ന്യൂദല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’ നല്‍കിയ അവിശ്വാസ പ്രമേയത്തെ പിന്തുണക്കേണ്ടെന്ന നിലപാടുമായി മായാവതിയുടെ ബി.എസ്.പിയും ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസും.
അവിശ്വാസ പ്രമേയത്തെ തുടര്‍ന്നുള്ള ചര്‍ച്ച കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും തളര്‍ത്തുമെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി(ബി.എസ്.പി) എം.പി മലൂക്ക് നഗര്‍
എ.എന്‍.ഐയോട് സംസാരിക്കവെ അഭിപ്രായപ്പെട്ടു.
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇതിനകം പ്രതികരിച്ചതിനാല്‍ സമ്മേളനം സ്തംഭിപ്പിക്കേണ്ടതില്ലെന്നാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വിജയസായി റെഡ്ഡി അറിയിച്ചത്.
‘മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ചര്‍ച്ചക്ക് മറുപടി നല്‍കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ സമ്മതിച്ചതിന് ശേഷവും പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതിനെ വൈ.എസ്.ആര്‍ പിന്തുണയ്ക്കുന്നില്ല.
മണിപ്പൂര്‍ വിഷയം ആഭ്യന്തര സുരക്ഷാ പ്രശ്‌നമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ പരിധിയിലാണ് അത് വരുന്നത്. ലോക്‌സഭയും രാജ്യസഭയും തടസപ്പെടുത്തുന്നത് കാര്യങ്ങള്‍ വഷളാക്കും,’വിജയസായി ട്വിറ്റ് ചെയ്തു.
അതിനിടെ അവിശ്വാസപ്രമേയ നോട്ടീസിന് ലോക്‌സഭയില്‍ അവതരണാനുമതി നല്‍കിയിരുന്നു. അടുത്ത 10 ദിവസത്തിനകം പ്രമേയം ചര്‍ച്ച ചെയ്യാനുള്ള തീയതി കക്ഷിനേതാക്കളുമായി സംസാരിച്ചു തീരുമാനിക്കുമെന്ന് സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചു. കുറഞ്ഞത് 50 പേരുടെയെങ്കിലും പിന്തുണയുണ്ടെങ്കിലേ പ്രമേയത്തിന് അവതരണാനുമതി ലഭിക്കൂ.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഭരണകക്ഷിക്കെതിരെയുള്ള 28ാം അവിശ്വാസ പ്രമേയമാണ് നടക്കാന്‍ പോകുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ രണ്ടാമത്തേതും.
Content Highlight: BSP and YSR Congress may abstain from the no-confidence motion against the Centre