| Friday, 20th September 2019, 2:23 pm

ബി.എസ്.എന്‍.എലിനെ തഴഞ്ഞ് വീണ്ടും കേന്ദ്രം; വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാങ്കേതിക പഠനസൗകര്യം മെച്ചപ്പെടുത്താന്‍ ജിയോയ്ക്ക് അവസരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാങ്കേതിക പഠനസൗകര്യം മെച്ചപ്പെടുത്താന്‍ റിലയന്‍സ് ജിയോയ്ക്ക് അവസരം നല്‍കി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം. 4 ജി അനുവദിക്കാതെയും പുതിയ പദ്ധതികളില്‍ ചേര്‍ക്കാതെയും ബി.എസ്.എന്‍.എല്ലിനെ ഒരിക്കല്‍ക്കൂടി തഴഞ്ഞിരിക്കുകയാണ് കേന്ദ്രം.

കേന്ദ്ര വകുപ്പിനു കീഴില്‍ നടപ്പാക്കുന്ന സാങ്കേതിക വിദ്യാഭ്യാസ ഗുണമേന്മാ വികസന പദ്ധതിയുടെ മൂന്നാം പാദത്തില്‍ റിലയന്‍സ് ജിയോയെ എംപാനല്‍ ചെയ്താണ് ജിയോയ്ക്ക് പ്രത്യേക ഇളവ് കേന്ദ്രം നല്‍കിയിരിക്കുന്നത്. ‘വൈഫൈ സംവിധാനമുള്ള ആധുനിക കാമ്പസ്’ എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മാനവ വിഭവശേഷി വികസന മന്ത്രാലയം ഉത്തരവില്‍ പറയുന്നുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജിയോക്ക് ബ്രാന്‍ഡിങ്ങ് അനുവദിക്കുന്നത് അടക്കം നിരവധി വ്യവസ്ഥകളുള്ള ഉത്തരവാണ് വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജിയോയുമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒപ്പിടാനുള്ള ധാരണാപത്രത്തിന്റെ മാതൃകയും ഉത്തരവില്‍ കാണിക്കുന്നുണ്ട്.

‘റിലയന്‍സ് ജിയോ’ എന്ന ബ്രാന്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്നാണ് കരാറില്‍പറയുന്ന മറ്റൊരു കാര്യം. ദിവസം ഒരു ജിബി ഡാറ്റ ലഭിക്കുന്ന 100 രൂപയുടെ പ്രതിമാസ പ്ലാനാണ് പദ്ധതി.

ഒരു വിദ്യാര്‍ഥിയുടെ കയ്യില്‍ നിന്നും 100 രൂപ വീതം പിരിക്കാനാണ് പദ്ധതിയില്‍ പറയുന്നത്. വൈദ്യുത ചിലവുകളും സ്ഥാപനം ഏറ്റെടുക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 4ജി ആന്റിന സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്.

കരാറില്‍ സ്ഥാപനവും ജിയോയും തമ്മിലുള്ള വ്യത്യസ്ത ഉടമ്പടികളും പറയുന്നുണ്ട്. ‘ടി.ഇ.ക്യു.ഐ.പി-3 വൈഫൈ പ്ലാന്‍’ എന്ന പേരില്‍ ആണ് പദ്ധതി സ്‌കൂളുകളില്‍ എത്തിക്കുന്നത്. ഇതിന് സ്ഥാപനവും ജിയോയും തമ്മില്‍ കരാറുണ്ടാക്കണം.

സ്ഥാപനം സ്വന്തം ചിലവില്‍ ജിയോയ്ക്ക് വൈദ്യുതി ലഭ്യമാക്കണം. വിദ്യാര്‍ഥികള്‍, ഫാക്കല്‍റ്റി,ജീവനക്കാര്‍ എന്നിവരുടെ വിവരം കൈമാറുകയും ഓരോ യൂസര്‍ക്കും നികുതിക്ക് പുറമെ 100 രൂപ വീതം മാസാവസാനം സ്ഥാപനം സമാഹരിച്ച് നല്‍കുകയും വേണം. 100 ലധികം വരുന്ന തുക ഉപഭോക്താവ് നേരിട്ട് ജിയോക്ക് നല്‍കണം. സാമഗ്രികള്‍ സൂക്ഷിക്കാനും ജിയോയുടെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് ഉപയോഗിക്കാനും വാടക ഈടാക്കാതെ സ്ഥലസൗകര്യം അനുവദിക്കണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കും നാഷണല്‍ നോളജ് നെറ്റ് വര്‍ക്കും തമ്മില്‍ ബന്ധിപ്പിക്കും. ജിയോയ്ക്ക് മറ്റുസേവനങ്ങളും സ്ഥാപനത്തിന് നല്‍കാം. ജിയോയുടെ സേവനം സുഗമമാക്കാന്‍ സ്ഥാപനം ഒരു നോഡല്‍ ഓഫീസറെയും ലിങ്ക് ഓഫീസറെയും വെക്കണമെന്നും
നിര്‍ദേശിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ കമ്പനിയെ സര്‍ക്കാര്‍ തന്നെ അവഗണിക്കുകയാണെന്നും പക്ഷപാതപരമായ സമീപനമാണ് കേന്ദ്രം ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്നും ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു. ബി.എസ്.എന്‍.എല്ലിനെ മാത്രമല്ല മറ്റു സ്വകാര്യ നെറ്റ് വര്‍ക്കുകളെയും പുതിയ പദ്ധതി ബാധിക്കുമെന്നും ഇവര്‍ പറയുന്നു.

