ഭോപ്പാല്‍: മധ്യപ്രദേശില്‍ വെട്ടിലായി ബി.ജെ.പി. ഇന്‍ഡോറില്‍ നിന്ന് എതിരില്ലാതെ ലോക്‌സഭയിലെത്താനുള്ള ബി.ജെ.പി ശ്രമങ്ങളെ തടഞ്ഞ് ബി.എസ്.പിയും എസ്.യു.സി.ഐയും. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ശങ്കര്‍ ലാല്‍വാനിക്കെതിരെ ബി.എസ്.പിയുടെ സഞ്ജയ് സോലങ്കിയും എസ്.യു.സി.ഐയുടെ അജിത് സിങ് പന്‍വാറുമാണ് ഇന്‍ഡോറില്‍ മത്സരിക്കുന്നത്.
എസ്.യു.സി.ഐ, അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ഭാരതീയ ജനതന്ത്ര മോര്‍ച്ച, ലോഖിത് അധികാര് പാര്‍ട്ടി, പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (ഡെമോക്രാറ്റിക്) എന്നീ പാർട്ടികളിൽ നിന്ന് ഓരോരുത്തരും രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളും നാമനിര്‍ദേശ പത്രിക കൈപ്പറ്റിയിരുന്നതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ നിലവില്‍ ഇന്‍ഡോറില്‍ ബി.ജെ.പി വിരുദ്ധ പക്ഷത്ത് അവശേഷിക്കുന്നത് ബി.എസ്.പിയും എസ്.യു.സി.ഐയും മാത്രമാണ്.
കഴിഞ്ഞ ദിവസം ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതിനുപിന്നാലെ ഇന്‍ഡോര്‍ ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസിന് ഒരു വെല്ലുവിളിയായി മാറി.
നിലവില്‍ ഇന്‍ഡോറിലെ വോട്ടര്‍മാര്‍ നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതായും പ്രചരണം നടത്തുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
അക്ഷയ് ബാമിനെ ക്ഷണിച്ചുകൊണ്ട് ബി.ജെ.പി നേതാക്കള്‍ ട്വീറ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചത്. ബി.ജെ.പി എം.എല്‍.എ രമേശ് മെന്‍ഡോളയ്‌ക്കൊപ്പമാണ് അക്ഷയ് ബാം പത്രിക പിന്‍വലിക്കാനെത്തിയത്.
ബി.ജെ.പി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കൈലാഷ് വിജയവര്‍ഗീയ എക്‌സില്‍ അക്ഷയ്‌ന്റെ ഫോട്ടോ പങ്കുവെക്കുകയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
ഗുജറാത്തിലെ സൂറത്തിലും സമാനമായ സംഭവവികാസങ്ങള്‍ അരങ്ങേറിയിരുന്നു. നാമനിര്‍ദേശ പത്രിക തള്ളിയതിന് പിന്നാലെ സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന നിലേഷ് കുംഭാനി ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതിനെ തുടര്‍ന്ന് ആറ് വര്‍ഷത്തേക്ക് നിലേഷ് കുംഭാനിയെ പാര്‍ട്ടിയില്‍ നിന്ന് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി.
Content Highlight: BSP and SUCI block BJP’s try’s to reach Lok Sabha unopposed from Indore