| Thursday, 14th May 2020, 3:54 pm

രഹ്ന ഫാത്തിമയെ ബി.എസ്.എന്‍.എല്‍ പിരിച്ചുവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ ബി.എസ്.എന്‍.എല്‍ പിരിച്ചുവിട്ടു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ടും ശബരിമലയില്‍ പ്രവേശിക്കുന്നതിനായി നടത്തിയ ശ്രമത്തിന്റെ പശ്ചാത്തലത്തിലും ഇവര്‍ക്കെതിരെ ബി.എസ്.എന്‍.എല്‍ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ 18 മാസമായി സസ്‌പെന്‍ഷനിലായിരുന്നു ഇവര്‍. തുടര്‍ നടപടിയായാണ് പിരിച്ചുവിടല്‍ ഉണ്ടായിരിക്കുന്നത്.

അച്ചടക്ക സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. രഹ്ന ഫാത്തിമ മതവികാരം വ്രണപ്പെടുത്തിയെന്നും സര്‍വീസ് ചട്ടം ലംഘിച്ചെന്നും സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

രഹ്ന ഫാത്തിമയുടെ പ്രവൃത്തികള്‍ ബി.എസ്.എന്‍.എല്ലിന്റെ അന്തസിനേയും വരുമാനത്തേയും ബാധിച്ചുവെന്നാണ് പിരിച്ചുവിടല്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം പിരിച്ചുവിടലിന് പിന്നിലെ കാരണം എന്തെന്ന് ബി.എസ്.എന്‍.എല്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

സുപ്രീം കോടതിയുടെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ പോയതിന്റെ പ്രതികാര നടപടിയായാണ് പിരിച്ചുവിടല്‍ എന്ന് രഹ്ന ഫാത്തിമ പ്രതികരിച്ചു. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അവര്‍ പറഞ്ഞു.

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായതിന് പിന്നാലെ 2018 ലായിരുന്നു രഹ്ന ഫാത്തിമയെ ബി.എസ്.എന്‍.എല്‍ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

ബി.എസ്.എന്‍.എല്ലില്‍ ടെലികോം ടെക്‌നീഷ്യനായിരുന്നു രഹ്ന ഫാത്തിമ. ശബരിമല ദര്‍ശനത്തിന് എത്തിയ സംഭവം വിവാദമായതിന് പിന്നാലെ ഇവരെ രവിപുരം ബ്രാഞ്ചില്‍ നിന്ന് പാലാരിവട്ടം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

ശബരിമല വിഷയത്തോട് അനുബന്ധിച്ച് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന പരാതിയിലായിരുന്നു നേരത്തെ രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണ മേനോനായിരുന്നു രഹ്ന ഫാത്തിമയക്കെതിരെ അന്ന് പരാതി നല്‍കിയത്.

ശബരിമലയില്‍ എല്ലാപ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാം എന്ന സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ചതോടെയാണ് രഹ്ന ഫാത്തിമ വിവാദത്തിലായത്.

തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോള്‍ ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം മലകയറാന്‍ രഹ്ന ഫാത്തിമയും എത്തിയിരുന്നു. പൊലീസ് ഇവര്‍ക്ക് സംരക്ഷണമൊരുക്കിയിരുന്നെങ്കിലും പതിനെട്ടാംപടിക്കു മുന്നിലെ നടപ്പന്തലില്‍ പ്രതിഷേധക്കാര്‍ ഇവരെ തടഞ്ഞു. പ്രതിഷേധം ശക്തമായപ്പോള്‍ പതിനെട്ടാംപടി കയറാതെ ഇരുവരും മടങ്ങുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more