തിരുവനന്തപുരം: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ ബി.എസ്.എന്‍.എല്‍ പിരിച്ചുവിട്ടു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ടും ശബരിമലയില്‍ പ്രവേശിക്കുന്നതിനായി നടത്തിയ ശ്രമത്തിന്റെ പശ്ചാത്തലത്തിലും ഇവര്‍ക്കെതിരെ ബി.എസ്.എന്‍.എല്‍ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ 18 മാസമായി സസ്‌പെന്‍ഷനിലായിരുന്നു ഇവര്‍. തുടര്‍ നടപടിയായാണ് പിരിച്ചുവിടല്‍ ഉണ്ടായിരിക്കുന്നത്.
അച്ചടക്ക സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. രഹ്ന ഫാത്തിമ മതവികാരം വ്രണപ്പെടുത്തിയെന്നും സര്‍വീസ് ചട്ടം ലംഘിച്ചെന്നും സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
രഹ്ന ഫാത്തിമയുടെ പ്രവൃത്തികള്‍ ബി.എസ്.എന്‍.എല്ലിന്റെ അന്തസിനേയും വരുമാനത്തേയും ബാധിച്ചുവെന്നാണ് പിരിച്ചുവിടല്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം പിരിച്ചുവിടലിന് പിന്നിലെ കാരണം എന്തെന്ന് ബി.എസ്.എന്‍.എല്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
സുപ്രീം കോടതിയുടെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ പോയതിന്റെ പ്രതികാര നടപടിയായാണ് പിരിച്ചുവിടല്‍ എന്ന് രഹ്ന ഫാത്തിമ പ്രതികരിച്ചു. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അവര്‍ പറഞ്ഞു.
മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായതിന് പിന്നാലെ 2018 ലായിരുന്നു രഹ്ന ഫാത്തിമയെ ബി.എസ്.എന്‍.എല്‍ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
ബി.എസ്.എന്‍.എല്ലില്‍ ടെലികോം ടെക്‌നീഷ്യനായിരുന്നു രഹ്ന ഫാത്തിമ. ശബരിമല ദര്‍ശനത്തിന് എത്തിയ സംഭവം വിവാദമായതിന് പിന്നാലെ ഇവരെ രവിപുരം ബ്രാഞ്ചില്‍ നിന്ന് പാലാരിവട്ടം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.