തിലേക്കെത്തുന്നത്. അവിടം മുതല്‍ മൂന്നതവണ തുടര്‍ച്ചയായി പരാജയം അറിഞ്ഞ ലോക്ദള്‍ സ്ഥാനാര്‍ഥി കൈലാഷ് ഭഗത് ഇക്കുറി ബി.ജെ.പിയെ പിന്തുണച്ച് മത്സരരംഗത്തിറങ്ങിയിട്ടില്ല.
രണ്ടായിരത്തില്‍ ലോക്ദള്‍ ടിക്കറ്റില്‍ ജയിച്ച ലീലാറാം ഗുജ്ജറാണ് ബി.ജെ.പി ടിക്കറ്റില്‍ ഇത്തവണ മത്സരിക്കുന്നത്. ഗുജ്ജറുകള്‍ ഏറെയുള്ള മണ്ഡലത്തില്‍ ലീലാറാം വിജയം നേടുമെന്നാണ് ബി.ജെ.പി ഉറച്ചുവിശ്വസിക്കുന്നത്.
സുര്‍ജേവാലയെ ഹരിയാനയുടെ ഭാവി മുഖ്യമന്ത്രി എന്ന സങ്കല്‍പ്പത്തിലൂന്നിയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്കു ശേഷമാണ് ഇതു സാധ്യമാവുകയെന്ന് അദ്ദേഹത്തിനും അറിയാം.