”ജിയോയെ സംബന്ധിച്ച് വലിയ സൗകര്യമാണ് അവര്‍ക്ക് കിട്ടിയിരിക്കുന്നത്. വലിയ ചിലവുകളില്ലാതെ ഒറ്റയടിക്ക് ഒരു പാട് ഉപഭോക്താക്കളെ നേടാന്‍ ജിയോയ്ക്കാവും. സ്ഥാപന വാടകയില്ലാതെ ഓരോ യൂസറുടെ കയ്യില്‍ നിന്നും നികുതിയ്ക്കു പുറമെ 100 രൂപ വച്ച് ജിയോയ്ക്ക് ലഭ്യമാവുന്നതാണ് ഈ പദ്ധതി.

വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്ന ആന്റിനയുടെ ചിലവുമാത്രമാണ് റിലയന്‍സ് ജിയോയ്ക്ക് വരുന്നത്. പക്ഷപാതപരമായ സമീപനമാണ് കേന്ദ്രം ഈ വിഷയത്തില്‍ ബി.എസ്.എന്‍.എല്ലിനോട് കാണിച്ചിരിക്കുന്നത്.സര്‍ക്കാര്‍ കമ്പനിയെ സര്‍ക്കാര്‍ തന്നെ അവഗണിക്കുകയാണ്.

ചിലവുകള്‍ കേന്ദ്രസര്‍ക്കാര്‍ വഹിച്ചുകൊണ്ട് ജിയോ പോലുള്ള സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളെ ഉണ്ടാക്കി നല്‍കുന്ന പദ്ധതി വിദ്യാഭ്യാസ സംബദ്ധമായ മാറ്റങ്ങളല്ല ലക്ഷ്യം വയ്ക്കുന്നത്’ -കോഴിക്കോട് ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ സുരേഷ് ബാബു ഡൂള്‍ ന്യൂസിനോട് അഭിപ്രായപ്പെട്ടു.

ബി.എസ്.എന്‍.എല്ലിന് 4ജി അനുവദിക്കാനും കേന്ദ്രസര്‍ക്കാര്‍ വിമുഖത കാട്ടുകയാണ്. പുതിയ പദ്ധതിയിലൂടെയും കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങുകയാണ് കേന്ദ്രസര്‍ക്കാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.എസ്.എന്‍.എല്ലിനെ പുതിയ പദ്ധതിയില്‍ നിന്നും തഴഞ്ഞത് വിവേചനപരമാണെന്നും 4ജി നല്‍കേണ്ട കേന്ദ്രസര്‍ക്കാര്‍ അത് നല്‍കാതെ എങ്ങനെയാണ് നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ബി.എസ്.എന്‍.എല്‍ കോഴിക്കോട് തൊഴിലാളി യൂണിയന്‍ പ്രസിഡണ്ട് പുരുഷോത്തമന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘കേരളത്തിലെ സ്‌കൂളുകളില്‍ പദ്ധതി ഉടന്‍ നിലവില്‍ വരും. ‘ബി.എസ്.എന്‍.എല്ലിനെ പുതിയ പദ്ധതിയില്‍ നിന്നും തഴഞ്ഞത് വിവേചനപരമാണ്. 4ജി നല്‍കേണ്ട കേന്ദ്രസര്‍ക്കാര്‍ അത് നല്‍കാതെ എങ്ങനെയാണ് നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നത്. അത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതു കൊണ്ട് പുതിയ പദ്ധതികളും ബി.എസ്.എന്‍.എല്ലിന് നഷ്ടമാവുന്ന സാഹചര്യമാണുള്ളത്.’ – അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more